‘വേരറുക്കല്‍ നിസാരമല്ല, വ്യാജപതിപ്പ് കവര്‍ന്നെടുക്കുന്നത് സിനിമയെ അന്നമാക്കിയവന്റെ ജീവിതം’
Tamil Blasters Telegram Channel: ടെലഗ്രാമിന്റെ പ്രധാന ഫീഡര്‍ തമിഴ് ബ്ലാസ്റ്റേഴ്‌സ് എന്ന വെബ്സൈറ്റ് തന്നെയാണ്. തമിഴ് ബ്ലാസ്റ്റേഴ്‌സ് ഒരു വ്യക്തി മാത്രം നിയന്ത്രിക്കുന്ന ശൃംഖലയല്ല. ഇന്ത്യയ്ക്ക് പുറത്തും ഈ നെറ്റ്വര്‍ക്കിന് അഡ്മിനിസ്ട്രേഷന്‍ പാനലുകള്‍ ഉണ്ട്. പല രാജ്യങ്ങളിലും കോപ്പിറൈറ്റ് ലംഘനം എന്നുള്ളത് കുറ്റകരമല്ല.

സിനിമയുടെ വ്യാജ പതിപ്പ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ഒരു സംഘത്തെ എറണാകുളത്ത് നിന്ന് പിടികൂടുന്നത്. ഇവരില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറംലോകത്തേക്ക് എത്തിയത്. സിനിമാ വ്യവസായത്തെ ആകെ തകര്‍ക്കുന്ന കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ആസൂത്രണം നടക്കുന്നുണ്ടെന്ന വിവരവും പുറത്തേക്ക് എത്തിയിരുന്നു. ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പങ്കുവെക്കപ്പെടുന്നത്. ടെലഗ്രാം പോലുള്ള ഒരു പ്ലാറ്റ്‌ഫോം കുപ്രസിദ്ധ ആക്ടിവിറ്റികള്‍ക്ക് സഹായകരമാകുമ്പോള്‍ സാധാരണക്കാരെ കുറ്റവാളിയാക്കാന്‍ പ്രചോദിപ്പിക്കുക കൂടി ചെയ്യുകയാണ്. തമിഴ് ബ്ലാസ്റ്റേഴ്‌സിന്റെ വെബ്സൈറ്റില്‍ കയറി ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധാരണക്കാരനായ വ്യക്തിക്ക് പരിമിതികളുണ്ട്. ടെലഗ്രാമില്‍ സുലഭമായി ഇത്തരം സിനിമകളുടെ ഫയല്‍ ലഭിക്കുന്നതോടെ ഒറ്റ ക്ലിക്കില്‍ സിനിമ ഫോണില്‍ ഡൗണ്‍ലോഡ് ആവും.
ടെലഗ്രാമിന്റെ പ്രധാന ഫീഡര്‍ തമിഴ് ബ്ലാസ്റ്റേഴ്‌സ് എന്ന വെബ്സൈറ്റ് തന്നെയാണ്. തമിഴ് ബ്ലാസ്റ്റേഴ്‌സ് ഒരു വ്യക്തി മാത്രം നിയന്ത്രിക്കുന്ന ശൃംഖലയല്ല. ഇന്ത്യയ്ക്ക് പുറത്തും ഈ നെറ്റ്വര്‍ക്കിന് അഡ്മിനിസ്ട്രേഷന്‍ പാനലുകള്‍ ഉണ്ട്. പല രാജ്യങ്ങളിലും കോപ്പിറൈറ്റ് ലംഘനം എന്നുള്ളത് കുറ്റകരമല്ല. രാജ്യങ്ങളുടെ പേര് ഇവിടെ പ്രതിപാദിക്കുന്നില്ല. ഇത്തരം കോപ്പിറൈറ്റ് ചട്ട ലംഘനങ്ങള്‍ ബാധകമല്ലാത്ത രാജ്യങ്ങളില്‍ നിന്ന് തിയേറ്റര്‍ പ്രിന്റ് ഫീഡ് ചെയ്യുന്നതിന് ഒരു തരത്തിലുമുള്ള നിയമ പ്രശ്‌നങ്ങള്‍ ബാധകമല്ല. ഇന്ത്യയില്‍ ആകെ ചെയ്യാനാകുന്നത് പ്രസ്തുത നെറ്റ്വര്‍ക്കിന്റെ യുആര്‍എല്‍ ബ്ലോക്ക് ചെയ്യുക എന്നുള്ളതാണ്.
Also Read: Level Cross OTT: ആസിഫ് അലിയുടെ ത്രില്ലർ ചിത്രം ‘ലെവൽ ക്രോസ്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
എന്നാല്‍ യുആര്‍എല്‍ ബ്ലോക്ക് ചെയ്യുന്നതോടെ മറ്റൊരു പ്രോക്‌സി യുആര്‍എലില്‍ വെബ്സൈറ്റ് പ്രത്യക്ഷപ്പെടും. 500ല്‍ അധികം പ്രോക്‌സി യുആര്‍എലുമായി ഇത്തരം നെറ്റ്‌വര്‍ക്കുകള്‍ ഏതു പ്രതിസന്ധി നേരിടാനും തയ്യാറായി നില്‍ക്കുകയാണ്. റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ ഒരു വെബ്സൈറ്റിന് തടയിടുന്ന മാത്രയില്‍ അടുത്ത യുആര്‍എല്‍ ആക്ടീവാകും. അതുകൊണ്ട് തന്നെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. നമ്മുടെ നിയമ സംവിധാനത്തില്‍ ഇത്തരമൊരു നിയമ ലംഘനത്തെ നേരിടാന്‍ ഒട്ടേറെ പരിമിതികളുണ്ട്. ഡിഫന്‍സ് അടക്കമുള്ള സേനകളുടെ ഐടി സെല്‍ അത്രമേല്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ഇതിനൊരു നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.
നാല് ഭാഷയിലുള്ള സിനിമകള്‍ മാത്രമാണ് ഇത്തരം വെബ്സൈറ്റുകള്‍ വഴി പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര ഐടി സെല്‍ പ്രസ്തുത വിഷയത്തില്‍ ഇടപെടുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യം കൂടുതല്‍ നിയമ സാധ്യത വഴി പരിശോധിക്കേണ്ടത് അനിവാര്യമാണ്. പാന്‍ ഇന്ത്യന്‍ റിലീസുകളാണ് പ്രധാനമായും ഇത്തരം ചിത്രങ്ങളെ തിയേറ്റര്‍ പ്രിന്റായി പ്രചരിപ്പിക്കുവാന്‍ കാരണമാകുന്നത്. ശക്തമായി എതിര്‍ക്കുമ്പോഴും തിയേറ്റര്‍ പ്രിന്റുകള്‍ പുറത്താകുന്നുണ്ടെങ്കില്‍ കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ് കുറ്റവാളി. ഒരു മലയാള ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റ് വരുന്ന വഴി പരിശോധിച്ചാല്‍, പാന്‍ ഇന്ത്യന്‍ റിലീസുകളിലൂടെ ഒരു മലയാള ചിത്രം കര്‍ണാടകയിലും ആന്ധ്രയിലും മുംബൈയിലും ഒക്കെ റിലീസ് ചെയ്യും. ഏതെങ്കിലും ഒരു ആളൊഴിഞ്ഞ തിയേറ്ററുകളില്‍ നിന്നും ചിത്രം തിയേറ്റര്‍ ക്യാപ്ചര്‍ ചെയ്താല്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് കേരളത്തിലെ ഏതെങ്കിലും തിയേറ്ററുകളില്‍ നിന്നായിരിക്കും. ഇത് എഡിറ്റിംഗ് സോഫ്‌റ്റ്വെയര്‍ വഴി യോജിപ്പിച്ചാണ് ചിത്രം റിലീസ് ചെയ്യുക.
Also Read: Kondal OTT: ആന്റണി പെപ്പെയുടെ ‘കൊണ്ടൽ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
വ്യാജ പതിപ്പുകള്‍ മൂലം സിനിമാ വ്യവസായത്തിന് പ്രതിവര്‍ഷം 22,000 കോടി രൂപയും 60,000 തൊഴിലവസരങ്ങളും നഷ്ടപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. കോടിക്കണക്കിന് രൂപ മുടക്കി ഒരു സിനിമ തിയേറ്ററില്‍ എത്തിക്കുന്ന നിര്‍മ്മാതാവിന്റെയും ആ സിനിമ അന്നമായ നിരവധി അണിയറ പ്രവര്‍ത്തകരുടെയും നെറുകയില്‍ തറയ്ക്കുന്ന ആണി മാത്രമാണ് ഇത്തരം തിയേറ്റര്‍ പ്രിന്റുകള്‍. തമിഴ് ബ്ലാസ്റ്റേഴ്‌സ് എന്ന നെറ്റ്വര്‍ക്കിന് താഴിടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന എല്ലാ ദാദാക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ചാലും ഏതെങ്കിലും ഒരു മാര്‍ഗത്തില്‍ തമിഴ് ബ്ലാസ്റ്റേഴ്‌സ് പുനര്‍ജനിക്കും. കാരണം അവരുടെ വേരുകള്‍ ഇന്ത്യയിലല്ല. ഇതൊന്നും നിയമ ലംഘനം അല്ലാത്ത നാടുകളിലാണ്. വ്യാജപ്പതിപ്പുകളുടെ കാര്യത്തില്‍ കാഴ്ചക്കാര്‍ സ്വയം ‘തിയേറ്റര്‍ പ്രിന്റ് കാണില്ല, കാണുന്നത് ക്രിമിനല്‍ കുറ്റമാണ്’ എന്ന തീരുമാനം എടുക്കുകയാണ് വേണ്ടത്.
തയാറാക്കിയത്: അഡ്വ. വിഷ്ണു വിജയന്‍