Amaran box office: തിയറ്ററില്‍ ‘ശിവ താണ്ഡവം’, പത്ത് ദിവസംകൊണ്ട് 200 കോടി ക്ലബിലെത്തി അമരൻ
‘Amaran’ Box Office Collections : പത്ത് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 200 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ബോക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശിവ കാർത്തികേയൻ- സായ് പല്ലവി ചിത്രം അമരൻ. പത്ത് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 200 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ഭീകരർക്കെതിരെ പോരാടി വീരമൃത്യു വരിച്ച മലയാളി സൈനികൻ മേജർ മുകുന്ദ് വരദരാജിൻ്റെ ജീവിത കഥയാണ് ചിത്രത്തിൽ പറയുന്നത്. കഴിഞ്ഞ മാസം 31നാണ് ദീപാവലിയോടനുബന്ധിച്ചാണ് ചിത്രം തീയറ്ററിൽ എത്തിയത്. റിലീസ് ചെയ്ത് ആദ്യദിനം തന്നെ 21.4 കോടി കളക്ഷൻ നേടിയിരുന്നു. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം തമിഴ്നാട്ടിൽമാത്രം 136.75 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്. പത്താംദിനം 14.50 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
From Battle Field to Box Office!#Amaran Hits 200 crores theatrical gross in 10 days #StrongerTogether#AmaranMajorSuccess #MajorMukundVaradarajan #KamalHaasan #Sivakarthikeyan #SaiPallavi #RajkumarPeriasamy
A Film By @Rajkumar_KP@ikamalhaasan @Siva_Kartikeyan #Mahendran… pic.twitter.com/dWC2oUhJnt
— Raaj Kamal Films International (@RKFI) November 9, 2024
കമൽഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റബേക്കയുടെയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്. യുദ്ധമുഖത്തുനിന്ന് ബോക്സോഫീസിലേക്ക് എന്നാണ് ചിത്രത്തിന്റെ നേട്ടം അറിയിച്ചുകൊണ്ട് നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതോടെ നടൻ ശിവ കാർത്തികേയന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയംകൂടിയാവുകയാണ് ചിത്രം.
അതേസമയം ചിത്രം മുസ്ലീങ്ങളെയും കശ്മീരികളെയും “നിഷേധാത്മകമായി” ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും (എസ്ഡിപിഐ) മറ്റ് സംഘടനകളും എതിർപ്പ് ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ‘അമരൻ’ ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ഓഫീസിന് പുറത്ത് ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.