Suhasini: ‘സിനിമ മേഖല മറ്റ് മേഖലകളിൽ നിന്നും വ്യത്യസ്തമാണ്, നമ്മുടെ അവസ്ഥ പലരും മുതലെടുക്കും’; സുഹാസിനി
Suhasini About Safety Issues in Malayalam Film Industry: സിനിമ വ്യവസായം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് ധാരണയില്ലാത്ത ചെറുപ്പക്കാർ ഈ മേഖലയിലുണ്ട്. അതുകൊണ്ട് തന്നെ മുതലെടുപ്പുകാർ ഇത് പ്രയോജനപ്പെടുത്തിയേക്കുമെന്ന് സുഹാസിനി പറയുന്നു.
പനജി: സിനിമ മേഖല മറ്റ് മേഖലകളിൽ നിന്നും വ്യത്യസ്തമാണെന്ന് നടി സുഹാസിനി. മറ്റു മേഖലകളിൽ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാമെന്നും, എന്നാൽ സിനിമയിൽ അങ്ങനെ സാധിക്കില്ലെന്നും നടി പറയുന്നു. ഗോവ ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ചർച്ചയിൽ സംസാരിക്കവെയാണ് നടി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘സ്ത്രീ സുരക്ഷയും സിനിമയും’ എന്ന വിഷയത്തിലായിരുന്നു ചർച്ച നടന്നത്. നടിമാരായ ഖുശ്‌ബു, ഭൂമി പഡ്നേക്കർ, സംവിധായകൻ ഇംതിയാസ് അലി എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
സിനിമയാവുമ്പോൾ ഇരുന്നൂറോ മുന്നൂറോ പേർ ഒരു സ്ഥലത്തേക്ക് പോവുകയും അവിടെ ഒരു കുടുംബം പോലെ താമസിക്കുകയുമാണ് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ, അതിർവരമ്പുകൾ മറികടന്നുവെന്ന് വരാമെന്നും സുഹാസിനി പറഞ്ഞു.
“ഒരു സാധാരണ യൂണിറ്റിലുള്ള ഈ 200 പേർ ആരാണ്? ഇതിൽ കുടുംബത്തിൽ നിന്നും മാറി നിൽക്കുന്നവരുടെ അവസ്ഥ മനസിലാക്കി മുതലെടുക്കുന്ന ആളുകൾ ഉണ്ടാകും. സിനിമ വ്യവസായം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് ധാരണയില്ലാത്ത ചെറുപ്പക്കാർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുതലെടുപ്പുകാർ ഈ അവസരം പ്രയോജനപ്പെടുത്തിയേക്കും” അവർ പറഞ്ഞു.
“ഒരിക്കൽ ഞാൻ എന്റെ ഭർത്താവ് മണിരത്‌നത്തോട് സെറ്റിൽ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. അതിനു മറുപടിയായി അദ്ദേഹം എനിക്ക് പറഞ്ഞുതന്നത് അങ്ങനെ ചെയ്ത ഒരാളെ സെറ്റിൽ നിന്നു തന്നെ പുറത്താക്കിയതിന്റെ കഥയാണ്. ഭൂരിഭാഗം പേരും പുറത്താക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ഗ്രാമത്തിൽ യാതൊരു നിയമങ്ങൾക്കും വിധേയരാകാത്ത 200 പേരുണ്ടെങ്കിൽ, അവിടെ അതിരുകൾ മറികടക്കാനുള്ള സാധ്യതയും കൂടുതലാണ്. അവിടെയാണ് യഥാർത്ഥ പ്രശ്നം വരുന്നത്. മലയാള സിനിമയിലടക്കം ഇതേ കാര്യങ്ങൾ നടക്കുന്നുണ്ട്.
തമിഴ് സിനിമയിലാണെങ്കിൽ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലേക്ക് പോകാം. തെലുങ്കിലാണെങ്കിൽ ഹൈദരാബാദിലേക്കും, അതുപോലെ കന്നഡയിൽ ആണെങ്കിൽ ഷൂട്ട് കഴിഞ്ഞാൽ ബെംഗളൂരുവിലേക്കും പോകാം. എന്നാൽ മലയാളത്തിൽ വർക്ക് ചെയ്യുമ്പോൾ അങ്ങനെയല്ല. അതാത് ദിവസങ്ങളിലെ ഷൂട്ടിംഗ് കഴിഞ്ഞാൽ തിരിച്ച് വീട്ടിലേക്ക് പോവാൻ കഴിയില്ല. അവിടെ അങ്ങനെയൊരു സ്ഥലമില്ല എന്നതുതന്നെയാണ് കാരണം. അതുകൊണ്ട് തന്നെ അവിടങ്ങളിൽ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നു.” സുഹാസിനി വ്യക്തമാക്കി.