ARM Movie: മൂന്ന് കാലഘട്ടത്തിൻ്റെ കഥ, വൻ ആക്ഷൻ രംഗങ്ങൾ; എന്നിട്ടും അജയൻ്റെ രണ്ടാം മോഷണത്തിന് ചിലവായത് ഇത്ര മാത്രം
Ajayante Randam Moshanam Movie Budget : നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും ഡോ. സക്കറിയ തോമസും ചേർന്നാണ്. ടൊവീനോ മൂന്ന് വ്യത്യസ്ത കഥപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഓണം ബോക്സ്ഓഫീസ് ലക്ഷ്യവെച്ചെത്തുന്ന ടൊവീനോ തോമസ് ചിത്രമാണ് അജയൻ്റെ രണ്ടാം മോഷണം (ARM Movie). നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന പീരിയോഡിക് ഡ്രാമ ചിത്രമാണ് എആർഎം. മൂന്ന് കാലഘട്ടങ്ങളിലായി മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ടൊവിനോ എആർഎമ്മിലെത്തുന്നത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഡോ. സക്കറിയ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൻ്റെ ആകെ ബജറ്റാണ് ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് വലിയ ബജറ്റാണെങ്കിലും മറ്റ് ഇൻഡസ്ട്രികൾ ചരിത്ര ചിത്രങ്ങൾക്ക് ചിലവഴിക്കുന്നതിൻ്റെ പത്ത് ശതമാനം പോലും അജയൻ്റെ രണ്ടാം മോഷണത്തിനായി ഉപയോഗിക്കേണ്ടി വന്നിട്ടില്ല.
അജയൻ്റെ രണ്ടാം മോഷണത്തിൻ്റെ ബജറ്റ് എത്രയാണ്?
തമിഴ് യുട്യൂബ് മാധ്യമമായ ബിഹൈൻഡ് ദി വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ എആർഎമ്മിൻ്റെ ആകെ ബജറ്റ് എത്രയാണെന്ന് വെളിപ്പെടുത്തുന്നത്. ചിത്രത്തിൻ്റെ ട്രെയിലറിലെ ദൃശ്യങ്ങൾ കണ്ട് കുറഞ്ഞത് ഒരു 60-70 കോടി രൂപയോളം അജയൻ്റെ രണ്ടാം മോഷണത്തിനായി ചിലവഴിച്ചേക്കാമെന്ന് അവതാരിക ചോദിച്ചതിന് ടൊവീനോ തോമസാണ് സിനിമയുടെ ബജറ്റ് എത്രയാണെന്ന് വെളിപ്പെടുത്തുന്നത്. ചിത്രീകരണം കഴിഞ്ഞ് ഇപ്പോൾ പുരോഗമിക്കുന്ന പ്രൊമോഷൻ ഉൾപ്പെടെ 30 കോടിയിൽ താഴെയാണ് എആർഎമ്മിനായി ചിലവഴിച്ചിട്ടുള്ളൂയെന്നാണ് ടൊവീനോ മറുപടി നൽകിയത്. സംവിധായകന് കൃത്യമായ ധാരണയുള്ളതിനാൽ അമിത ചിലവുകൾ ഒന്നുമുണ്ടായിരുന്നില്ലയെന്നും നടൻ കൂട്ടിച്ചേർത്തു.
ട്രിപ്പിൾ റോളിൽ ടൊവീനോ
മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ ടൊവീനോയുടെ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, രോഹിണി, ഹരിഷ് ഉത്തമൻ, നിഷാന്ത് സെയ്ത്, ജഗദീഷ്, പ്രമോദ് ഷെട്ടി, അജു വർഗീസ്, സുധീഷ്, മാല പാർവതി, മധുപാൽ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൻ്റെ മറ്റ് അണിയറപ്രവർത്തകർ
സുജിത് നമ്പ്യാരാണ് എആർഎമ്മിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ദിബു നൈനാൻ തോമസാണ്. ഷമീർ മുഹമ്മദാണ് എഡിറ്റർ. ചിത്രം നാളെ സെപ്റ്റംബർ 12-ാം തീയതിയാണ് തിയറ്ററുകളിൽ എത്തുക.