Kamal Haasan: ‘എന്നെയും അനിയത്തിയെയും അമര്‍ത്തി ചുംബിച്ചു, പീഡിപ്പിക്കപ്പെട്ടു’; കമല്‍ഹാസനെതിരെ ആരോപണം
Actress' s Allegation: കമല്‍ ഹാസന്റെ ചിത്രങ്ങളില്‍ ചുംബന രംഗങ്ങള്‍ വേണമെന്നത് ഒരു നിയമമായി മാറി. ചില നടിമാര്‍ വേറെ വഴിയില്ലാതെ ചുംബന രംഗത്തില്‍ അഭിനയിക്കും. എന്നാല്‍ ഇക്കാര്യം പേടിച്ച് ചിലര്‍ കമല്‍ ഹാസന്റെ സിനിമകളില്‍ അഭിനയിക്കില്ല.

Kamal Haasan (Image Credits: PTI)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പഴയകാല നടിമാര്‍ ആരോപണവുമായി രംഗത്തെത്തുന്നുണ്ട്. അന്ന് അവര്‍ക്ക് ഇതെല്ലാം തുറന്ന് പറയാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ മലയാള സിനിമയെ തെല്ലൊന്നുമല്ല പിടിച്ചുകുലുക്കുന്നത്. എന്നാല്‍ മലയാള സിനിമ മേഖലയില്‍ മാത്രമല്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നതെന്ന് പല നടിമാരും വെളിപ്പെടുത്തിയിരുന്നു. മറ്റ് സിനിമാ മേഖലകളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും ആര്‍ക്കും തുറന്നുപറയാന്‍ സാധിക്കുന്നില്ലെന്നുമാണ് താരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളായ രാധിക നടത്തിയ വെളിപ്പെടുത്തലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്താണ് സിനിമേ മേഖലയില്‍ നടക്കുന്നതെന്ന് തനിക്കറിയാമെന്നും താരം പറഞ്ഞിരുന്നു. കാരവാനില്‍ ഒളിക്യാമറ വെച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ടെന്നും ഇത് പുരുഷന്മാരായ അണിയറപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇരുന്നത് കാണുന്നത് താന്‍ കണ്ടിട്ടുണ്ടെന്നുമാണ് രാധിക വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു.
ഇപ്പോഴിതാ രാധിക പറഞ്ഞ മറ്റൊരു കാര്യമാണ് ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചുംബന രംഗങ്ങളില്‍ അഭിനയിച്ച് പേരുകേട്ട നടന്‍ തന്നെയും അനിയത്തിയെയും ചുംബന രംഗത്ത് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് താരം പറയുന്നത്. നടന്‍ കമല്‍ ഹാസനെതിരെയാണ് രാധിക ആരോപണമുന്നയിച്ചത്.
‘കമല്‍ ഹാസന്റെ സിനിമകളില്‍ സാധാരണയായി ചുംബന രംഗങ്ങള്‍ ഉണ്ടാകാറുണ്ട്. യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കളും സംവിധായകരും താത്പര്യം പ്രകടിപ്പിക്കാറുമുണ്ട്. ഒരു കാലത്ത് കമല്‍ ഹാസന്റെ ചിത്രങ്ങളില്‍ ചുംബന രംഗങ്ങള്‍ വേണമെന്നത് ഒരു നിയമമായി മാറി. ചില നടിമാര്‍ വേറെ വഴിയില്ലാതെ ചുംബന രംഗത്തില്‍ അഭിനയിക്കും. എന്നാല്‍ ഇക്കാര്യം പേടിച്ച് ചിലര്‍ കമല്‍ ഹാസന്റെ സിനിമകളില്‍ അഭിനയിക്കില്ല.
ഇങ്ങനെ ചുംബന രംഗങ്ങളില്‍ അഭിനയിക്കാനുള്ള മടി കാരണം സിപ്പിക്കുള്ളില്‍ മുത്ത് എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം പിന്നീട് അദ്ദേഹത്തോടൊപ്പമുള്ള സിനിമകളില്‍ അഭിനയിക്കുന്നത് ഞാന്‍ കുറച്ചു. സിനിമകളില്‍ ചുംബനരംഗത്ത് അദ്ദേഹം ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുമായിരുന്നു. ഞാന്‍ മാത്രമല്ല എന്റെ അനിയത്തിയും ഇതുപോലെ പീഡിപ്പിക്കപ്പെട്ടു. എന്നാല്‍ ഞാനത് തടഞ്ഞതോടെ ചിലരുടെ വെറുപ്പ് ഉണ്ടായി. പിന്നീട് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടു,’ രാധിക പറഞ്ഞു.
ചുംബനരംഗവുമായി ബന്ധപ്പെട്ട് കമല്‍ ഹാസനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. നടി രേഖയാണ് സമാനമായ രീതിയില്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നത്. തന്നോട് പറയാതെ സിനിമയില്‍ ചുംബനരംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും കമല്‍ ഹാസന്‍ ബലംപ്രയോഗിച്ച് ചുംബിച്ചുവെന്നുമാണ് അവര്‍ പറഞ്ഞത്.
അതേസമയം, തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ചെന്നൈയില്‍ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം. യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായതെന്നും നടന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
തന്റെ ഇടപെടല്‍ കാരണമാണ് നടിയെ രക്ഷിക്കാനായത്. പിന്നാലെ ആ പെണ്‍കുട്ടി തന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്നെ രക്ഷിച്ചുവെന്നാണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലായി. ആ പെണ്‍കുട്ടി ഇന്നും തന്റെ നല്ല സുഹൃത്താണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാര്‍ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
അതേസമയം, നടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അടിമാലി പോലീസ് കേസെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടിയുടെ പരാതി. ഓണ്‍ലൈനായി ഡിഐജിക്കായിരുന്നു യുവതി പരാതി നല്‍കിയത്. ഈ പരാതിയാണ് അടിമാലി പോലീസിന് കൈമാറിയിരിക്കുന്നത്. യുവതിയുടെ മൊഴി ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയതിന് ശേഷമാണ് ബാബുരാജിനെതിരെ കേസെടുത്തിരിക്കുന്നത്.
അടിമാലിയിലുള്ള ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായിരുന്നു പരാതിക്കാരി. കേസിന്റെ വിശദാംശങ്ങള്‍ അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് അടിമാലി പോലീസ് അറിയിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോര്‍ട്ടിലും ആലുവയിലെ വസതിയിലും വെച്ച് ബാബുരാജ് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.