Amala Paul : ‘എനിക്കിഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്; അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായിരിക്കാം’; വിവാദങ്ങളോട് പ്രതികരിച്ച് അമല പോൾ
Amala Paul Responds To The Controversies : വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് നടി അമല പോൾ. കൊച്ചി സെൻ്റ് ആൽബർട്ട്സ് കോളജിൽ ലെവൽ ക്രോസ് എന്ന തൻ്റെ സിനിമയുടെ പ്രമോഷനെത്തിയ താരത്തിൻ്റെ വസ്ത്രധാരണത്തെ ക്രിസ്ത്യൻ സംഘടനയായ കാസ അധിക്ഷേപിച്ചിരുന്നു.
കൊച്ചി സെൻ്റ് ആൽബർട്ട്സ് കോളജിൽ സിനിമാ പ്രമോഷനെത്തിയ തൻ്റെ വസ്ത്രത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് നടി അമല പോൾ (Amala Paul). തനിക്കിഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചതെന്നും അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായിരിക്കാമെന്നും അമല പറഞ്ഞു. ഉടൻ പുറത്തിറങ്ങുന്ന ലെവൽ ക്രോസ് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് അമലയുടെ പ്രതികരണം.
താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ല എന്ന് അമല പോൾ പറഞ്ഞു. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് അതൊരു മോശം വസ്ത്രമാണെന്ന് തോന്നിയില്ല. അതെങ്ങനെ പുറത്ത് പ്രദർശിക്കപ്പെട്ടു എന്നത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ തനിക്ക് ഒന്നും ചെയ്യാനാവില്ല. എങ്ങനെ ഷൂട്ട് ചെയ്യണമെന്നതോ അതെങ്ങനെ പ്രദർശിപ്പിക്കണമെന്നതോ തൻ്റെ നിയന്ത്രണത്തിലല്ല. ചിലപ്പോൾ ഷൂട്ട് ചെയ്ത രീതി അനുചിതമായിട്ടുണ്ടാവും. നിങ്ങൾ നിങ്ങളായിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് തനിക്ക് വിദ്യാർത്ഥികളോട് പറയാനുള്ളത്. തനിക്ക് ഇഷ്ടമുള്ളതാണ് താൻ ധരിച്ചത് എന്നും അമല പോൾ പറഞ്ഞു.
ക്രിസ്ത്യൻ സംഘടനയായ കാസയാണ് അമല പോളിനെ അധിക്ഷേപിച്ച് രംഗത്തുവന്നത്. ലെവൽ ക്രോസ് എന്ന തൻ്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചി സെൻ്റ് ആൽബർട്ട്സ് കോളജിൽ അമല പോൾ എത്തിയിരുന്നു. ഈ പരിപാടിയിൽ അമല പോൾ ധരിച്ചിരുന്ന വസ്ത്രവുമായി ബന്ധപ്പെട്ടായിരുന്നു കാസയുടെ അധിക്ഷേപം.
പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യൻ മാനേജ്മെൻ്റ് കോളജിലേക്കായിരുന്നു. അല്ലാതെ മുംബൈയിലെ ഡാൻസ് ബാറിൻ്റെ ഉദ്ഘാടനത്തിനായിരുന്നില്ല എന്ന് കാസ ഫേസ്ബുക്കിൽ കുറിച്ചു. അല്പമെങ്കിലും ഉളുപ്പുണ്ടായിരുന്നെങ്കിൽ സദസിൻ്റെ മുൻനിരയിലുണ്ടായിരുന്ന വൈദികർ എഴുന്നേറ്റ് പോകേണ്ടതായിരുന്നു എന്നും കാസ കുറിച്ചു.
ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ലെവൽ ക്രോസ്. ചിത്രം ഈ മാസം 26ന് തീയറ്ററുകളിലെത്തും. ജീത്തു ജോസഫിൻ്റെ സംവിധാന സഹായി ആയിരുന്ന അർഫാസ് അയൂബ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധാനത്തോടൊപ്പം ചിത്രത്തിൻ്റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് എഡിറ്റിംഗ്.