Aju Varghese: ‘സൂപ്പര്‍താരങ്ങളൊഴികെ ബാക്കിയെല്ലാവരും സഹായിച്ചു, അത് മറക്കാന്‍ പറ്റില്ല’: അജു വര്‍ഗീസ്
Aju Varghese about his Film Production: അതൊരു സോ കോള്‍ജ് ബജറ്റില്‍ തീരുമെന്നാണ്. ഇപ്പോഴുള്ള ബജറ്റിന്റെ മൂന്നിലൊന്നില്‍ തീര്‍ക്കാമെന്ന് ആയിരുന്നു പറഞ്ഞതെങ്കിലും മൂന്നിരട്ടിയായി മാറി. പന്ത്രണ്ട് ഷെഡ്യൂള്‍ വരെ പടം പോയി. 2028ലും 19ലും ഉണ്ടായ പ്രളയം നേരിടേണ്ടതായി വന്നു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്ത നടനാണ് അജു വര്‍ഗീസ്. അജു വര്‍ഗീസ് മാത്രമല്ല, നിവിന്‍ പോളി ഉള്‍പ്പെടെയുള്ള നടന്മാരുടെ തുടക്കം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് തന്നെയാണ്. ആ ഒരൊറ്റ ചിത്രം മലയാള സിനിമ ഇന്‍ഡസ്ട്രിക്ക് സമ്മാനിച്ചത് നിരവധി അതുല്യ പ്രതിഭകളെയാണ്. മലര്‍വാടിയിലൂടെ തമാശ വേഷങ്ങള്‍ മാത്രം ചെയ്ത് തുടങ്ങിയ അജു അല്ല ഇന്നത്തേത്. നടന്‍, നിര്‍മാതാവ് എന്നീ പല നിലകളിലേക്ക് അജു വര്‍ഗീസ് വളര്‍ന്നുകഴിഞ്ഞു.
ഒരു നിര്‍മാതാവ് എന്ന നിലയിലുള്ള തന്റെ മാറ്റത്തേയും വളര്‍ച്ചയേയും കുറിച്ച് സംസാരിക്കുകയാണ് അജു. നിര്‍മാതാവായപ്പോള്‍ തനിക്ക് ലാഭവും നഷ്ടവും സംഭവിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്താണ് അജു വിശേഷങ്ങള്‍ പങ്കുവെച്ചത്.
Also Read: Actor Don Lee: ആരാണ് മലയാളികളുടെ ആ കൊറിയൻ ലാലേട്ടൻ?
സിനിമയില്‍ നിര്‍മാതാവയപ്പോള്‍ കയ്യിലുണ്ടായിരുന്നില്ല കാശ് പോയിട്ടുമില്ല, ഇങ്ങോട്ട് കിട്ടിയിട്ടുമില്ല. അടി കപി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ധ്യാന്‍ എന്നോട് കുറേ കഥകള്‍ പറഞ്ഞിരുന്നു, ആ കഥകളില്‍ സിനിമയ്ക്ക് രസമുള്ള കഥയാണെന്ന് പറഞ്ഞ് അവന്‍ ഒരൊണ്ണം പറഞ്ഞു. അത് പുള്ളി തന്നെ ചെയ്തിട്ട് ഇറക്കാത്ത ഷോര്‍ട്ട് ഫിലിമാണ്. അതുകൊണ്ട് അത് ചെയ്യാമെന്ന് വിചാരിച്ചു.
അന്നവന്‍ പറഞ്ഞത് അതൊരു സോ കോള്‍ജ് ബജറ്റില്‍ തീരുമെന്നാണ്. ഇപ്പോഴുള്ള ബജറ്റിന്റെ മൂന്നിലൊന്നില്‍ തീര്‍ക്കാമെന്ന് ആയിരുന്നു പറഞ്ഞതെങ്കിലും മൂന്നിരട്ടിയായി മാറി. പന്ത്രണ്ട് ഷെഡ്യൂള്‍ വരെ പടം പോയി. 2028ലും 19ലും ഉണ്ടായ പ്രളയം നേരിടേണ്ടതായി വന്നു. കോവിഡ് വരെ എന്തായാലും പോയില്ല. അതുംകൂടി ആയിരുന്നെങ്കില്‍ എന്റെ കാര്യം തീരുമാനമാകും.
ആ സമയത്ത് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളൊഴികെ ബാക്കിയെല്ലാവരും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഏറ്റവും താങ്ക്‌സ് കാര്‍ഡ് കൊടുത്ത പടവും അതായിരിക്കും. അതൊരിക്കലും മറക്കാന്‍ പറ്റില്ല. നടന്മാര്‍ ഫണ്ട് ചെയ്‌തൊരു പടം കൂടിയായിരുന്നു അതെന്നും അജു വര്‍ഗീസ് പറഞ്ഞു.
താന്‍ അസിസ്റ്റന്റ് സംവിധായകനാകാന്‍ ശ്രമം നടത്തിയതിനെ കുറിച്ചും അജു പരിപാടിയില്‍ പറയുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് അസിസ്റ്റന്റ് സംവിധായകനാകാന്‍ ശ്രമം നടത്തിയത്. അതിന്റെ നിര്‍മാതാവും എന്റെ സുഹൃത്തായിരുന്നു. അങ്ങനെ വിനീതിനോട് കാര്യം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു ഇത് നിന്നെകൊണ്ട് പറ്റുന്ന പണിയല്ലെന്ന്.
ഇതെന്റെ സ്വപ്‌നമാണെന്നും കുഴപ്പമില്ലെന്നും പറഞ്ഞ് തുടങ്ങി. ദുബായില്‍ വെച്ചായിരുന്നു ഷൂട്ട്. എന്റെ മനസിലുണ്ടായിരുന്നത് കൂട്ടുക്കാരുടെ സിനിമ, രാവിലെ ലൊക്കേഷനില്‍ എത്തി ഒരു പത്ത് മണി വരെ നിന്നിട്ട് ദുബായ് മൊത്തം കറങ്ങാമെന്ന് ആയിരുന്നു. അവിടെ എത്തി ആദ്യ മൂന്ന് ദിവസം രാവിലെ കുളിയൊക്കെ കഴിഞ്ഞ് പത്തുമണിയാകുമ്പോള്‍ ലൊക്കോഷന്‍ നോക്കാന്‍ ഇറങ്ങും. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയതോടെ വെളുപ്പിന് അഞ്ച് മണിക്ക് പോണം. അതിന് നാലരയ്ക്ക് എഴുന്നേല്‍ക്കണം.
സെറ്റില്‍ എത്തിക്കഴിഞ്ഞാല്‍ ഒരുപാട് ജോലികളുണ്ടാകും. ഇതെല്ലാം കഴിഞ്ഞ റൂമിലെത്തുമ്പോള്‍ രാത്രി 10 ആകും. പിന്നെ അതിന്റെ കണക്കും ബാക്കി കാര്യങ്ങളുമെല്ലാം എഴുതുന്നത് ഞാനാണ്. അതെല്ലാം കഴിഞ്ഞ രണ്ട് പെഗ്ഗും അടിച്ച് കിടക്കുമ്പോഴേക്കും ഒരു മണിയാകും. പിന്നെയും നേരത്തെ എഴുന്നേല്‍ക്കണം. ഒരു ദിവസം ഞാന്‍ ലീവ് പോലും എടുത്തിട്ടുണ്ട്. പിന്നീട് നാട്ടിലെത്തിയ ശേഷം ഷെഡ്യൂളിന് പോയിട്ടില്ലെന്നും അജു പറയുന്നു.