5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Allu Arjun: ‘തെറ്റായ വിവരങ്ങൾ എല്ലായിടത്തും പ്രചരിക്കുന്നു, ഇത് വ്യക്തിഹത്യ ആണ്, ഞാൻ ഒരു റോഡ് ഷോയും നടത്തിയിട്ടില്ല’: അല്ലു അർജുൻ

Allu Arjun Response on Rumors Regarding Stampede Incident: പോലീസ് അനുമതി നിഷേധിച്ചിട്ടും ഡിസംബർ 4-ന് അല്ലു അർജുൻ സന്ധ്യ തീയറ്ററിൽ നടന്ന പുഷ്പ 2 പ്രീമിയർ ഷോയിൽ പങ്കെടുക്കുകയായിരുന്നു എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി ആരോപിച്ചിരുന്നു.

Allu Arjun: ‘തെറ്റായ വിവരങ്ങൾ എല്ലായിടത്തും പ്രചരിക്കുന്നു, ഇത് വ്യക്തിഹത്യ ആണ്, ഞാൻ ഒരു റോഡ് ഷോയും നടത്തിയിട്ടില്ല’: അല്ലു അർജുൻ
നടൻ അല്ലു അർജുൻ മാധ്യമങ്ങളെ കാണുന്നു Image Credit source: PTI
nandha-das
Nandha Das | Updated On: 21 Dec 2024 23:36 PM

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടി നൽകി നടൻ അല്ലു അർജുൻ. തെറ്റായ വിവരങ്ങൾ ആണ് പ്രചരിക്കുന്നതെന്നും, തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും നടൻ പ്രതികരിച്ചു. താൻ ഒരു രാഷ്ട്രീയ നേതാവിനെയും, പാർട്ടിയെയും കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും നടൻ പറഞ്ഞു.

“ഒരുപാട് തെറ്റായ വിവരങ്ങൾ എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. ഞാൻ ഒരു രാഷ്ട്രീയ നേതാവിനെയും, പാർട്ടിയെയും അല്ലെങ്കിൽ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ ഈ ആരോപണങ്ങൾ വ്യക്തിഹത്യ ആണ്, അപമാനിക്കപ്പെടുന്ന പോലെ ആണ് എനിക്ക് തോന്നുന്നത്. ദയവ് ചെയ്ത് നിങ്ങൾ എന്നെ വിലയിരുത്തരുത്. അന്ന് ഉണ്ടായ സംഭവത്തിൽ ഞാൻ വീണ്ടും മാപ്പ് ചോദിക്കുന്നു.” അല്ലു അർജുൻ മാധ്യമങ്ങളോട് പറഞ്ഞു.

“തീയറ്റർ മാനേജ്‌മന്റ് ആണ് അനുവാദം വാങ്ങിയത്. പോലീസ് വഴിയൊരുക്കിയതോടെയാണ് ഞാൻ തീയേറ്ററിന് അകത്തേക്ക് പ്രവേശിച്ചത്. ഞാൻ നിയമം അനുസരിക്കുന്ന പൗരനാണ്. അനുമതിയില്ലെന്ന് അറിയിച്ചിരുന്നെങ്കിൽ ഞാൻ തിരികെ പോകുമായിരുന്നു. ഞാനൊരു റോഡ് ഷോയും നടത്തിയിട്ടില്ല. ഒരു പോലീസുകാരനും എന്നോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടിട്ടില്ല. നിയന്ത്രിക്കാൻ കഴിയാത്തത്ര ആൾകൂട്ടം ഉണ്ടെന്നും അവിടെ നിന്ന് പോകണമെന്നും എന്നോട് പറഞ്ഞത് എന്റെ മാനേജർ ആണ്” അല്ലു അർജുൻ വ്യക്തമാക്കി.

പോലീസ് അനുമതി നിഷേധിച്ചിട്ടും ഡിസംബർ 4-ന് അല്ലു അർജുൻ സന്ധ്യ തീയറ്ററിൽ നടന്ന പുഷ്പ 2 പ്രീമിയർ ഷോയിൽ പങ്കെടുക്കുകയായിരുന്നു എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് നടന്റെ പ്രതികരണം. അപ്രതീക്ഷിതമായി അല്ലു അർജുൻ തീയറ്ററിൽ എത്തിയതിനെ തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന യുവതി മരണപ്പെട്ടത്. ഇവരുടെ ഒമ്പത് വയസുള്ള മകൻ ഗുരുതര പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ അപകടം; ഒൻപത് വയസുകാരന്റെ നില അതീവ ഗുരുതരം

തീയേറ്ററിലേക്ക് വരുമ്പോഴും, അവിടെ നിന്ന് പുറത്തേക്ക് പോകുമ്പോഴും അല്ലു അർജുൻ തന്റെ കാറിന്റെ സൺറൂഫിലൂടെ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നുവെന്നും, നടനെ കാണാനായി ആരാധകർ തിക്കും തിരക്കും കൂട്ടിയതോടെയാണ് അപകടം ഉണ്ടായതെന്നും രേവന്ത് റെഡ്‌ഡി വ്യക്തമാക്കിയിരുന്നു. യുവതിയുടെ മരണശേഷവും തീയറ്ററിൽ നിന്നും മടങ്ങാതിരുന്ന അല്ലു അർജുനെ പോലീസ് നിർബന്ധിച്ചാണ് പുറത്തിറക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കൂടാതെ, എ.ഐ.എം.ഐ.എം എംഎൽഎ അക്ബറുദീൻ ഉവൈസിയും അല്ലു അർജുനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ദാരുണ സംഭവത്തിൽ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് എംഎൽഎ പറഞ്ഞിരുന്നു. ഇക്കാര്യം നടനെ അറിയിച്ചപ്പോൾ ‘ഇനി എന്തായാലും സിനിമ ഹിറ്റ് ആയിക്കോളും’ എന്നായിരുന്നു നടന്റെ പ്രതികരണം എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഡിസംബർ 4-നാണ് സന്ധ്യ തീയറ്ററിൽ വെച്ച് ഈ ദാരുണ സംഭവം ഉണ്ടായത്. സംഭവത്തിൽ നടൻ അല്ലു അർജുനെയും, തീയറ്റർ ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

Latest News