5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Allu Arjun Interim Bail : അല്ലു അർജുന് താത്കാലികാശ്വാസം; ഇടക്കാല ജാമ്യം നൽകി തെലങ്കാന ഹൈക്കോടതി

Allu Arjun Gets Interim Bail : നാമ്പള്ളി കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടി നടൻ അല്ലു അർജുൻ. പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് ജാമ്യം ലഭിച്ചത്.

Allu Arjun Interim Bail : അല്ലു അർജുന് താത്കാലികാശ്വാസം; ഇടക്കാല ജാമ്യം നൽകി തെലങ്കാന ഹൈക്കോടതി
അല്ലു അർജുൻ (Image Credits -PTI)
abdul-basith
Abdul Basith | Updated On: 13 Dec 2024 18:10 PM

അല്ലു അർജുന് താത്കാലികാശ്വാസം. പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ പതിനാല് ദിവസത്തേക്ക് നാമ്പള്ളി കോടതി റിമാൻഡ് ചെയ്തിരുന്നു. അല്ലു അർജുൻ്റെ ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. പിന്നാലെ അല്ലു അർജുൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് താരത്തിന് ഇടക്കാല ജാമ്യം നൽകിയത്.

ജൂബിലെ ഹിൽസിലുള്ള വസതിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് അല്ലു അർജുൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈദരാബാദ് പോലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് നടനെ അറസ്റ്റ് ചെയ്തത്. നടൻ്റെ അറസ്റ്റിനിടെ അദ്ദേഹത്തിൻ്റെ വീടിന് മുന്നിലും പോലീസ് സ്റ്റേഷന് മുന്നിലും നിരവധി പേർ പ്രതിഷേധവുമായി എത്തിയിരുന്നു.

ഭർത്താവിനും രണ്ട് ആണ്മക്കൾക്കുമൊപ്പം ഹൈദരാബാദിലെ സന്ധ്യാ തീയറ്ററിൽ പുഷ്പ 2 കാണാനെത്തിയ രേവതി എന്ന യുവതിയ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിന് ശേഷം നടന്ന ഷോയിൽ അല്ലു അർജുൻ സിനിമ കാണാനെത്തിയിരുന്നു. ഇതോടെ സിനിമ കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുന്നതിനിടെ ആൾക്കൂട്ടം തീയറ്ററിലേക്ക് ഇരച്ചുകയറി. രാത്രി പത്തരയോടെ സിനിമ കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്ന രേവതിയ്ക്ക് ഈ തിരക്കിനിടെ പരിക്കേൽക്കുകയായിരുന്നു. തിരക്കിടെയുണ്ടായ സംഘർഷത്തിൽ പെട്ട രേവതി ശ്വാസം മുട്ടി തളർന്നുവീഴുകയായിരുന്നു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ സംഭവത്തിൽ അല്ലു അർജുനും സന്ധ്യ തീയറ്ററിലെ ജീവനക്കാർക്കുമെതിരെ പോലീസ് കേസേടുത്തു. ജീവനക്കാർ നേരത്തെ അറസ്റ്റിലായിരുന്നു.

Also Read : Allu Arjun Remanded: അല്ലു അർജുൻ ജയിലിലേക്ക്? കേസ് റദ്ദാക്കണമെന്ന ഹർജിയും ഹൈക്കോടതി തള്ളി; 14 ദിവസത്തേക്ക് റിമാൻഡിൽ

മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നും മറ്റ് എന്ത് സഹായം നൽകാനും താൻ തയ്യാറാണെന്നും അല്ലു അർജുൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

പോലീസ് എഫ്ഐആറിൽ പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷൻ 105, 118 (1) എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സൂപ്പർ ഹിറ്റായ പുഷ്പ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2. സുകുമാർ ബന്ദ്റെഡ്ഡി സംവിധാനം ചെയ്ത ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിച്ചത്. അല്ലു അർജുനെക്കൂടാതെ ഫഹദ് ഫാസിൽ, രശ്മിക മന്ദാന,സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അഡ്വാൻസ് ബുക്കിംഗിലൂടെ തന്നെ 100 കോടി രൂപ നേടിയ ചിത്രം ആദ്യ ദിവസം തന്നെ ആഗോള തലത്തിൽ 294 കോടി രൂപ സ്വന്തമാക്കി. ഇതോടെ ആർആർആർ, ബാഹുബലി, കെ.ജി.എഫ് തുടങ്ങിയ ചിത്രങ്ങളെയെല്ലാം ആദ്യ ദിന കളക്ഷനിൽ പുഷ്പ 2 പിന്നിലാക്കി.

ഇതിനിടെ പുഷ്പ 2-വിന്റെ വ്യാജ പതിപ്പ് യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. GOATZZZ എന്ന അക്കൗണ്ടിലൂടെ ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിൻ്റെ തീയറ്റർ വേർഷനാണ് അപ്ലോഡ് ചെയ്തിരുന്നത്. ഡിസംബർ അഞ്ചിന് റീലീസായ ചിത്രം ആയിരം കോടിയിലധികം രൂപ സ്വന്തമാക്കിക്കഴിഞ്ഞു. ഇതിനിടെയാണ് ചിത്രത്തിന്റെ വ്യാജൻ പുറത്തിറങ്ങിയത്.

റിലീസായി ഏതാനും മണിക്കൂറുകൾക്കകം തന്നെ സിനിമയുടെ വ്യാജപതിപ്പ് ടോറൻ്റിൽ പുറത്തു വന്നിരുന്നു. തമിഴ് റോക്കേഴ്സ്, മൂവി റൂൾസ്, ഫിലിംസില, തമിഴ് യോഗി എന്നിവയുൾപ്പടെയുള്ള ടോറന്റ് പ്ലാറ്റ്‌ഫോമുകളിലായി 1080p, 720p, 480p, 360p, 240p എന്നിങ്ങനെ വിവിധ ക്വാളിറ്റികളിൽ സിനിമയുടെ വ്യാജൻ പുറത്തിറങ്ങിയിരുന്നു. വ്യാജപതിപ്പുകളൊന്നും സിനിമയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുഷ്പ 2 നടത്തുന്നത്.