Aju Varghese: അഭിനയമറിയാത്ത കുട്ടുവിൽ നിന്ന് അഭിനയിക്കാത്ത പപ്പേട്ടനിലേക്ക്: അജു വർഗീസ് നടന്നുതീർത്ത വഴികൾ
Aju Varghese Acting Journey: മലർവാടി ആർട്സ് ക്ലബിലെ അഭിനയമറിയാത്ത കുട്ടുവിൽ നിന്ന് ലവ് അണ്ടർ കൺസ്ട്രക്ഷനിലെ അഭിനയിക്കാത്ത പപ്പേട്ടനിലേക്കുള്ള അജു വർഗീസിൻ്റെ യാത്ര വളരെ ജൈവികമാണ്. തൻ്റെ സിനിമാഭിനയ കലയിൽ പലയിടത്തായി അജു തന്നെ അടയാളപ്പെടുത്തിവച്ച ചില മുഹൂർത്തങ്ങൾ.

അജു വർഗീസ് എന്ന നടന് വളരെ ഓർഗാനിക്കായ, വ്യക്തമായ ഒരു വളർച്ചയുണ്ടായിരുന്നു. മലർവാടി മുതൽ അവസാനം ലവ് അണ്ടർ കൺസ്ട്രക്ഷൻ വരെ നീളുന്ന ഫിലിമോഗ്രാഫിയിൽ പലയിടങ്ങളിലായി അജു അത് അടയാളപ്പെടുത്തിവച്ചു.
മലർവാടി ആർട്സ് ക്ലബ്ബിലെ പുതുമുഖങ്ങളിൽ ഏറ്റവും മോശമായി അഭിനയിച്ച ആളായിരുന്നു എനിക്ക് അജു വർഗീസ്. സ്വാഭാവികമായും നിവിൻ പോളിയിൽ ഒരു നായകനെ കണ്ടു. അജു വർഗീസ് എന്ത് മെറിറ്റിലാണ് സിനിമയിൽ അഭിനയിച്ചതെന്ന് തോന്നിപ്പോയി. ഇയാൾ ഒരുപാടഭിനയിക്കില്ലെന്ന് തോന്നി. അതുകൊണ്ട് തന്നെ അജു വർഗീസ് എന്ന നടൻ ശ്രദ്ധിക്കപ്പെടേണ്ട ആളല്ലെന്നും തോന്നി. അയാളിൽ നിന്ന് വഴിമാറിനടന്നു. പക്ഷേ, സിനിമാവഴിയിൽ അജു ഇടയ്ക്കിടെ തലനീട്ടി കടന്നുവന്നു. അയാളെ കാണേണ്ടിവന്നു. അങ്ങനെ അയാളുടെ വളർച്ചയറിഞ്ഞു.
സെവൻസ്, ഡോക്ടർ ലവ് ഒക്കെ മലർവാടിയുടെ എക്സ്റ്റൻഷൻ ആയിട്ടാണ് തോന്നിയത്. അതിൽ നിന്നൊരു മാറ്റം വരാൻ വീണ്ടും വിനീത് വരേണ്ടിവന്നു. തട്ടത്തിൻ മറയത്ത് കണ്ടപ്പോൾ അജുവിന്റെ അഭിനയം അല്പം മെച്ചപ്പെട്ടതായെന്ന് തോന്നി. എങ്കിലും അജു പെരുമാറുകയായിരുന്നില്ല, അഭിനയിക്കുകയായിരുന്നു. അത് വ്യക്തിപരമായി എനിക്ക് വർക്കാവില്ല. സക്കറിയുടെ ഗർഭിണികളിലെ കഥാപാത്രത്തിൽ ഒരു വിസിബിൾ ചേഞ്ച് കണ്ടു. പുണ്യാളൻ അഗർബത്തീസിൽ അജുവിലെ കോമഡി ടൈമിങ് നന്നാവുന്നത് കണ്ടു. ശരിക്കും പുണ്യാളനാണ് അജുവിനെ ശ്രദ്ധിക്കണമെന്ന ബോധ്യം എന്നിലുണ്ടാക്കിയത്. ഓം ശാന്തി ഓശാനയിൽ അതിന്റെ ഉറപ്പ് കിട്ടി. ഡേവിഡ് കാഞ്ഞാണി വളരെ സ്മൂത്തായിരുന്നു. ബിഹേവിങിന്റെ ശീലങ്ങൾ അജു കാണിച്ചുതുടങ്ങിയിരിക്കുന്നു. പിന്നീട് പെരുച്ചാഴി, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകൾ അജുവിലെ ഹാസ്യം വളരെ നല്ല രീതിയിൽ പരുവപ്പെടുന്നു എന്ന് കാണിച്ചു. കുഞ്ഞിരാമായണത്തിലെ കുട്ടൻ അതിന്റെ പീക്ക് ആയിരുന്നു. ഔട്ട് ആൻഡ് ഔട്ട് കുട്ടൻ. കോമഡി ടൈമിങ്, സ്ക്രീൻ പ്രസൻസ്, ഡയലോഗ് ഡെലിവറി. അജു വർഗീസിന്റെ സിനിമാ കരിയറിലെ നിർണായകമായ ഒരു ഏട്. അജു സിനിമാഭിനയ കലയിൽ കയ്യൊപ്പിട്ട പടം.




പിന്നീട് ഉറുമ്പുകൾ ഉറങ്ങാറില്ല, കോഹിനൂർ, സു സു സുധി വാത്മീകം തുടങ്ങി അജുവിന്റെ അഭിനയ പാറ്റേൺ മാറാൻ തുടങ്ങി. കംഫർട്ട് സോണിൽ നിന്ന് അജു മാറുന്നു. അടി കപ്യാരേ കൂട്ടമണി, ടൂ കണ്ട്രീസ്, ജേക്കബിന്റെ സ്വർഗരാജ്യം, ആൻ മരിയ കലിപ്പിലാണ്, പ്രേതം, ഒപ്പം. അജുവിന്റെ കരിയർ വളരെ എക്സൈറ്റിങ് ആയ ഒരു തലത്തിലേക്ക് മാറുകയാണ്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമയിലെ രാജീവ് ആണ് ബിഹേവിങ്/പെരുമാറ്റം എന്ന കലയിൽ അജുവിന്റെ ഫിലിമോഗ്രാഫിയിലെ ആദ്യ വിജയം. വലിയ റോളായിരുന്നില്ല. പക്ഷേ, ഡയലോഗ് ഡെലിവറിയിലും അഭിനയത്തിലും അനായാസത കടന്നുവന്നിരിക്കുന്നു. സീസണൽ ആക്ടറിന്റെ പക്വത.
രക്ഷാധികാരി ബൈജു ഒപ്പ്, രാമന്റെ ഏദൻതോട്ടം, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഗോദ, ഗൂഢാലോചന, പുണ്യാളൻ അങ്ങനെയങ്ങനെ സാജൻ ബേക്കറി എത്തുന്നു. സിനിമ വളരെ മോശമായെങ്കിലും സിനിമയിലെ അജുവിന്റെ കഥാപാത്രം കരിയറിൽ അടുത്ത നാഴികക്കല്ലായി. പൂർണമായും അജു ബോബിൻ/സാജൻ ആയി മാറിയ സിനിമ. അതിഗംഭീര പ്രകടനം. അതിന് മുൻപ് ഹെലൻ എന്ന സിനിമയിലെ രതീഷ് കുമാർ എന്ന പോലീസ് ഉദ്യോഗസ്ഥനും അജു എന്ന അഭിനേതാവിൻ്റെ വ്യത്യസ്തമായ ഷേഡായിരുന്നു. മലർവാടിയിൽ കണ്ട അജുവിൽ ഞാനൊരിക്കലും പ്രതീക്ഷിക്കാത്തൊരു ലയർ. പിന്നീടിങ്ങോട്ട് സാറാസ്, മിന്നൽ മുരളി, ജയ ജയ ജയ ജയഹേ, വർഷങ്ങൾക്ക് ശേഷം, ഗഗനചാരി, അജയന്റെ രണ്ടാം മോഷണം എന്ന് നീണ്ടുനിവർന്ന് കിടക്കുന്ന കരിയറിലെ ഏറ്റവും നല്ല ഘട്ടം കിട്ടിയത് ഹോട്ട്സ്റ്റാറിനാണ്. കേരള ക്രൈം ഫയൽസ്, പേരില്ലൂർ പ്രീമിയർ ലീഗ്, ഒടുവിൽ ലവ് അണ്ടർ കൺസ്ട്രക്ഷൻ.
ലവ് അണ്ടർ കൺസ്ട്രക്ഷനിലെ പപ്പേട്ടൻ എന്ത് രസമായാണ് അജു ചെയ്തിരിക്കുന്നത്. ഷോവനിസ്റ്റായ, ഏതെല്ലാം തരം വിരുദ്ധതയുണ്ടോ അതെല്ലാമുള്ള ഒരാളായിരിക്കെത്തന്നെ അതിനെതിരെ ചിന്തിക്കുന്നൊരാളുടെ ഏറ്റവും അടുത്ത ചങ്ങാതിയായിരിക്കാൻ പപ്പേട്ടന് കഴിയുന്നുണ്ട്. വിനോദ് എല്ലാ കാര്യങ്ങളും പറയുന്നതും അഭിപ്രായം ചോദിക്കുന്നതും പപ്പേട്ടനോടാണ്. അവിടെയൊക്കെ തന്റെ വിരുദ്ധതയിൽ ആദ്യം അതിനെ ജഡ്ജ് ചെയ്യുകയും പിന്നീട് അഭിപ്രായം പറയുകയും ചെയ്യുന്നുണ്ട് അയാൾ. എല്ലാ ഘട്ടത്തിലും വിനോദിനൊപ്പം ഉറച്ചുനിൽക്കുന്നുണ്ട്, അയാൾ. അത്തരം സൗഹൃദങ്ങൾ എനിക്കുണ്ട്/ഉണ്ടായിരുന്നു. നമുക്കെല്ലാം ഉണ്ടാവും. എത്രയെത്ര വൈരുദ്ധ്യങ്ങൾ പരസ്പരമുണ്ടെങ്കിലും ആവശ്യത്തിന് സ്പേസ് പരസ്പരം നൽകി, പരസ്പരം നവീകരിച്ച് ഏത് സുഹൃദത്തിനും മുന്നോട്ടുപോകാമെന്ന ലളിതമായ തത്വം. ഇതിനൊപ്പം പപ്പേട്ടനുണ്ടാവുന്ന ട്രാൻസ്ഫൊർമേഷൻ വളരെ സ്മൂത്തായിരുന്നു. വളരെ ജൈവികമായി, സ്വാഭാവികമായി പ്രണയം മുളയിടുന്ന പപ്പേട്ടൻ അതിന്റെ മാന്ത്രികതയിൽ തന്റെ വിരുദ്ധതകളിലെ തെറ്റ് കണ്ടെത്തുകയാണ്. ഒരു ഘട്ടത്തിലും അത് റഷ് ചെയ്തെന്നോ, ഔട്ട് ഓഫ് ക്യാരക്ടർ ആയി എന്നോ നമുക്ക് തോന്നില്ല. അത് എഴുത്തിന്റെയും അജു വർഗീസ് എന്ന നടന്റെയും ക്വാളിറ്റിയാണ്.