5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Swasika: സ്വാസിക ക്ഷമ അര്‍ഹിക്കുന്നുണ്ടോ? അടിമത്തം ആഗ്രഹിക്കാത്ത മലയാളി പെണ്ണുങ്ങള്‍

Actress Swasika Controversy: തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ തനിക്ക് എവിടെ ചെന്നാലും ലഭിക്കുമെന്ന് ഉറപ്പുള്ള ഒന്നിനെ എത്ര ലാഘവത്തോടെയാണ് സ്വാസിക വേണ്ടെന്ന് പറയുന്നത്. സ്വാസിക പറഞ്ഞത് ശരിയെന്നും സ്വാസിക പറഞ്ഞത് തെറ്റെന്നും വാദിക്കുന്ന രണ്ട് വിഭാഗമുണ്ട് സോഷ്യല്‍ മീഡിയയില്‍. സ്വാസികയ്ക്ക് കുടപിടിക്കുന്നവര്‍ പറയുന്നത് പൊതുവേ എല്ലാ സ്ത്രീകളും ഇങ്ങനെയാണെന്നാണ്. യഥാര്‍ഥത്തില്‍ എല്ലാ സ്ത്രീകളും സ്വാസികയെ പോലെയാണോ?

Swasika: സ്വാസിക ക്ഷമ അര്‍ഹിക്കുന്നുണ്ടോ? അടിമത്തം ആഗ്രഹിക്കാത്ത മലയാളി പെണ്ണുങ്ങള്‍
shiji-mk
Shiji M K | Published: 14 Nov 2024 17:40 PM

എനിക്ക് ഇക്വാലിറ്റി വേണ്ട, ഭര്‍ത്താവിന് താഴെ ജീവിക്കാനാണിഷ്ടം…ഈ പറഞ്ഞതാര് എന്ത് എന്നൊന്നും പറഞ്ഞ് ഒരു മുഖവുര സൃഷ്ടിക്കേണ്ട കാര്യമില്ല. ഇക്വാലിറ്റി, അത് ചെറിയൊരു വാക്കല്ല, പറഞ്ഞും പറയാതെയുമുള്ള ഒട്ടനവധി അര്‍ത്ഥങ്ങളുണ്ട് അതിന്. എവിടം മുതല്‍ തനിക്ക് സ്വാതന്ത്ര്യവും തുല്യതയും നഷ്ടപ്പെടുന്നുവോ അവിടം മുതല്‍ക്കെ എനിക്കതെല്ലാം വേണമെന്ന് ഒരാള്‍ പറയുകയുള്ളൂ. ഇതെല്ലാം തന്റെ മുന്നിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും ഒരു വ്യക്തിക്ക് പറയാം ഓഹ്, എനിക്കിത് വേണ്ടെന്ന്. എന്നാല്‍ ആ പറയുന്നത് സമൂഹത്തില്‍ അല്‍പം ഉയര്‍ന്ന് നില്‍ക്കുന്ന അല്ലെങ്കില്‍ സമൂഹത്തില്‍ ഭൂരിഭാഗം ആളുകളിലും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഒരു വ്യക്തിയാണെങ്കിലോ?

താന്‍ അനുഭവിക്കുന്ന എല്ലാ പ്രിവിലേജില്‍ നിന്നുമാണ് നടി സ്വാസിക തനിക്ക് ഇക്വാലിറ്റി വേണ്ടെന്ന് പറയുന്നത്. താന്‍ ചെറുപ്പത്തില്‍ എടുത്ത തീരുമാനമാണ് ഭര്‍ത്താവിന് കീഴില്‍ ജീവിക്കുക എന്നതെന്നാണ് സ്വാസിക പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ചോദിച്ചാല്‍ അവര്‍ക്കതിന് കൃത്യമായ ഉത്തരവും ഇല്ല. സ്വാസിക ഒരു ഗംഭീര അഭിനേത്രി തന്നെയാണ് ഏറെ കഷ്ടപ്പെട്ടാണ് തന്റേതായ ഇടം മലയാള സിനിമ-സീരിയല്‍ രംഗത്ത് അവര്‍ ഉണ്ടാക്കിയത്.

സ്വാസികയും ഭര്‍ത്താവ് പ്രേമും (Image Credits: Instagram)

ചതുരം, വിവേകാനന്ദന്‍ വൈറലാണ് തുടങ്ങിയ ചിത്രങ്ങളില്‍ വളരെ ബോള്‍ഡായി അഭിനയിച്ച താരത്തില്‍ നിന്നാണ് വിചിത്രമായ വാദം ഉയരുന്നത്. ഇപ്പോഴത്തെ പല നടിമാരും ചെയ്യാന്‍ മടിക്കുന്ന കഥാപാത്രങ്ങളാണ് ഒരു ഇന്‍ഹിബിഷനും കൂടാതെ സ്വാസിക അനായാസം ചെയ്യുന്നത്. തന്റെ തൊഴില്‍ മേഖലയില്‍ അവര്‍ അത്രയും കരുത്തുറ്റതാണ്. എന്നാല്‍ തുല്യതയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് അവര്‍ വാചാലയാകുന്നത് കയ്യിലിരിക്കുന്ന മിഠായി വിട്ടുകൊടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന മിഠായികള്‍ നുണയുന്നതുപോലെയാണ്. തനിക്ക് നഷ്ടങ്ങളൊന്നും സംഭവിക്കുന്നില്ല, എന്നാല്‍ താന്‍ മറ്റുള്ളവരുടെ മുന്നില്‍ വിശാല ഹൃദയ ആവുകയും ചെയ്യുന്നു.

Also Read: Swasika: ‘രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴും; കിച്ചണിൽ പോലും കയറാൻ അനുവദിക്കാറില്ല’; സ്വാസികയെക്കുറിച്ച് പ്രേം

ഉയര്‍ന്ന നിലയിലേക്ക് എത്തിയ ഒരാള്‍ എന്ന നിലയില്‍ അവര്‍ അധ്വാനിക്കുന്നു, സമ്പാദിക്കുന്നു, അധ്വാനിച്ച് കിട്ടുന്ന പണം സ്വന്തമായി ചിലവഴിക്കുന്നു. ഇങ്ങനെയെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. ആ സ്വാതന്ത്ര്യം എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ചാണ് സ്വാസിക മറന്നുപോകുന്നത്. സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസപരമായി സ്ത്രീകള്‍ നേടിയെടുത്ത സ്വാതന്ത്ര്യത്തിന് മേല്‍ തുളച്ചുകയറുന്ന ആണിയാണ് സ്വാസികയുടെ വാക്കുകള്‍. ഒരു പെണ്‍കുട്ടി ജനിക്കുന്നു, അവള്‍ വിദ്യാഭ്യാസം നേടുന്നു, ജോലി ലഭിക്കുന്നു പണം സമ്പാദിക്കുന്നു, ജീവിക്കുന്നു. ഇത് ഇന്നത്തെ കാലഘട്ടത്തിന്റെ ചിത്രമാണ്. എന്നാല്‍ ഇതിനൊന്നും അവസരം ലഭിക്കാതിരുന്ന, വരും തലമുറയ്ക്ക് അവസരം നേടികൊടുക്കാന്‍ ഇറങ്ങിപുറപ്പെട്ട ഒരു കൂട്ടം സ്ത്രീകളുണ്ട് സ്വാസിക ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നില്‍.

അഭിനേത്രിയോ അല്ലെങ്കില്‍ സമൂഹത്തിന്റെ മറ്റേതെങ്കിലും മേഖലയില്‍ സജീവമാകാന്‍ ആഗ്രഹിച്ചിരുന്ന സ്ത്രീകള്‍ക്ക് നേരെ വാതിലുകള്‍ കൊട്ടിയടച്ചിരുന്ന കാലമുണ്ടായിരുന്നു കേരളത്തില്‍. ഉണ്ടായിരുന്നു എന്നല്ല, ഇന്നും ഉണ്ട്. നമ്മുടെ കൊച്ചു കേരളത്തിന്റെ പലകോണുകളില്‍ നിന്നായി അവസരത്തിനായി വിദ്യാഭ്യാസത്തിനായി ജീവിക്കാനായി പലരും പോരാടികൊണ്ടിരിക്കുകയാണ്. സ്വന്തം വിവാഹക്കാര്യത്തില്‍, ജീവിതത്തില്‍ തുടങ്ങി പല കാര്യങ്ങളിലും സ്വന്തമായി തീരുമാനമെടുക്കാനും മുന്നോട്ടുപോകാനും സാധിക്കുന്ന സ്വാസികയ്ക്ക് എങ്ങനെയാണ് ഇക്വാലിറ്റിയെ കുറിച്ച് പറയാനാകുക. അവര്‍ക്കത് ലഭിക്കുന്നുണ്ട്. തനിക്ക് പുരുഷന് കീഴില്‍ നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്ന അവര്‍ ഒരിക്കല്‍ പോലും ചിന്തിക്കുന്നില്ല പുരുഷന്റെ കാല്‍കീഴില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കാനാഗ്രഹിക്കുന്ന സ്ത്രീ വിഭാഗത്തെ.

മറ്റ് പലരും നേടി തന്ന സൗകര്യങ്ങളെ സ്വാതന്ത്ര്യത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച ശേഷം, അതെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ തനിക്ക് തുല്യത വേണ്ടെന്ന് പറയുന്നതിനെ വിരോധാഭാസം എന്നല്ലാതെ മറ്റൊന്നും പറയാന്‍ സാധിക്കില്ല. സോഷ്യല്‍ സ്റ്റാറ്റസിന്റെ പേരില്‍ വളരെയധികം ഉയര്‍ന്ന് നില്‍ക്കുന്ന സ്ത്രീ നടത്തുന്ന ജല്‍പനങ്ങള്‍ തീര്‍ച്ചയായിട്ടും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഒന്ന് തന്നെയാണ്.
നീതിക്ക് വേണ്ടി സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പോരാട്ടം നടത്തികൊണ്ടിരിക്കുന്ന ഒരു നാട് തന്നെയാണ് നമ്മുടേത്. ആ ഒരു നാട്ടില്‍ അതും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എല്ലാവിധ പ്രിവിലേജുകളുമുള്ള ഒരു നടി വന്ന് തനിക്ക് ഇക്വാലിറ്റി വേണ്ട എന്നും ഭര്‍ത്താവിന്റെ കീഴില്‍ ജീവിക്കാനാണ് താത്പര്യമെന്ന് പറയുമ്പോള്‍ അതില്‍ നിന്ന് എന്ത് സന്ദേശമാണ് ഈ സമൂഹം ഉള്‍ക്കൊള്ളേണ്ടത്. പൊതുവേ സിനിമാ താരങ്ങള്‍ ഇന്നും പലര്‍ക്കും നല്ല മാതൃകകളാണ്. അതുകൊണ്ട് തന്നെ ഈ നടിമാര്‍ക്ക് പോലും വേണ്ടാത്ത എന്ത് ഇക്വാലിറ്റിയാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന ചോദ്യം സ്ത്രീകള്‍ പലയിടങ്ങളില്‍ നിന്ന് കേള്‍ക്കേണ്ടതായി വരും.

Also Read: Swasika: ഇപ്പോള്‍ മിഥുനത്തിലേത് പോലെ, പണ്ട് പൊന്നാണ് ചക്കരയാണ് എന്നൊക്കെ പറയുമായിരുന്നു; വിവാഹ ബന്ധത്തെ കുറിച്ച് സ്വാസിക

നീതിക്കുവേണ്ടിയുള്ള പോരാട്ടം അത് അത്ര നിസാരമായ ഒന്നല്ല, ഏറെ പ്രതിസന്ധികളിലൂടെ തന്നെയാണ് ഓരോ സ്ത്രീകളും കടന്നുപോകുന്നത്. അവര്‍ സഞ്ചരിക്കുന്ന വഴികള്‍ സ്വാസികയ്ക്ക് മുന്നിലുള്ളതുപോലെയല്ല. സാധാരണക്കാരിയായ ഒരു സ്ത്രീ തന്റെ വിവാഹക്കാര്യത്തില്‍ അല്ലെങ്കില്‍ ജോലി കാര്യത്തില്‍ എങ്ങനെയാണ് തീരുമാനം എടുക്കുന്നത്?, സ്വന്തം അഭിപ്രായങ്ങള്‍ താത്പര്യങ്ങള്‍ ഇതിനോടെല്ലാം കടക്ക് പുറത്ത് പറഞ്ഞ് മറ്റാരെക്കെയോ അവള്‍ക്ക് വേണ്ടി സംസാരിക്കുന്നു പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവിടെ സ്വാസികയെ പോലുള്ള സ്ത്രീകളെ പരിഗണിക്കുമ്പോള്‍ അവരുടെ വിവാഹം, ജീവിതം ഇനി ഒരുമിച്ച് പോകാന്‍ പറ്റിയില്ലെങ്കില്‍ ഡിവോഴ്‌സ് ഇതെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് നടക്കുന്നത്.

തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ തനിക്ക് എവിടെ ചെന്നാലും ലഭിക്കുമെന്ന് ഉറപ്പുള്ള ഒന്നിനെ എത്ര ലാഘവത്തോടെയാണ് സ്വാസിക വേണ്ടെന്ന് പറയുന്നത്. സ്വാസിക പറഞ്ഞത് ശരിയെന്നും സ്വാസിക പറഞ്ഞത് തെറ്റെന്നും വാദിക്കുന്ന രണ്ട് വിഭാഗമുണ്ട് സോഷ്യല്‍ മീഡിയയില്‍. സ്വാസികയ്ക്ക് കുടപിടിക്കുന്നവര്‍ പറയുന്നത് പൊതുവേ എല്ലാ സ്ത്രീകളും ഇങ്ങനെയാണെന്നാണ്. യഥാര്‍ഥത്തില്‍ എല്ലാ സ്ത്രീകളും സ്വാസികയെ പോലെയാണോ?

സ്വാസിക (Image Credits: Instagram)

എന്തിനും ഏതിനും ഭര്‍ത്താവിന്റെ സമ്മതം ചോദിക്കേണ്ടി വരുന്ന ഭര്‍ത്താവിന്റെ മാത്രമല്ല, ഭര്‍തൃ വീട്ടുകാരുടെയും സമൂഹത്തിന്റെയും മുഴുവന്‍ സമ്മതം ചോദിക്കേണ്ടി വരുന്ന സ്ത്രീകളുടെ നാട് കൂടിയാണിത്. അവര്‍ക്കില്ലാത്ത പ്രിവിലേജ് എന്തുകൊണ്ടും സ്വാസികയ്ക്കുണ്ട്. ഇഷ്ടപ്പെടാത്തതിനോട് നോ പറയാനും ഇഷ്ടമുള്ളത് കൈ എത്തിപ്പിടിക്കാനും സാധിക്കുന്ന പ്രിവിലേജ്. പണ്ട് മംമത് മോഹന്‍ദാസ് പറഞ്ഞ വാക്കുകള്‍ ഓര്‍മയില്ലേ? സ്ത്രീകള്‍ സെല്‍ഫ് വിക്ടിമസൈഷേന്‍ നടത്തികൊണ്ടിരിക്കുന്ന ഒരു നാടാണിത്. ഞാന്‍ അബ്യൂസിന്റെ വിക്ടിമാണ് അസോള്‍ട്ടിന്റെ വിക്ടിമാണ് എന്ന് എത്ര കാലം പാട്ടും പാടികൊണ്ടിരിക്കുമെന്നാണ് പണ്ട് മംമ്ത ചോദിച്ചത്. വേട്ടയാടപ്പെടലുകള്‍ അനുഭവിക്കാത്ത അതിനെ കുറിച്ച് കേട്ട് കേള്‍വി മാത്രമുള്ള ഒരാള്‍ക്ക് വിക്ടിം എന്ന പ്രയാഗം തന്നെ തമാശയാണ്. ഒരു വശത്ത് മംമതയുണ്ടെന്ന് അതിനപ്പുറത്ത് സ്വാസികയുണ്ടെന്ന് മാത്രം പറയാം.

പലരും ഫെമിനിസം എന്ന വാക്കിനെ നിര്‍വചിക്കുന്നത് പോലും സ്ത്രീകള്‍ പുരുഷന് മുകളില്‍ ആധിപത്യം നേടേണ്ടവര്‍ ആണെന്ന രീതിയിലാണ്. അത് തെറ്റായ വ്യാഖ്യാനം മാത്രമാണ്. നിങ്ങള്‍ സ്ത്രീയോ പുരുഷനോ ആരുമായിക്കോട്ടേ നിങ്ങളെ തുല്യരായി പരിഗണിക്കണം എന്നതാണ് ഫെമിനിസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇഷ്ടമുള്ള സിനിമകളില്‍ ഇഷ്ടമുള്ളതുപോലെ അഭിനയിക്കാന്‍ സാധിക്കുക, ഇഷ്ടമുള്ള വസ്ത്രം, മേക്കപ്പ് എന്നിവ ചെയ്യാന്‍ സാധിക്കുന്നു. ഇഷ്ടമുള്ളതുപോലെ പണം ചിലവഴിക്കാന്‍ സാധിക്കുന്നു ഇതെല്ലാം നടക്കുന്ന കാലത്തോളം മാത്രമേ ഒരുവ്യക്തിക്ക് അവരുടെ അഭിപ്രായങ്ങളും പറയാന്‍ സാധിക്കൂ. എന്നാല്‍ സ്വാസികയെ പോലൊരു സ്ത്രീ അനുഭവിക്കുന്ന സാമൂഹിക സുരക്ഷിതത്വം അനുഭവിക്കാത്ത ഒട്ടനവധി സ്ത്രീകളുണ്ട് ഈ നാട്ടില്‍. അവരിലേക്കാണ് സ്വാസിക തന്റെ വാക്കുകളെ അഴിച്ചുവിടുന്നത്.