Allu Arjun-Atlee Poster Similarities with Dune: അല്ലു അർജുൻ-അറ്റ്ലി ചിത്രത്തിന്റെ പോസ്റ്റർ ‘ഡ്യൂണി’ന്റെ കോപ്പിയോ? സമാനതകൾ ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയ
Allu Arjun and Atlee New Movie Poster Similarities to Dune: വീഡിയോയ്‌ക്കൊപ്പം ഇവർ ചിത്രത്തിന്റേതായി ഒരു പോസ്റ്ററും പങ്കുവെച്ചു. ഈ പോസ്റ്ററിന് 2021-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ 'ഡ്യൂൺ' എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി സാമ്യമുണ്ടെന്ന് കാണിച്ചാണ് വിമർശനം ഉയരുന്നത്.

നടൻ അല്ലു അർജുനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഈ ചിത്രത്തിന്റെ പോസ്റ്ററിന് ‘ഡ്യൂൺ’ എന്ന ഹോളിവുഡ് സിനിമയുടെ പോസ്റ്ററുമായുള്ള സാമ്യം ചർച്ചയാവുകയാണ്. ഹോളിവുഡ് ചിത്രത്തിൽ നിന്നും കോപ്പി അടിച്ചുവെന്ന് ആരോപിച്ച് സംവിധായകൻ അറ്റ്ലീക്കെതിരെയും മറ്റ് അണിയറ പ്രവർത്തകർക്കെതിരെയും കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്. രണ്ടു പോസ്റ്ററുകളും തമ്മിലുള്ള സാമ്യതകളും പലരും ചൂണ്ടികാണിക്കുന്നു.
ഏപ്രിൽ 8നാണ്, സൺ പിക്ചേഴ്സ് അല്ലു അർജുന്റെയും അറ്റ്ലീയുടെയും ബിഗ് ബജറ്റ് പ്രോജക്റ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചത്. ഹോളിവുഡ് വിഎഫ്എക്സ് (VFX) സ്റ്റുഡിയോകളുമായി സഹകരിച്ചാണ് ചിത്രം ഒരുക്കുന്നത്. വീഡിയോയ്‌ക്കൊപ്പം ഇവർ ചിത്രത്തിന്റേതായി ഒരു പോസ്റ്ററും പങ്കുവെച്ചു. ഈ പോസ്റ്ററിന് 2021-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ‘ഡ്യൂൺ’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി സാമ്യമുണ്ടെന്ന് ആരോപിച്ചാണ് വിമർശനം ഉയരുന്നത്.
ഇതിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. “ഇതാദ്യമായല്ല സംവിധായകൻ അറ്റ്ലീ കോപ്പിയടി ആരോപണം നേരിടേണ്ടി വരുന്നത്”, “മുമ്പും അറ്റ്ലീ ചില രംഗങ്ങൾ മറ്റ് സിനിമകളിൽ നിന്ന് പകർത്തിയിട്ടുണ്ട്” തുടങ്ങിയ കമന്റുകളാണ് പോസ്റ്ററിന് താഴെ വരുന്നത്. 2023ൽ അറ്റ്ലീ നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ള ഒരു ക്ലിപ്പും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. “സർഗ്ഗാത്മക മേഖലയിൽ, നമ്മൾ സമാനമായ കഥകൾ നിർമ്മിക്കുന്നു. അതിനർത്ഥം അതേപടി പകർത്തണം എന്നല്ല. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്യാം” എന്നാണ് അറ്റ്ലീ അഭിമുഖത്തിൽ പറഞ്ഞത്.
ALSO READ: ബേസിൽ ബ്രാൻഡ് ടാ! റിലീസിന് മുമ്പ് മരണമാസ്സ് ഒടിടി അവകാശം വിറ്റു പോയി
അതേസമയം, പുഷ്പ 2വിന് ശേഷം അല്ലു അര്‍ജുൻ നായകനായെത്തുന്ന ചിത്രമാണിത്. അല്ലു അർജുന്റെ ജന്മദിനത്തിലാണ് അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം എത്തിയത്. ‘A22XA6’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്നത് ചിത്രത്തിന്റെ നിർമ്മാണം സണ്‍ പിക്ചേര്‍സാണ്. മാര്‍വല്‍ ചിത്രങ്ങള്‍ അടക്കം ചെയ്ത ഹോളിവുഡ് വിഎഫ്എക്സ് ടീമിന്‍റെ സഹകരണത്തോടെയാണ് ചിത്രം ഒരുക്കുന്നത്. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ അനുസരിച്ച് സാമന്ത ആയിരിക്കും ചിത്രത്തിലെ നായിക എന്നാണ് വിവരം. ഈ വർഷം ആഗസ്റ്റ് മാസത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്.