Alleppey Ashraf: ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് തല്ലാനുള്ള കാരണം വെളിപ്പെടുത്തി ആലപ്പി അഷ്റഫ്
Alleppey Ashraf Shocking Reveals: ആ സംഭവം നടക്കുന്നതു വരെ രഞ്ജിത്തുമായി സംസാരിക്കുന്നയാളും നല്ല പരിചയമുള്ളയാളുമായിരുന്ന താൻ, എന്നാൽ ഒടുവിൽ ഉണ്ണികൃഷ്ണനെ തല്ലിയ ശേഷം പിന്നീട് ഇതുവരെ ഒരിക്കൽ പോലും രഞ്ജിത്തുമായി സംസാരിച്ചിട്ടില്ലെന്നും നേരിൽ കണ്ടാൽ പോലും വഴിമാറി പോകുകയാണ് ചെയ്യുന്നതെന്നും അഷ്‌റഫ് പറഞ്ഞു.

രഞ്ജിത്ത്, ആലപ്പി അഷ്‌റഫ്, ഒടുവിൽ ഉണ്ണികൃഷ്ണൻ (Image Credits: Social Media)
ആറാം തമ്പുരാൻ സിനിമയുടെ സെറ്റിൽവെച്ച് സംവിധായകൻ രഞ്ജിത്ത്, നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ തല്ലിയെന്ന നിർമാതാവും നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അഷ്‌റഫ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്. അഷ്‌റഫിന്റെ വെളിപ്പെടുത്തലിനു പിന്നാലെ അദ്ദേഹത്തിനെതിരേ സംവിധായകൻ എം. പദ്മകുമാർ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോഴിതാ അന്ന് രഞ്ജിത്ത്, ഒടുവിൽ ഉണ്ണികൃഷ്ണനെ തല്ലാനുണ്ടായ കാരണവും അന്നത്തെ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഷ്‌റഫ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അന്തരിച്ച നടൻ ഇന്നസെന്റടക്കം പലരും നേരത്തേ പേരുകൾ വെളിപ്പെടുത്താതെ തന്നെ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് അഷ്‌റഫ് പറഞ്ഞു.
”സെറ്റിൽവെച്ച് വൃദ്ധനും രോഗിയുമായ ഒരു മനുഷ്യനെ ഒരു സംവിധായകൻ അടിച്ച് നിലത്തിട്ടു എന്ന് ഇന്നസെന്റ് ഒരിക്കെ പറഞ്ഞിരുന്നു. അടികിട്ടിയയാൾ കമിഴ്ന്ന് വീണെന്നാണ് ഇന്നസെന്റ് പറഞ്ഞിട്ടുള്ളത്. അന്ന് ആളുകളെല്ലാം കരുതിയത് അത് തിലകൻ ആണെന്നാണ്. ഒരാളുടെയും ചിന്തയിൽ പോലും ഒടുവിലിന്റെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ സിനിമ മേഖലയുമായി ബന്ധപ്പെട്ട പലർക്കും ഇക്കാര്യം അറിയാവുന്നതാണ്.
ഈ വെളിപ്പെടുത്തലിനു ശേഷം സിനിമാ മേഖലയിൽ നിന്ന് പലരും വിളിച്ച് തങ്ങൾക്കും ഇക്കാര്യം അറിയാമായിരുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ആറാം തമ്പുരാൻ സിനിമയുടെ സെറ്റിലുണ്ടായിരുന്ന പലരും ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞായിരുന്നു ഫോൺവിളികൾ വന്നത്. ‘ – അഷ്‌റഫ് വ്യക്തമാക്കി.
ആ സംഭവം നടക്കുന്നതു വരെ രഞ്ജിത്തുമായി സംസാരിക്കുന്നയാളും നല്ല പരിചയമുള്ളയാളുമായിരുന്ന താൻ, എന്നാൽ ഒടുവിൽ ഉണ്ണികൃഷ്ണനെ തല്ലിയ ശേഷം പിന്നീട് ഇതുവരെ ഒരിക്കൽ പോലും രഞ്ജിത്തുമായി സംസാരിച്ചിട്ടില്ലെന്നും നേരിൽ കണ്ടാൽ പോലും വഴിമാറി പോകുകയാണ് ചെയ്യുന്നതെന്നും അഷ്‌റഫ് പറഞ്ഞു.
രഞ്ജിത്ത്, ഒടുവിലിനെ തല്ലാനുണ്ടായ കാരണവും അഷ്‌റഫ് തുറന്നുപറഞ്ഞിട്ടുണ്ട്. അവാർഡുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ അടൂർ ഗോപാലകൃഷ്ണനു വേണ്ടി ഒടുവിൽ ഉണ്ണികൃഷ്ണൻ വാദിച്ചത് ഇഷ്ടപ്പെടാതിരുന്നതിരുന്നതിനാണ് രഞ്ജിത്ത് അദ്ദേഹത്തെ അടിച്ചതെന്നാണ് അഷ്‌റഫിൻ്റെ വെളിപ്പെടുത്തൽ. ”തല്ലാനുണ്ടായ കാരണമായി ഞാൻ വീഡിയോയിൽ പറഞ്ഞത് ഒടുവിൽ പറഞ്ഞ എന്തോ ഒരു തമാശ രഞ്ജിത്തിന് ഇഷ്ടപ്പെട്ടില്ല എന്നതാണ്. ആ കാരണം അന്ന് വിശദീകരിക്കേണ്ട കാര്യമില്ല എന്ന് കരുതിയാണ് അങ്ങനൊരു കാര്യം പറഞ്ഞത്.
അവാർഡ് സിനിമകളെ കുറിച്ചുള്ള ഒരു ചർച്ചയാണ് രഞ്ജിത്തും ഒടുവിലും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമായത്. ഒടുവിൽ ഉണ്ണികൃഷ്ണൻ അടൂർ ഗോപാലകൃഷ്ണന്റെ വലിയ ആരാധകനായിരുന്നു. അടൂരിന്റെ സിനിമകളോട് വലിയ സ്‌നേഹവും ആരാധാനയും ഉള്ളയാളെന്ന് പറയാം. ഈ ചർച്ച അവർ തമ്മിൽ നടക്കുമ്പോൾ ഞാൻ അവിടെയില്ല, പിന്നീട് കേട്ടറിഞ്ഞതാണ് എല്ലാ കാര്യങ്ങളും. രഞ്ജിത്ത് അന്ന് അവാർഡ് പ്രതീക്ഷിച്ചുനിൽക്കുന്ന ഒരാളാണ്. ഇത്തരത്തിൽ നടന്ന ചർച്ചയ്ക്കിടെ ഒടുവിൽ അടൂർ ഗോപാലകൃഷ്ണനു വേണ്ടി വാദിച്ചതും അവാർഡ് ലഭിക്കേണ്ടത് അദ്ദേഹത്തിനാണെന്ന നിലപാടിൽ ഉറച്ചുനിന്നതുമാണ് അടിയിൽ കലാശിച്ചു.’