Siddique: നടിയുടെ പരാതി; ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും സിദ്ദിഖിനെതിരെ കേസെടുത്തു
Case Against Siddique: കഴിഞ്ഞ ദിവസം ഇമെയിൽ മുഖേനെയാണ് ഡിജിപിക്ക് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടി പുറത്തുവിട്ടത്. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ (Siddique) കേസെടുത്തു മ്യൂസിയം പോലീസ്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. മാസ്കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം ഇമെയിൽ മുഖേനെയാണ് ഡിജിപിക്ക് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടി പുറത്തുവിട്ടത്. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്.
നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ നടി ഈ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിക്കുകയായിരുന്നു. ഒടുവിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ദിഖിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്. പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവെക്കുകയായിരുന്നു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകും മുൻപ് ഹോട്ടലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞതിന് ശേഷം തന്നെ മസ്കറ്റ് ഹോട്ടലിൽ ഒരു ചർച്ചയ്ക്ക് വിളിച്ചിരുന്നതായും നടി പറഞ്ഞു. “ഇവിടെ വച്ചാണ് തന്നെ ശാരീരികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു, അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു” നടി പറഞ്ഞിരുന്നു. എന്നാൽ സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും എന്നാൽ മാത്രമേ പരാതിയുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കിയിരുന്നു. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
ALSO READ: ‘എല്ലാം പുതിയ തുടക്കത്തിന്റെ ഭാഗം, പുതുതലമുറയ്ക്ക് ഈ നീക്കം ധൈര്യം നൽകും’; രേവതി
എന്നാൽ തനിക്കെതിരായ ആരോപണത്തിൽ ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നാണ് സിദ്ദിഖ് വ്യക്തമാക്കിയത്. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് മോഹൻലാലിന് നൽകിയ രാജിക്കത്തിൽ സിദ്ദിഖ് പറഞ്ഞിട്ടുള്ളതായി പറയുന്നു.
അതിനിടെ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ടിനും തുടർന്നുണ്ടായ വെളിപ്പെടുത്തലുകൾക്കും പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള സിനിമയിൽ ഉയർത്തെഴുന്നേറ്റിരിക്കുന്നുത്. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ അമ്മ സംഘടന ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുന്നത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം രാജിവച്ചത്. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു.
അതേസമയം സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി നൽകുന്നതിനായി പുതിയ സംവിധാനമൊരുക്കി കേരള പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ഇ മെയിൽ വഴിയും ഫോൺ നമ്പർ വഴിയുമാണ് പരാതികൾ അയക്കാൻ സൗകര്യമൊരിക്കിയിരിക്കുന്നത്. ഇതുവഴി പരാതി അറിയിക്കുന്നവരുടെ മൊഴി രേഖപ്പെടുത്താനും തുടർനടപടികളിലേക്ക് നീങ്ങാനുമാണ് തീരുമാനിച്ചിരിക്കുന്നത്. പരാതികളിൽ സ്വകാര്യത മാനിച്ചുകൊണ്ടുള്ള നടപടികളായിരിക്കും സ്വീകരിക്കുക. digitvmrange.pol@kerala.gov.in എന്ന മെയിൽ ഐഡിയിലും 0471-2330747 എന്ന നമ്പറിലും ആണ് പരാതികൾ അറിയിക്കേണ്ടത്. അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗത്തിന്റെ ഇ മെയിൽ ഐഡിയാണ് പരാതികൾ സമർപ്പിക്കുന്നതിനായി നൽകിയത്. ഇതുവഴി ലഭിക്കുന്ന പരാതികൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരിക്കും രജിസ്റ്റർ ചെയ്യുക എന്നാണ് റിപ്പോർട്ട്.