Allu Arjun : രണ്ടുമണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യൽ; ഉത്തരംമുട്ടി അല്ലു അർജുൻ; വൻ പോലീസ് സന്നാഹം
Allu Arjun Stampede Case: നേരത്തേ പോലീസ് സംഘം പുറത്തുവിട്ട, സന്ധ്യ തിയറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യംചെയ്യലിനിടെ അല്ലു അർജുന് മുന്നില്‍ പ്രദർശിപ്പിച്ചു. എന്നാൽ ഇതിനൊന്നും താരത്തിൽ നിന്ന് ഉത്തരം ലഭിച്ചിരുന്നില്ല.
ഹൈദരാബാദ്: പുഷ്പ -2 പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പോലീസ്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും ചോദ്യങ്ങളോട് താരം പ്രതികരിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ചോദിച്ച പ്രധാന ചോദ്യങ്ങളോടെല്ലാം മൗനം മാത്രമായിരുന്നു താരത്തിന്റെ മറുപടി. ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന സംഘമാണ് ചോദ്യം ചെയ്തത്. ചിക്കഡപ്പള്ളി പോലീസ് സ്റ്റേഷനിലാണ് ചൊവാഴ്ച രാവിലെ 11 മണിയോടെ താരം ചോദ്യം ചെയ്യലിന് ഹാജരായത്. സ്റ്റേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്. ആരാധകരുടെ വലിയ നിര പ്രദേശത്ത് തമ്പടിച്ചിരുന്നു.
രണ്ടു മണിക്കൂർ നീണ്ട് നിന്ന ചോദ്യം ചെയ്യലിൽ അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയ്ക്കായി എന്തിന് തിയേറ്ററിൽ പോയി, സ്വകാര്യ സുരക്ഷ സംഘം ജനങ്ങളെ മർദിച്ചിട്ടും എന്തുകൊണ്ട് ഇടപെട്ടില്ല, എപ്പോഴാണ് യുവതിയുടെ മരണവിവരം അറിഞ്ഞത്, മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയത് പരസ്പര വിരുദ്ധമായ പ്രസ്താവനകളല്ലേ എന്നിവയായിരുന്നു അല്ലു നേരിട്ട പ്രധാന ചോദ്യങ്ങൾ. നേരത്തേ പോലീസ് സംഘം പുറത്തുവിട്ട, സന്ധ്യ തിയറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യംചെയ്യലിനിടെ അല്ലു അർജുന് മുന്നില്‍ പ്രദർശിപ്പിച്ചു. എന്നാൽ ഇതിനൊന്നും താരത്തിൽ നിന്ന് ഉത്തരം ലഭിച്ചിരുന്നില്ല.
Also Read: അല്ലു അർജുൻ്റെ ജാമ്യം റദ്ദാക്കും ? ഹൈദരാബാദ് പോലീസിൻ്റെ തീരുമാനം
ഡിസംബർ 4 നാണ് താരത്തിന്റെ പുതിയ ചിത്രമായ പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13-നാണ് അല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിനാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.
#WATCH | Telangana: Actor Allu Arjun reaches Chikkadpally police station in Hyderabad to appear before the police in connection with Sandhya theatre incident. pic.twitter.com/5ldY8z20Xu
— ANI (@ANI) December 24, 2024
എന്നാൽ താരത്തിനെതിരെ കൂടുതൽ തെളിവുകളുമായി കഴിഞ്ഞ ദിവസം തെലങ്കാന പൊലീസ് രംഗത്ത് എത്തിയിരുന്നു. തിരക്ക് നിയന്ത്രണാതീതമാണെന്നും സംഭവത്തിൽ ഒരാൾ മരിച്ചെന്നും താരത്തിനെ അറിയിച്ചിട്ടും തിയേറ്റർ വിടാൻ തയ്യാറായില്ലെന്നാണ് പോലീസ് കണ്ടെത്തിയത് . അർധരാത്രി വരെ അല്ലു അർജുൻ തിയേറ്ററിൽ തന്നെ തുടർന്നുവെന്നും പോലീസ് പറയുന്നു. വാർത്താ സമ്മേളനത്തിനിടെയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം താരത്തിനെതിരെ ഹൈദരാബാദ് പോലീസ് ചോദ്യം ചെയ്യൽ നോട്ടീസ് ഇറക്കിയത്. നോട്ടീസ് പോലീസ് വീട്ടിലെത്തിയാണ് താരത്തിന് കൈമാറിയത്.