5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി ഉന്നയിച്ച നടി പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുന്നു

Pocso Case Against Actress Who Made Allegation Against Mukesh: 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒഡീഷനെന്ന് പറഞ്ഞ് തന്നെയും അമ്മയേയും ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെയുള്ള ഒരു ഹോട്ടലില്‍ എത്തിച്ച ശേഷം പലര്‍ക്കും കൈമാറാന്‍ ശ്രമിച്ചുവെന്നാണ് ബന്ധുവായ പെണ്‍കുട്ടി ആരോപിക്കുന്നത്.

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി ഉന്നയിച്ച നടി പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുന്നു
കേരള ഹൈക്കോടതി (Image Credits: Social Media)
shiji-mk
SHIJI M K | Published: 25 Sep 2024 14:24 PM

കൊച്ചി: നടന്‍ മുകേഷ് (Mukesh) ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ബന്ധുവായ യുവതി നല്‍കിയ പരാതിയില്‍ നടിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നീക്കം. തനിക്ക് പതിനാറ് വയസുള്ളപ്പോള്‍ ഒഡീഷനെന്ന് പറഞ്ഞ് ചെന്നൈയിലേക്ക് കൊണ്ടുപോവുകയും മറ്റുപലര്‍ക്കും കൈമാറാന്‍ ശ്രമിച്ചുവെന്നുമാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ആലുവ സ്വദേശിനിയായ നടിക്കെതിരെ മൂവാറ്റുപുഴ പോലീസാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒഡീഷനെന്ന് പറഞ്ഞ് തന്നെയും അമ്മയേയും ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെയുള്ള ഒരു ഹോട്ടലില്‍ എത്തിച്ച ശേഷം പലര്‍ക്കും കൈമാറാന്‍ ശ്രമിച്ചുവെന്നാണ് ബന്ധുവായ പെണ്‍കുട്ടി ആരോപിക്കുന്നത്. ഈ നടിക്ക് പെണ്‍വാണിഭ സംഘവുമായി അടുത്ത ബന്ധമുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.

Also Read: Siddique: നടൻ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിയും സുപ്രീം കോടതിയിലേക്ക്

മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് നടി നേരത്തെ പീഡനാരോപണം ഉന്നയിച്ചിരുന്നത്.

അതേസമയം, നടിയുടെ പരാതിയില്‍ നടന്‍ ഇടവേളബാബുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം പ്രിന്‍സിപ്പല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ ഇടവേള ബാബുവിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി, ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ പരാതികളിലാണ് ഇടവേള ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ആലുവ സ്വദേശിയായ നടിയുടെ പരാതി എറണാകുളം നോര്‍ത്ത് പോലീസും കോഴിക്കോട് സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ നടക്കാവ് പോലീസുമാണ് കേസെടുത്തത്. പരാതിക്കാരിയായ നടിയെ ഇടവേള ബാബുവിന്റെ ഫ്‌ളാറ്റിലെത്തിച്ച് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. നിലവിലുള്ള ഈ രണ്ട് കേസുകളും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയതിന് പിന്നാലെയാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

Also Read: Hema Committee Report : ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വികെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

അതേസമയം, നടി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ എംഎല്‍എയും നടനുമായ എം മുകേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. കൊച്ചി മരട് പോലീസ് സ്റ്റേഷനിലാണ് നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിന് ഐപിസി 354, 354 (എ) എന്നീ വകുപ്പുകളും ലൈംഗിക ചുവയുള്ള വാക്കുകളും ചേഷ്ടകളുമുപയോഗിച്ചതിന് ഐപിസി 509 വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നടിയുടെ പരാതിയില്‍ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നീ നാല് നടന്മാരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ തടസ ഹരജി നല്‍കാനൊരുങ്ങി പരാതിക്കാരി. ഇടക്കാല ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടെ കേള്‍ക്കണമെന്നാണ് പരാതിക്കാരിയായ നടിയുടെ ആവശ്യം. പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ നടിക്കുവേണ്ടി കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നടി പരാതി നല്‍കാന്‍ വൈകിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും കോടതിയില്‍ സിദ്ദിഖ് ഹര്‍ജി നല്‍കുക എന്നാണ് ലഭ്യമാകുന്ന വിവരം. അതിനാല്‍ തന്നെ പരാതി നല്‍കാന്‍ കാലതാമസം നേരിട്ടതടക്കമുള്ള കാര്യങ്ങളില്‍ തന്റെ വാദം കേള്‍ക്കണമെന്ന ആവശ്യവും നടി ഉന്നയിച്ചേക്കും.

Also Read: Mukesh: നടിയെ പീഡിപ്പിച്ച കേസിൽ മുകേഷ് അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

അതേസമയം, കഴിഞ്ഞ ദിവസമാണ് നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നടന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളി ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

ജാമ്യ ഹരജി തള്ളിയതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും നടനെ കണ്ടെത്താനായില്ല. സിദ്ദിഖ് നിലവില്‍ വീട്ടിലും ബന്ധുവീടുകളിലുമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടാതെ ഫോണ്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടൊപ്പം വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ നടനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

Latest News