Vincy Aloshious: അഹങ്കാരത്തിന്റെ പേരിൽ ഞാൻ ഒഴിവാക്കിയ സിനിമ കാനിൽ; ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’നെ കുറിച്ച് നടി വിൻസി അലോഷ്യസ്
Vincy Aloshious about All We Imagine As Light: കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ പ്രീ അവാർഡ് സ്വന്തമാക്കിയി ആദ്യ ഇന്ത്യൻ ചിത്രമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയാണ് ചിത്രത്തിന്റെ വിതരണക്കാർ.
തിരുവനന്തപുരം: 77-ാമത് കാൻ ചലച്ചിത്രോത്സവത്തിൽ തിളങ്ങിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിലേക്ക് തന്നെ നായികയായി പരിഗണിച്ചിരുന്നുവെന്ന് നടി വിൻസി അലോഷ്യസ്. എന്നാൽ തലയ്ക്ക് അഹങ്കാരം കേറി നിന്ന സമയത്ത് താൻ ആ സിനിമ വേണ്ടെന്ന് വെച്ചുവെന്നും നടി പറഞ്ഞു. പ്രാർത്ഥനയും നന്മയും ഉണ്ടായിരുന്ന സമയത്ത് തന്നെ തേടി എത്തേണ്ടത് എത്തിയിരുന്നെന്നും എന്നാൽ ഇപ്പോൾ താഴേക്ക് എത്തി നിൽക്കുകയാണെന്നും വിൻസി പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങിനിടെയായിരുന്നു നടിയുടെ പ്രതികരണം.
‘ഒരു കുമ്പസാരം പോലെ ഞാൻ ഇത് നിങ്ങളോട് പറയാം, എന്റെ വീട്ടുകാർക്ക് പോലും ഒന്നും അറിയില്ല. തലയ്ക്ക് അഹങ്കാരം പിടിച്ച സമയത്താണ് എന്നെ തേടി ഒരു സിനിമ വരുന്നത്. എന്നാൽ എനിക്ക് പറ്റിയത് അല്ല എന്ന് പറഞ്ഞ് ഞാൻ ആ ഓഫർ നിരസിച്ചു. കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ഒരു സിനിമയാണ് അത്. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്നാണ് ആ സിനിമയുടെ പേര്. പായൽ കപാഡിയയായിരുന്നു സംവിധാനം.
ദിവ്യ പ്രഭ, കനി കുസൃതി എന്നിവരായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. അടുത്തകാലത്തായി സമൂഹം ചർച്ചചെയ്ത ചിത്രമായിരുന്നു ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. എന്റെ അങ്കഹാരത്തിന്റെ പുറത്താണ് ഞാൻ ആ ഓഫർ നിരസിച്ചത്. കരിയറിന്റെ ഉയർച്ചയിൽ നിന്ന് താഴേക്ക് പോയ ഞാനാണ് ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. പ്രാർത്ഥന നന്നായി വേണം. അങ്ങനെ ഇല്ലാതിരുന്ന സമയം എനിക്ക് ഉണ്ടായിരുന്നു. ആ വ്യത്യാസമിപ്പോൾ കാണാം. പ്രാർത്ഥന ഉണ്ടായിരുന്നപ്പോൾ എത്തേടിണ്ടത് ഞാൻ എത്തിയിരുന്നു,’ വിൻസി അലോഷ്യസ് പറഞ്ഞു.
കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ പ്രീ അവാർഡ് സ്വന്തമാക്കിയി ആദ്യ ഇന്ത്യൻ ചിത്രമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയാണ് ചിത്രത്തിന്റെ വിതരണക്കാർ. കഴിഞ്ഞ ദിവസം ഡിസ്നി പ്ലസ് ഹോട്ട് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. മികച്ച പ്രേക്ഷക പിന്തുണയാണ് ദിവ്യ പ്രഭ, കനി കുസൃതി എന്നിവർ അഭിനയിച്ച ചിത്രത്തിന് ലഭിക്കുന്നത്. . ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന തലക്കെട്ടിലാണ് കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിയത്.
അതേസമയം, 2023- ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിൻസി നേടിയിരുന്നു. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്. 2024-ൽ അരുൺ ബോസ് സംവിധാനം ചെയ്ത മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രമാണ് വിൻസിയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.