Pushpa 2 Theater Print: പുഷ്പ 2 സിനിമയുടെ വ്യാജൻ യൂട്യൂബിൽ; അപ്ലോഡ് ചെയ്യപ്പെട്ടത് തീയറ്റർ പതിപ്പ്
Pushpa 2 Movie Theater Print on Youtube: 'പുഷ്പ 2: ദി റൂൾ' റിലീസായി ഇന്ന് അഞ്ച് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 950 കോടി രൂപയാണ്.
അല്ലു അർജുൻ നായകനായ പാൻ ഇന്ത്യ ചിത്രം പുഷ്പ 2-വിന്റെ വ്യാജ പതിപ്പ് യൂട്യൂബിൽ. GOATZZZ എന്ന അക്കൗണ്ടിലൂടെ അപ്ലോഡ് ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ ഹിന്ദി ഭാഷയിൽ ഉള്ള തീയറ്റർ പതിപ്പാണ്. ഡിസംബർ അഞ്ചിന് റീലീസായ ചിത്രം അഞ്ച് ദിവസങ്ങൾ കൊണ്ട് തന്നെ ആയിരം കോടി രൂപയോളം കളക്ഷൻ ആണ് സ്വന്തമാക്കിയത്. അതിനിടെയാണ്, ചിത്രത്തിന്റെ വ്യാജൻ പുറത്തിറങ്ങിയത്.
അതേസമയം, ‘പുഷ്പ 2: ദി റൂൾ’ റിലീസായി ഏതാനും മണിക്കൂറുകൾക്കകം തന്നെ സിനിമയുടെ വ്യാജപതിപ്പ് പുറത്തു വന്നിരുന്നു. തമിഴ് റോക്കേഴ്സ്, മൂവി റൂൾസ്, ഫിലിംസില, തമിഴ് യോഗി എന്നിവയുൾപ്പടെയുള്ള ടോറന്റ് പ്ലാറ്റ്‌ഫോമുകളിലായി 1080p, 720p, 480p, 360p, 240p എന്നിങ്ങനെ വിവിധ ക്വാളിറ്റികളിൽ സിനിമയുടെ വ്യാജൻ ലഭ്യമായിരുന്നു. വിഷയത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിന് പിന്നാലെയാണ്, ഇപ്പോൾ തീയറ്റർ പ്രിന്റ് യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ടത്.
ഇത്രയേറെ വ്യാജ പതിപ്പുകൾ പുറത്തുവന്നിട്ടും 500 കോടി രൂപ മുടക്കി നിർമിച്ച ഈ ചിത്രത്തിന്റെ കളക്ഷനെ ഇത് ബാധിച്ചില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. റിലീസായി ഇന്ന് അഞ്ച് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 950 കോടി രൂപയാണ്. വ്യാജ പതിപ്പുകൾ വന്നെങ്കിലും, പ്രേക്ഷകരെ സിനിമ തീയറ്ററിൽ പോയി കാണുന്നതിൽ നിന്നും പിന്മാറാൻ അത് പ്രേരിപ്പിച്ചില്ലെന്ന് സാരം.
സുകുമാർ ബന്ദ്റെഡ്ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ നിർമാണം മൈത്രി മൂവി മേക്കേഴ്‌സ് ആണ്. അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ALSO READ: റിലീസായിട്ട് മണിക്കൂറുകൾ മാത്രം; പുഷ്പ 2: ദ റൂളിന്റെ ഹൈ ക്വാളിറ്റി വ്യാജൻ പുറത്ത്
പല വമ്പൻ സിനിമകളുടെയും റെക്കോർഡുകൾ പൊളിച്ചെഴുതിയ ചിത്രം കൂടിയാണ് ‘പുഷ്പ 2: ദ റൂൾ’. ചിത്രം ആദ്യ ദിനം മാത്രം ബോക്സ് ഓഫീസിൽ നേടിയത് 72 കോടി രൂപയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഷാരൂഖ് ഖാന്റെ ‘ജവാൻ’, ശ്രദ്ധ കപൂറിന്റെ ‘സ്ത്രീ 2’, രൺബീർ കപൂറിന്റെ ‘അനിമൽ’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ ഓപ്പണിങ് കളക്ഷൻ റെക്കോർഡ് ആണ് ഈ ചിത്രം മറികടന്നത്.
അഡ്വാൻസ് ബുക്കിംഗിലൂടെ തന്നെ ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇതിനു പുറമെ പ്രീമിയർ ഷോകളിലൂടെ 10 കോടിയും നേടിയിരുന്നു. ചിത്രം ആദ്യ ദിവസം ആഗോള തലത്തിൽ നേടിയത് 250 കോടി കളക്ഷൻ ആണ്. ഇതോടെ ആർആർആർ, ബാഹുബലി, കെ.ജി.എഫ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളെയും പുഷ്പ 2 പിന്നിലാക്കി.