Akshay Kumar : ചിത്രത്തിൻ്റെ പരാജയം നമ്മളെ വേദനിപ്പിക്കും; പക്ഷെ സിനിമയുടെ വിധി നമുക്ക് മാറ്റാനാകില്ലെന്ന് അക്ഷയ് കുമാർ
Akshay Kumar About Consecutive Failure of his Movies : ബോളിവുഡ് താരം അക്ഷയ് കുമാർ തൻ്റെ ചിത്രങ്ങളുടെ തുടർപരാചയങ്ങളെ പറ്റി ഒടുവിൽ മനസ് തുറന്നിരിക്കുകയാണ്. നടൻ്റെ ഒമ്പത് സിനിമകളാണ് തുടർച്ചയായി ബോക്സ്ഓഫീസിൽ അടുത്തിടെ പരാജയപെട്ടത്
ബോളിവുഡ് താരം അക്ഷയ് കുമാർ (Akshay Kumar) നായകനായി ഇറങ്ങിയ ഒടുവിലത്തെ ചിത്രം സർഫിറയ്ക്കും കനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ആദ്യ ദിവസം ബോക്സ് ഓഫീസിൽ ചിത്രത്തിന് നേടാനായത് രണ്ടര കോടി മാത്രമാണ്. ചിത്രം റിലീസ് ആയി 12 ദിവസം പിന്നിടുമ്പോൾ ആഗോള കളക്ഷനിൽ ലഭിച്ചത് 21.5 കോടി രൂപ മാത്രം. തമിഴ് താരം സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സൂരറയ് പോട്ര് എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് സർഫിറ. സർഫിറ കൂടി പരാജയപെട്ടതോടു കൂടി താരത്തിൻ്റെ തുടർച്ചയായി പരിചയപെട്ട ചിത്രങ്ങളുടെ എണ്ണം ഒമ്പതായി. താരമൂല്യത്തിലും പ്രതിഫലത്തിലും മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. പക്ഷെ കഴിഞ്ഞ ഏതാനും വർഷങ്ങളായി നഷ്ടത്തിൻ്റെ കണക്കുകൾ മാത്രമേ ബോളിവുഡ് താരത്തിന് പറയാനുള്ളു. 2021ൽ പുറത്തിറങ്ങിയ സൂര്യവൻശിയാണ് താരത്തിന്റെ ഒടുവിലത്തെ ഹിറ്റ് ചിത്രം.
അക്ഷയ് കുമാറിന്റെ മറുപടി
അക്ഷയ് കുമാറിന്റെ ചിത്രങ്ങൾ പരാജയമാകുന്നതിനെക്കുറിച്ചു സിനിമ കൂട്ടായ്മയിൽ ചർച്ച സജീവമായി കഴിഞ്ഞു. അതിനു പുറകെയാണ് അക്ഷയ് കുമാർ തന്നെ വിഷയത്തെ പറ്റി തുറന്നു പറഞ്ഞത്. ഫോർബ്സ് മാസികയ്ക്കു കൊടുത്ത അഭിമുഖത്തിലാണ് താരം തന്റെ ചിത്രങ്ങളുടെ തുടർപരാചയങ്ങളെ പറ്റി സംസാരിച്ചത്.’ ഓരോ സിനിമയുടെ പിന്നിലും ഒരുപാടു ചോരയും വിയർപ്പും ആവേശവമുണ്ട്. ഏതൊരു സിനിമയും പരാചയപെടുന്നത് കാണുമ്പോൾ വിഷമം തോന്നും. പക്ഷെ ഓരോ പരാജയവും വിജയത്തിന്റെ മൂല്യം എന്തെന്ന് നമ്മെ പഠിപ്പിയ്ക്കും. ഭാഗ്യവശാൽ, ഇത് കൈകാര്യം ചെയ്യാൻ ഞാൻ എന്റെ കറിയറിന്റെ തുടക്കത്തിൽ തന്നെ പഠിച്ചു. ചിത്രത്തിന്റെ പരാജയം നമ്മളെ വേദനിപ്പിക്കും, പക്ഷെ അതിനു സിനിമയുടെ വിധി മാറ്റാനാകില്ല. ഇത് നമ്മുടെ നിയന്ത്രണത്തിൽ ഉള്ള കാര്യമല്ല. കൂടുതൽ കഠിനാധ്വാനം ചെയ്യുക, തിരുത്തലുകൾ വരുത്തുക, അടുത്ത ചിത്രത്തിന് തന്നാൽ കഴിയുന്ന എല്ലാം കൊടുക്കുക എന്നുള്ളത് മാത്രമാണ് നമ്മുടെ നിയന്ത്രണത്തിലുള്ളത്. ഇങ്ങനെയാണ് ഞാൻ എന്റെ ഊർജം വീണ്ടെടുക്കുന്നതും അടുത്തതുമായി മുന്നോട്ട് പോകുന്നതും.” എന്ന് താരം പറഞ്ഞു.
ALSO READ : Richest Indian Actress: രാജ്യത്തെ ഏറ്റവും ധനികയായ സിനിമാതാരം ഐശ്വര്യ റായ്; അറിയാം ആസ്തി വിവരങ്ങൾ
കോവിഡ് കാലത്തിനു ശേഷം സിനിമയിൽ വന്ന മാറ്റങ്ങൾ
കോവിഡ് കാലത്തിനു ശേഷം സിനിമ രംഗത്ത് വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത്. അക്ഷയ് കുമാർ സമീപ കാലത്തു ചെയ്ത സിനിമകളിൽ ഭൂരിഭാഗവും കോവിഡ് മഹാമാരിക്ക് മുൻപ് ഒപ്പിട്ടതാണ്. “കോവിഡിന് ശേഷം പ്രേക്ഷകരുടെ അഭിരുചിയിൽ മാറ്റം വന്നു. അവർ കാണുന്ന സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ട്. അതുകൊണ്ട് അവരുടെ ഇഷ്ടങ്ങൾക്കു അനുസരിച്ചു അവരെ രസിപ്പിക്കുന്ന രീതിയിൽ ഉള്ള സിനിമകൾ തിരഞ്ഞെടുക്കേണ്ടത് നിർണായകം ആയിരിക്കുന്നു. ഞാൻ ഉള്ളടക്കത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന ആളാണ്. സിനിമ എന്നത് വിനോദം മാത്രമല്ല, പ്രേക്ഷകരുമായി ആഴത്തിൽ ബന്ധപ്പെടാൻ കഴിയുന്ന കഥകൾ കണ്ടെത്തുക കൂടിയാണ്” എന്നും അക്ഷയ് കുമാർ വ്യക്തമാക്കി.
അച്ചടക്കവും ജോലിയിലെ നൈതികതയും
താൻ മുൻപും തന്റെ കരിയറിൽ സമാനമായ സഹാചര്യം നേരിട്ടിട്ടുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. അന്ന് തുടരെ താരത്തിന്റെ 16 ചിത്രങ്ങൾ ആണ് പരാചയപെട്ടത്. അതിനു ശേഷവും സിനിമ മേഖലയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു നിർത്താൻ താരത്തിന് കഴിഞ്ഞു. അച്ചടക്കവും ജോലിയിലെ നൈതികതയുമാണ് തന്റെ വലിയ ശക്തി. ടൈംടേബിൾ അനുസരിച്ചാണ് ഞാൻ ജോലി ചെയ്യാറുള്ളത്. വർഷങ്ങളായി, ഉറങ്ങുന്നതിനും കഴിക്കുന്നതിനും ജോലി ചെയ്യുന്നതിനും എല്ലാം നിശ്ചിത സമയം ഞാൻ പിന്തുടർന്ന് വരുന്നു. മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരിക്കുന്നതും ഈ മേഖലയിൽ ഇത്രയും വര്‍ഷം നിലനിൽക്കാൻ എന്നെ സഹായിച്ചു. ഞാൻ ചെയ്യുന്ന കാര്യങ്ങളോടുള്ള എന്റെ ആത്മാർത്ഥമായ സ്നേഹത്തിൽ നിന്നാണ് എനിക്ക് പ്രചോദനം ലഭിക്കുന്നത്. കൂടാതെ ആരാധകരിൽ നിന്നും ലഭിക്കുന്ന സ്നേഹവും പിന്തുണയും എനിക്ക് ഊർജം നൽകുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഇനി വരാൻ ഉള്ള സിനിമകൾ
‘ഖേൽ ഖേൽ മെയ്ൻ’ ആണ് അക്ഷയ് കുമാറിന്റെ ഒടുവിൽ പ്രഖ്യാപിക്കപ്പെട്ട സിനിമ. തപ്‌സി പെണ്ണ്, വാണി കപൂർ, അമ്മി വർക്ക്, ആദിത്യ സീൽ, പ്രഗ്യ ജെയ്‌സ്വാൾ, ഫർദീൻ ഖാൻ, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഓഗസ്റ്റ് 15നു ചിത്രം തിയറ്ററുകളിൽ എത്തും.