All We Imagine as light: ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇതുവരെയും കാണാതവരാണോ നിങ്ങൾ? സ്ട്രീമിംഗ് ആരംഭിച്ചു
All We Imagine as light OTT Release: നഴ്സ് പ്രഭയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയിൽ നിന്നുള്ള ചോക്ക് ആൻഡ് ചീസ് ഫിലിംസ്, ഫ്രാൻസിൽ നിന്നുള്ള പെറ്റിറ്റ് കായോസ് എന്നിവ ബാനറുകൾ സംയുക്തമായി ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: 77-ാമത് കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രീ പുരസ്കാരം ഉൾപ്പെടെ കരസ്ഥമാക്കിയ പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഒടിടിയിൽ. ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്ത് 4 മാസങ്ങൾക്ക് ശേഷമാണ് ഒടിടിയിൽ ചിത്രം പ്രദർശനത്തിന് എത്തുന്നത്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ലെെവ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. കാനിലെ പുരസ്കാര നേട്ടത്തിന് പിന്നാലെ 2024 സെപ്റ്റംബർ 21-ന് ചിത്രം കേരളത്തിൽ പ്രദർശനം ആരംഭിച്ചിരുന്നു. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിലാണ് മലയാളത്തിൽ ചിത്രം പ്രദർശനത്തിനെത്തിയത്.
കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മാറിയിരുന്നു. റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ പ്രദർശനത്തിന് എത്തിച്ചത്. ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ, ഇറ്റലി ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ ആഗോളതലത്തിൽ നിരവധി മേളകളിൽ ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു.
കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങട് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മലയാളം-ഹിന്ദി ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. നഴ്സ് പ്രഭയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയിൽ നിന്നുള്ള ചോക്ക് ആൻഡ് ചീസ് ഫിലിംസ്, ഫ്രാൻസിൽ നിന്നുള്ള പെറ്റിറ്റ് കായോസ് എന്നിവ ബാനറുകൾ സംയുക്തമായി ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മുംബൈയിലേക്ക് ജോലി സംബന്ധമായി ജീവിതാഭിലാഷങ്ങൾ സഫലീകരിക്കാനായി എത്തുന്ന രണ്ട് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ, കാൻ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ഈ വിഭാഗത്തിലേക്ക് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിത സംവിധായിക കൂടിയാണ് അവർ. ആൻഡ്രിയ ആർനോൾഡ്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള, ജിയാ ഷാങ്-കെ, പൌലോ സോറന്റിനോ, സീൻ ബേക്കർ, അലി അബ്ബാസി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പമാണ് പാം ഡി ഓർ അവാർഡിനായി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’മത്സരിച്ചത്.