Aju Varghese: ‘ഐഡൻ്റിറ്റിയിൽ മീശ ഷേവ് ചെയ്തത് വിഎഫ്എക്സ്; എനിക്കും സൂപ്പർമാനും മാത്രമേ അത് സംഭവിച്ചുള്ളൂ’: അജു വർഗീസ്
Aju Varghese Beard Was Removed: ടൊവിനോ തോമസ് നായകനായ ഐഡൻ്റിറ്റി എന്ന സിനിമയിൽ തൻ്റെ മീശ നീക്കിയത് വിഎഫ്എക്സ് ഉപയോഗിച്ചാണെന്ന് നടൻ അജു വർഗീസ്. ചിലയിടങ്ങളിൽ നന്നാായി അത് വന്നെന്നും മറ്റ് ചില സ്ഥലങ്ങളിൽ അതത്ര ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐഡൻ്റിറ്റി സിനിമയിൽ തൻ്റെ മീശ ഷേവ് ചെയ്തത് വിഎഫ്എക്സ് ഉപയോഗിച്ചാണെന്ന് നടൻ അജു വർഗീസ്. നേരത്തെ മീശ വടിച്ചിരുന്നെങ്കിലും മറ്റ് താരങ്ങളുടെ ഡേറ്റ് പ്രശ്നമുണ്ടായപ്പോൾ തൻ്റെ ഷൂട്ടിങ് നീണ്ടു. ഇതോടെയാണ് വിഎഫ്എക്സ് ഉപയോഗിച്ച് മീശ ഷേവ് ചെയ്തതെന്നും അജു വർഗീസ് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു. ഐഡൻ്റിറ്റി സിനിമയിൽ പോലീസ് ഓഫീസറിൻ്റെ റോളിലാണ് അജു വർഗീസ് അഭിനയിച്ചത്.
“ഷൂട്ടിങ് തുടങ്ങിയപ്പോ ക്ലീൻ ഷേവ് ആയിരുന്നു. ഷെഡ്യൂൾ നീങ്ങി. എനിക്ക് തോന്നുന്നു, തൃഷ മാമിൻ്റെ ഡേറ്റ്സൊക്കെ നീങ്ങി. എനിക്ക് നേരത്തെ ചെയ്ത വേറൊരു സിനിമയിൽ മീശ വച്ച പടത്തിൻ്റെ കണ്ടിന്യുവിറ്റി ഉണ്ടായിരുന്നു. അപ്പോൾ എനിക്ക് മീശ വളർത്തിയേ പറ്റൂ. ആ സിനിമ തീർക്കണമല്ലോ. ഐഡൻ്റിറ്റിയിൽ എനിക്ക് 10 ദിവസത്തെ ഷൂട്ടേയുള്ളൂ. പത്തോ പന്ത്രണ്ടോ. അത് അഞ്ച് മാസത്തിൽ കൂടുതൽ ഹോൾഡ് ചെയ്യാൻ പറ്റില്ലല്ലോ. അങ്ങനെ ഇവരുടെയെല്ലാം സമ്മതത്തോടെ അത് വിഎഫ്എക്സ് ചെയ്യാമെന്ന് തീരുമാനിച്ചു. അതിൽ ഏറ്റവും രസം, ഗംഭീരമായി വിഎഫ്എക്സ് ചെയ്ത് മീശ മാറ്റിയ സ്ഥലങ്ങളുണ്ട്. നമുക്ക് മനസിലാവില്ല. എനിക്ക് ആ ഫൂട്ടേജ് അവർ അയച്ചുതന്നു. അതുണ്ട്. ഒന്നോരണ്ടോ സീനിൽ അവർക്ക് അതിന് സമയം കിട്ടിയില്ല. അപ്പോ അത് കണ്മഷി തേച്ച് വച്ചതുപോലെ ആയി. അങ്ങനെ ലോകത്ത് സംഭവിച്ച രണ്ടേ രണ്ട് പേരേയുള്ളൂ. അത് ഏറ്റവും വലിയ സന്തോഷം. ഒന്ന് സൂപ്പർ മാൻ, ഒന്ന് ഞാൻ.”- അജു പറഞ്ഞു.




ടൊവിനോ തോമസ് നായകനായെത്തിയ സിനിമയായിരുന്നു ഐഡൻ്റിറ്റി. ഈ വർഷം ജനുവരി രണ്ടിന് തീയറ്ററുകളിലെത്തിയ സിനിമയിൽ ടൊവിനോയ്ക്കും അജു വർഗീസിനുമൊപ്പം തൃഷ, വിനയ് റായ് തുടങ്ങിയവരും അഭിനയിച്ചു. അഖിൽ പോളും അനസ് ഖാനുമാണ് ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്. അഖിൽ ജോർജാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്. ചമൻ ചാക്കോ എഡിറ്റും ജേക്സ് ബിജോയ് സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവുമധികം നഷ്ടമുണ്ടായ സിനിമകളിലൊന്നാണ് ഐഡൻ്റിറ്റി എന്ന് കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. 30 കോടി മുതൽ മുടക്കിലെടുത്ത സിനിമയുടെ തീയറ്റർ ഷെയർ വെറും മൂന്നരക്കോടി രൂപയായിരുന്നു. സീ5ൽ സിനിമ ഇപ്പോൾ സ്ട്രീം ചെയ്യുന്നുണ്ട്.