Allu Arjun: ‘ഒറ്റക്കല്ല, ഒപ്പമുണ്ടാകും’; പുഷ്പ 2 റീലിസിനിടെ മരിച്ച യുവതിയുടെ കുടുംബത്തിന് സഹായഹസ്തവുമായി അല്ലു അർജുൻ
Allu Arjun Help: രേവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരം മൈത്രി മൂവി മേക്കേഴ്സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അല്ലു അർജുനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്.
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് സഹായഹസ്തവുമായി അല്ലു അർജുൻ. ഹെെദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യുടെ കുടുംബത്തിനാണ് മെഗാസ്റ്റാറിന്റെ സഹായം. 25 ലക്ഷം രൂപ
സഹായധനം നൽകുമെന്ന് അല്ലു അർജുൻ. ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്. ഹെെദരാബാദിലെ സന്ധ്യ തീയറ്ററിൽ പ്രിമീയർ ഷോ കാണാനായി അല്ലു അർജുനും സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനൊപ്പം എത്തിയിരുന്നു. അപ്രതീക്ഷിത അതിഥിയായി അല്ലു അർജുൻ എത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് യുവതിക്ക് ജീവൻ നഷ്ടമായത്.
ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് രേവതി തീയറ്ററിലേക്ക് എത്തിയത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ യുവതിയുടെ മകൻ മകൻ തേജ് (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രീമിയർ ഷോക്കായി തീയറ്ററിലേക്ക് പ്രവേശിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതിയും മക്കളും ശ്വാസം മുട്ടി കുഴഞ്ഞു വീഴുകയായിരുന്നെന്നും, സിപിആർ നൽകിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം രേവതിയെയും മക്കളെയും
ദുർഗാഭായ് ദേശ്മുഖ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചായിരുന്നു രേവതിയുടെ മരണം സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ തേജിനെ വിദഗ്ധ ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ: പുഷ്പയ്ക്ക് മുമ്പിൽ ജവാനും ജോസേട്ടായിയും വീണു; ഇനി ബോക്സ്ഓഫീസ് പുഷ്പയുടെ കൺട്രോളിൽ
രേവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരം മൈത്രി മൂവി മേക്കേഴ്സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അല്ലു അർജുനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. പ്രീമിയർ ഷോയ്ക്കായി മുൻകൂട്ടി അറിയിക്കാതെയാണ് അല്ലു അർജുൻ തീയറ്ററിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് യുവതിയുടെ കുടുംബത്തിന് ധനസഹായവുമായി അല്ലു അർജുൻ രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും, തന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായവും ഉണ്ടാകുമെന്നും അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് അറിയിച്ചു.
Deeply heartbroken by the tragic incident at Sandhya Theatre. My heartfelt condolences go out to the grieving family during this unimaginably difficult time. I want to assure them they are not alone in this pain and will meet the family personally. While respecting their need for… pic.twitter.com/g3CSQftucz
— Allu Arjun (@alluarjun) December 6, 2024
‘സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ സംഭവം എന്റെ ഹൃദയം തകർത്തു. കുടുംബത്തിന്റെ അതീവ ദുഃഖത്തിൽ പങ്കുചേരുന്നു. കുടുംബം ഒറ്റക്കല്ല, അവരെ കാണാനായി എത്തുമെന്നും ഞാൻ ഉറപ്പുനൽകുന്നു. കുടുംബത്തിന് എല്ലാ വിധ സഹായവും ഞാൻ ഉറപ്പുവരുത്തുന്നു. അല്ലു അർജുൻ പറഞ്ഞു. താരം ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനായി തീയറ്ററിൽ എത്തിയപ്പോഴേക്കും അല്ലു അർജുനെ കാണാനായി ആരാധകർ ഉന്തും തള്ളുമായി. ഇതിനിടെ സന്ധ്യാ തീയേറ്ററിന്റെ പ്രധാന ഗേറ്റ് തകർന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശിയതും യുവതി തിക്കിലും തിരക്കിലും പെട്ട് വീണതും.
പുഷ്പ 2 റീലിസ് ചെയ്ത ഡിസംബർ 5-ന് ചിത്രം 250 കോടി രൂപയുടെ കളക്ഷൻ നേടിയിരുന്നു. ലോകമെമ്പാടുമുള്ള 12,000 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.