Pushpa 2 Stampede : പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; നടൻ അല്ലു അർജുനെ പോലീസ് ചോദ്യം ചെയ്യും; നാളെ ഹാജരാകണം
Notice to Allu Arjun on Pushpa 2 Stampede: ചൊവ്വാഴ്ച രാവിലെ 11ന് ചിക്കട്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ വേണ്ടിയാണ് നോട്ടീസിൽ പറയുന്നത്. അപകടവുമായി ബന്ധപ്പെട്ട് താരത്തെ ഹൈദരാബാദ് പോലീസ് ചോദ്യം ചെയ്യും. ഇതിന്റെ നോട്ടീസ് പോലീസ് വീട്ടിലെത്തിയാണ് താരത്തിന് കൈമാറിയത്.
ഹൈദരാബാദ്: പുഷ്പ -2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ഹൈദരാബാദ് പോലീസിന്റെ നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 11ന് ചിക്കട്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ വേണ്ടിയാണ് നോട്ടീസിൽ പറയുന്നത്. അപകടവുമായി ബന്ധപ്പെട്ട് താരത്തെ ഹൈദരാബാദ് പോലീസ് ചോദ്യം ചെയ്യും. ഇതിന്റെ നോട്ടീസ് പോലീസ് വീട്ടിലെത്തിയാണ് താരത്തിന് കൈമാറിയത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് അല്ലു അർജുൻ പറഞ്ഞതായാണ് റിപ്പോർട്ട്. അല്ലുവിന്റെ വീട്ടിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. അഭിഭാഷകർ വീട്ടിലെത്തി താരവുമായി സംസാരിക്കുന്നുണ്ടെന്നാണ് സൂചന.
അതേസമയം താരത്തിന്റെ വീടിന് നേരെ ഇന്നും അക്രമം നടന്നതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് മക്കളായ അല്ലു അര്‍ഹയെയും അല്ലു അയാനെയും ഹൈദരാബാദിലെ വീട്ടില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ബെന്‍സ് കാറില്‍ മക്കളെ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മക്കള്‍ രണ്ടുപേരും കുടുംബാംഗങ്ങള്‍ക്കൊപ്പം കാറില്‍ കയറുകയും വീട്ടുപരിസരത്തുനിന്ന് പുറപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്.
Allu Arjun’s kids (Arha & Ayaan) whisked away from the house after attacks today! pic.twitter.com/iu5N5UFZ3Q
— idlebrain.com (@idlebraindotcom) December 22, 2024
ഡിസംബർ 4നാണ് പുഷ്പ 2: ദി റൂൾ പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ താരം എത്തിയത്. ഈ സമയത്ത് ആരാധകർക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിനാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരേ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. ഹൈദരാബാദിലുള്ള താരത്തിന്റെ വീട്ടിന് നേരെയാണ് ഞായറാഴ്ച വൈകിട്ട് ആക്രണം ഉണ്ടായത്. ഒരു കൂട്ടം യുവാക്കള്‍ വീട്ടിനകത്ത് കയറി ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവം നടക്കുമ്പോൾ അല്ലു വീട്ടിലുണ്ടായിരുന്നില്ല. പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രവാക്യം മുഴക്കിയാണ് അക്രമികൾ ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു.
എന്നാൽ താരത്തിനെതിരെ കൂടുതൽ തെളിവുകളുമായി തെലങ്കാന പൊലീസ് രംഗത്ത് എത്തിയിരുന്നു. തിരക്ക് നിയന്ത്രണാതീതമാണെന്നും സംഭവത്തിൽ ഒരാൾ മരിച്ചെന്നും താരത്തിനെ അറിയിച്ചിട്ടും തിയേറ്റർ വിടാൻ തയ്യാറായില്ലെന്നാണ് ആരോപണം. അർധരാത്രി വരെ അല്ലു അർജുൻ തിയേറ്ററിൽ തന്നെ തുടർന്നുവെന്നും പോലീസ് പറയുന്നു. വാർത്താ സമ്മേളനത്തിനിടെയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളുടക്കം പോലീസ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിട്ടുണ്ട്. തീയറ്ററിനു പുറത്തുപോകുമ്പോൾ ആളുകളെ കാണരുതെന്ന നിർദേശവും താരം പാലിച്ചില്ലെന്ന് പോലീസ് ആരോപിച്ചിരുന്നു.അപകടത്തിനു ശേഷവും നടൻ കാണികളെ അഭിവാദ്യം ചെയ്യുന്നതും പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്.