Ahaana Krishna: ‘കാശ് മുഴുവൻ കൊടുത്തു; എന്നിട്ടും ഡബ്ബ് ചെയ്യാൻ വേണ്ടിപ്പോലും അഹാന വന്നില്ല’; ആരോപണം തുടർന്ന് നാൻസി റാണി സംവിധായൻ്റെ ഭാര്യ
Ahaana Krishna Didnt Come To Dubbing: പണം മുഴുവൻ നൽകിയിട്ടും ഡബ്ബ് ചെയ്യാൻ പോലും അഹാന കൃഷ്ണ വന്നില്ലെന്ന് നാൻസി റാണി എന്ന സിനിമയുടെ സംവിധായൻ്റെ ഭാര്യ നൈന. അന്തരിച്ച ജോസഫ് മനു ജെയിംസിൻ്റെ ഭാര്യ നൈനയാണ് ആരോപണമുന്നയിച്ചത്.

നൈന, അഹാന കൃഷ്ണ
‘നാൻസി റാണി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി അഹാന കൃഷ്ണ സഹകരിക്കുന്നില്ലെന്ന ആരോപണം തുടർന്ന് അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിൻ്റെ ഭാര്യ നൈന. കാശ് മുഴുവൻ കൊടുത്തിട്ടും അഹാന ഡബ്ബിങിന് വന്നില്ല എന്ന് നൈന ആരോപിച്ചു. മനു ജീവിച്ചിരുന്ന സമയത്തായിരുന്നു ഇത്. കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും അഹാനയുടെ നിസ്സഹകരണം മനുവിന് വലിയ ബുദ്ധിമുട്ടുണ്ടാക്കി എന്നും നൈന ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.
“ഡബ് ചെയ്തത് അഹാനയല്ല. ആ സമയത്ത് മനു കണ്ടാക്ട് ചെയ്തിരുന്നു. എന്താണ് കാരണമെന്നറിയില്ല. അന്നേരം ഡബ്ബിങിന് സഹകരിച്ചില്ല. അതിന് മുൻപേ പണം മുഴുവൻ കൊടുത്തിരുന്നു. ഡബ്ബ് ചെയ്യാൻ വരാതിരുന്നപ്പോൾ മനുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു.”- നൈന പറഞ്ഞു.
നേരത്തെ, സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് നൈന ആദ്യം അഹാന കൃഷ്ണയ്ക്കെതിരെ രംഗത്തുവന്നത്. അഹാനയോട് പറ്റുന്ന തരത്തിൽ സംസാരിച്ചിരുന്നു. പ്രൊഡക്ഷൻ ടീമും പിആർഒയുമൊക്കെ സിനിമയുമായി സഹകരിക്കണമെന്ന് അഹാനയോട് അഭ്യർത്ഥിച്ചിരുന്നു. ഭർത്താവ് ജീവിച്ചിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിക്കാണും. എന്നാൽ, മൂന്ന് കൊല്ലം കഴിഞ്ഞിട്ടും അഹാന അതൊന്നും ഇപ്പോഴും മറന്നില്ല. മാനുഷിക പരിഗണന കൊണ്ട് അഹാന പ്രമോഷന് വരേണ്ടതായിരുന്നു. വരാത്തതിൻ്റെ കാരണം തനിക്കറിയില്ലെന്നും നൈന പറഞ്ഞിരുന്നു.
മനു മരിച്ചതിനു ശേഷമാണ് താൻ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനിൽ ജോയിൻ ചെയ്യുന്നത് എന്നും നൈന വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ കാര്യങ്ങളൊക്കെ പറഞ്ഞുതന്നു. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കാൻ മൂന്ന് വർഷമെടുത്തു. നല്ല രീതിയിൽ സിനിമ പൂർത്തിയാക്കാനാണ് ശ്രമിച്ചത് എന്നും നൈന കൂട്ടിച്ചേർത്തു.
2023 ഫെബ്രുവരി 25നാണ് മഞ്ഞപ്പിത്തം ബാധിച്ച് സംവിധായകനായ ജോസഫ് മനു ജെയിംസ് അന്തരിച്ചത്. അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന നാൻസി റാണി ഈ മാസം 14ന് തീയറ്ററുകളിലെത്തും. മമ്മൂട്ടിയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.