Pushpa 2: കത്തിക്കയറി പുഷ്പ 2, മുന്നിലുള്ളത് 2000 കോടി കളക്ഷൻ എന്ന കടമ്പ: മൂന്നാം ശനിയാഴ്ച മാത്രം നേടിയത് 25 കോടി
Pushpa 2 Third Week Box Office Collection: ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഇന്ത്യയിൽ ശനിയാഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയത്. നോർത്ത് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത് 20 കോടി രൂപയാണ്. കൂടാതെ, തെലുങ്ക് പതിപ്പ് 4.32 കോടിയും സ്വന്തമാക്കി.
വിവാദങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ കുതിച്ചുകയറി പുഷ്പ 2. ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തിയ ചിത്രം മൂന്നാം വാരം പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. തീയറ്ററുകളിൽ എത്തിയ ശേഷമുള്ള മൂന്നാം ശനിയാഴ്ച മാത്രം ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത് 25 കോടി രൂപയാണ്.
മൂന്നാം ആഴ്ചയിലെ കളക്ഷൻ കൂടിയായപ്പോൾ പുഷ്പ 2 ഇതുവരെ നേടിയത് 1029.9 കോടി രൂപയാണ്. ചിത്രം റിലീസായിട്ട് 17 ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നതാണ് ശ്രദ്ധേയം. കളക്ഷനിൽ ആകെ 74.83 ശതമാനം വർദ്ധനവ് ചിത്രം ഉണ്ടാക്കിയതായാണ് ഇൻഡസ്ട്രി ട്രാക്കർമാരുടെ വിലയിരുത്തൽ. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഇന്ത്യയിൽ ശനിയാഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയത്. നോർത്ത് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത് 20 കോടി രൂപയാണ്. കൂടാതെ, തെലുങ്ക് പതിപ്പ് 4.32 കോടിയും സ്വന്തമാക്കി.
നിലവിൽ ബോക്സ് ഓഫീസ് കളക്ഷനിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഹിന്ദി ചിത്രം പുഷ്പ 2 ആണ്. ഇനി 2000 കോടി കളക്ഷൻ എന്ന കടമ്പയാണ് ചിത്രത്തിന് മുന്നിൽ ഉള്ളത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമായി പുഷ്പ 2 മാറും. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ എന്ന റെക്കോർഡ് നിലവിൽ അമീർ ഖാൻ നായകനായ ‘ദംഗൽ’ എന്ന ചിത്രത്തിനാണ്. ദംഗലിന്റെ ആഗോള ബോക്സ് ഓഫീസ് കളക്‌ഷൻ 2,024 കോടിയാണ്.
അതേസമയം, പുഷ്പ 2 അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം 100 കോടി കളക്ഷൻ നേടിയിരുന്നു. അതിന് പുറമെ, പ്രീമിയർ ഷോകളിലൂടെ 10 കോടിയും സ്വന്തമാക്കി. പുഷ്പ 2 ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 175.1 കോടി കളക്‌ഷൻ നേടി. ആഗോളതലത്തിൽ നേടിയ 100 കോടി കൂടി ചേർത്താൽ, ചിത്രം ആദ്യ ദിവസം സ്വന്തമാക്കിയത് 250 കോടി രൂപയുടെ കളക്ഷൻ ആണ്. കേരളത്തിൽ നിന്ന് 6.35 കോടിയും ചിത്രം നേടി. ‘ആർആർആർ’, ‘ബാഹുബലി’, ‘കെജിഎഫ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഓപ്പണിങ് കളക്ഷൻ റെക്കോർഡും പുഷപ 2 മറികടന്നു. ലോകമെമ്പാടുമായി 12,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ALSO READ: അല്ലു അർജുന്റെ വീടിന് നേരേ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍
പുഷ്പ 2 നോർത്ത് ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം നേടിയത് 72 കോടിയാണ്. ഇന്നേവരെ ഒരു ഹിന്ദി സിനിമയും നേടാത്ത ഓപ്പണിങ് കളക്ഷൻ എന്ന റെക്കോർഡാണ് പുഷ്പ സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്റെ ചിത്രം ‘ജവാൻ’ ആയിരുന്നു അതുവരെ ആദ്യ ദിന കളക്ഷനിൽ മുന്നിൽ ഉണ്ടായിരുന്ന ഹിന്ദി ചിത്രം. ജവാന്റെ ആദ്യ ദിന കളക്‌ഷൻ 65.50 കോടി രൂപയാണ്. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് 55.40 കോടിയുമായി ‘സ്ത്രീ 2’ ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇതെല്ലാം മറികടന്ന് പുഷ്പ 2 മുന്നേറുകയായിരുന്നു.
സുകുമാർ ബന്ദ്റെഡ്ഡി സംവിധാനം ചെയ്ത പുഷ്പ 2 നിർമിച്ചത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. അല്ലു അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതും സംവിധായകൻ സുകുമാർ ബന്ദ്റെഡ്ഡി തന്നെയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം.