Suchitra Murali: മോഹന്‍ലാലിന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച നടി, പക്ഷേ ഭാഗ്യം തുണച്ചില്ല; മലയാളി മറന്ന 90 കളിലെ താര സുന്ദരി
Actress Suchitra Murali : മോഹൻലാൽ നായകനാക്കി ജോഷി സംവിധാനം ചെയ്ത 'നമ്പര്‍ 20 മദ്രാസ് മെയില്‍' എത്തുന്നത്. മോഹൻലാലിന്‍റെ ഭാര്യയുടെ പേരും സുചിത്രയെന്നായതിനാൽ നടി സുചിത്രയാണ് മോഹലാലിന്‍റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചിരുന്നതായി ചില സിനിമാവാരികകളിൽ വന്നിരുന്നു.
മലയാള സിനിമയുടെ സുവർണകാലഘട്ടമായ തൊണ്ണൂറുകളിലെ പ്രിയപ്പെട്ട നായികയായിരുന്ന നടി സുചിത്ര മുരളി. സഹനടിയായും നായികയായും തിളങ്ങിയ താരം ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളി പ്രേക്ഷ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. ബാലതാരമായാണ് നടി തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഇതിനു പിന്നാലെ ചെറുതും വലുതുമായ ഒത്തിരി സിനിമകൾ താരത്തിനെ തേടി എത്തി. ജോഷി സംവിധാനം ചെയ്ത ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിൽ സുചിത്ര നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നാലെ ഒരുപിടി ഹിറ്റ് സിനിമകളാണ് താരം സമ്മാനിച്ചത്. 1991 ല്‍ പുറത്തിറങ്ങിയ ഗോപുര വാസലിലേ എന്ന തമിഴ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ നടിയ്ക്ക് പുതിയൊരു ഭാവി വരെ പ്രവചിച്ചു. എന്നാല്‍ പ്രവചനങ്ങള്‍ തെറ്റി. പിന്നീടങ്ങോട്ട് നല്ല കഥാപാത്രങ്ങളൊന്നും താരത്തിനെ തേടിയെത്തിയില്ല.
1999 ല്‍ സുചിത്ര മുരളിയെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്ന ബ്രേക്കെടുത്ത് അമേരിക്കയിലേക്ക് ചേക്കെറി. ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം യുഎസിലാണ്. നര്‍ത്തകി കൂടെയായ സുചിത്ര അവിടെ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. എന്നാൽ പഴയ കാല നടിയെ അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. അതിനുദ്ദാഹരണമാണ് സുചിത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇടയ്ക്കിടയ്ക്കിടെ നാട്ടിലെത്തുന്ന താരം കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലെത്തി സുഹൃത്തുക്കളെയെല്ലാം കണ്ടുമുട്ടിയ സന്തോഷവും പങ്കുവച്ചിരുന്നു. ലവ്‌ലീസ് ഓഫ് ട്രിവാന്‍ഡ്രം ഗ്രൂപ്പിന്റെ ഒത്തുചേരലിലും സുചിത്ര പങ്കെടുത്തതും വലിയ വൈറലായിരുന്നു. മേനക സുരേഷ്, കാര്‍ത്തിക, ശ്രീലക്ഷ്മി, ചിപ്പി, സോന നായര്‍, വനിത കൃഷ്ണചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതാദ്യമായാണ് ഈ ഗ്രൂപ്പിലേക്ക് സുചിത്ര വന്നതെന്നായിരുന്നു മേനക പറഞ്ഞത്. നാളുകള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ആരാധകർക്കും ഏറെ ആവേശമായിരുന്നു. പിന്നാലെ സുരേഷ് ഗോപിയേയും രാധികയേയും കണ്ടതിന്റെ സന്തോഷവും സുചിത്ര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
ആദ്യമായി ക്യമറയ്ക്ക് മുന്നിൽ
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി സുചിത്ര മുരളി ക്യമറയ്ക്ക് മുന്നിൽ എത്തുന്നത്. 1978ൽ ആരവം എന്ന സിനിമയിലൂടെയാണ് ബാലതാരമായി സുചിത്ര സിനിമയിൽ അരങ്ങേറിയത്. ശേഷം അടിമകച്ചവടം, അങ്ങാടി, വൃത്തം, സ്വര്‍ണ്ണഗോപുരം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മോഹൻലാൽ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എത്തുന്നത്. മോഹൻലാലിന്‍റെ ഭാര്യയുടെ പേരും സുചിത്രയെന്നായതിനാൽ നടി സുചിത്രയാണ് മോഹലാലിന്‍റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചിരുന്നതായി ചില സിനിമാവാരികകളിൽ വന്നിരുന്നു. അന്ന് ഒരു ഫിലിം മാഗസിനിൽ തന്റെ കുറച്ചു ചിത്രങ്ങളും ഒരു റൈറ്റപ്പും വന്നിരുന്നു. അതുകണ്ടിട്ടാണ് ജോഷി സാർ ‘നമ്പര്‍ 20 മദ്രാസ് മെയിലിലേക്ക് വിളിച്ചതെന്ന് താരം പറഞ്ഞിരുന്നു. ഹോളി ഏഞ്ചൽസിലെ ഒരു നോട്ടോറിയസ് ഗേൾ ആയിരുന്നു താനെന്നും ആർട്ട് സംബന്ധമായ എല്ലാ കാര്യത്തിലും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നുവെന്നും സുചിത്ര മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
നിരവധി സിനിമകൾ
1991 ല്‍ റിലീസ് ചെയ്ത ഗോപുര വാസലിലേ എന്ന താരത്തിന്റെ തമിഴ് ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം നിരവധി സിനിമകളുടെ ഭാഗമായി സുചിത്ര. കുട്ടേട്ടൻ, ക്ഷണക്കത്ത്, അഭിമന്യു, മിമിക്സ് പരേഡ്, എഴുന്നള്ളത്ത്, മൂക്കില്ലാ രാജ്യത്ത്, കടിഞ്ഞൂൽ കല്യാണം, നയം വ്യക്തമാക്കുന്നു, ഭരതം, തലസ്ഥാനം, നീലകുറുക്കൻ, കാസർഗോഡ് കാദർഭായ്, തക്ഷശില, ഹിറ്റ്ലർ, രാക്ഷസരാജാവ്, കാസി, രാക്കിളിപ്പാട്ട് തുടങ്ങിയവയാണ് ശ്രദ്ധ നേടിയ സിനിമകള്‍.
സിനിമയിലേക്കുള്ള തിരിച്ചുവരവ്
വിവാഹ ശേഷം അമേരിക്കയിലേക്ക് ചേക്കേറിയ താരം ഭർത്താവ് മുരളി, മകൾ നേഹ എന്നിവര്‍ക്കൊപ്പമാണ് താമസം. നാട്യ ഗ്രഹ ഡാൻസ് അക്കാദമി എന്ന ഡാൻസ് സ്കൂളും താരം നടത്തുന്നുണ്ട്. സഹോദരനും സംവിധായകനുമായ ദീപു കരുണാകരൻ ഒരുക്കിയ സിനിമയിൽ അഭിനയിച്ചുകൊണ്ട് സുചിത്ര മടങ്ങിവരവിനായി ആലോചിച്ചിരുന്നെങ്കിലും അത് നടന്നില്ല, ഏറെ ആലോചിച്ചേ സിനിമയിലേക്കുള്ള മടങ്ങി വരവുണ്ടാകൂ എന്ന് താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.