Sheelu Abraham : ‘ബാഡ് ബോയ്സിനെ തഴഞ്ഞു, പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നത് ഇങ്ങനെ’; ടൊവീനോ, പെപ്പെ, ആസിഫ് അലി എന്നിവർക്കെതിരെ ഷീലു എബ്രഹാം
Sheelu Abraham On Malayalam Movie Power Groups : ഓണം റിലീസുകളുടെ പ്രൊമോഷനിൽ നടന്മാർ ബാഡ് ബോയ്സ് സിനിമയുടെ പേര് പറയാതെ അവഗണിച്ചുയെന്ന് രോപിച്ചുകൊണ്ടാണ് ഷീലു എബ്രഹാം രംഗത്തെത്തിയത്. നടന്‍മാരുടെ പ്രൊമോഷൻ മറ്റ് ഓണം റിലീസുകളെ ബാധിക്കുമെന്ന് നടി അറിയിച്ചു
മലയാള സിനിമ വ്യവസായം ഏറെ പ്രതീക്ഷയോടെയാണ് ഓണം റിലീസുകൾക്കായി കാത്തിരിക്കുന്നത്. ഇന്ന് സെപ്റ്റംബർ 12-ാം തീയതി ടൊവിനോ തോമസിൻ്റെ പീരിയോഡിക് ഡ്രാമ ചിത്രം അജയൻ്റെ രണ്ടാം മോഷണം (ARM) തിയറ്ററിൽ എത്തുന്നതോടെയാണ് ഈ വർഷത്തെ ഓണം റിലീസുകൾക്ക് തുടക്കമാകുന്നത്. കൊടുങ്കാറ്റ് പോലെ അഞ്ഞടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ഒരുവിധത്തിൽ പ്രൊമോഷനുകൾ നടത്തിയാണ് ഈ ചിത്രങ്ങൾ തിയേറ്ററുകളിലേക്കെത്തുന്നത്. എന്നാൽ ഇപ്പോൾ പ്രൊമോഷനെ സംബന്ധിച്ച് മറ്റൊരു വിവാദം അണിയറയിൽ ഉടലെടുത്തിരിക്കുകയാണ്. പ്രധാന ഓണം റിലീസുകളുടെ നായകന്മാരായ ടൊവീനോ തോമസ്, ആസിഫ് അലി, ആൻ്റണി വർഗീസ് പെപ്പെ എന്നിവർക്കെതിരെ നടി ഷീലു എബ്രഹാമാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ നടന്മാരെ പവർ ഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഷീലു എബ്രഹാം വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ഇന്നലെ സെപ്റ്റംബർ 11-ാം തീയതി രാത്രിയിൽ ടൊവീനോയും പെപ്പെയും ആസിഫ് അലിയും ചേർന്ന് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങൾക്ക് വേണ്ടി പ്രത്യേക പ്രൊമോഷൻ വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാൽ ഈ താരങ്ങൾ മറ്റ് ഓണം റിലീസുകളായ ബാഡ് ബോയ്സ്, കുമ്മാട്ടിക്കളി, ഗാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നീ ചിത്രങ്ങളുടെ പേര് പരാമർശിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഷീലു എബ്രഹാം രംഗത്തെത്തിയത്. ഓണത്തിന് ഈ മൂന്ന് നടന്മാരുടെ ചിത്രങ്ങൾ മാത്രമെ റിലീസുള്ളൂ എന്ന തെറ്റിധാരണ ഇവർ നടത്തിയതെന്നും നടി തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചു.
ഷീലു എബ്രഹാമിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്
“പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് ,പെപ്പെ …”പവർ ഗ്രൂപ്പുകൾ “പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !!! നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ, നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്…. എന്നാൽ ഞങ്ങളുടെ “BAD BOYZ ഉം പിന്നെ കുമ്മാട്ടിക്കളിയും , GANGS ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്…സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ ..!!!നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ” ഷീലു എബ്രഹാം സോഷ്യൽ മീഡിയയിൽ കുറിച്ചു.
View this post on Instagram
ഷീലു എബ്രഹാമിന് പിന്തുണയുമായി ബാഡ് ബോയ്സിൻ്റെ സംവിധായകൻ ഒമർ ലുലുവും നടൻ ടിനി ടോമും രംഗത്തെത്തി. “നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ടു വന്നവരല്ലേ, എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ എന്തിനാണ് ഞങ്ങളെ അവഗണിച്ചത്” എന്ന് മൂന്ന് നടന്മാരെയും ടാഗ് ചെയ്തുകൊണ്ട് ഒമർ ലുലു കമൻ്റ് ചെയ്തു. തീയുടെ സ്മൈലി ഇട്ടുകൊണ്ടാണ് ടിനി ടോം നടിക്ക് പിന്തുണ നൽകിയത്.
അതേസമയം നടിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. നടിയും കൂട്ടരും തങ്ങളുടെ സിനിമയ്ക്ക് വേണ്ടി നെഗറ്റീവ് പബ്ലിസിറ്റി നേടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് നിരവധി പേർ ഷീലു എബ്രഹാമിൻ്റെ പോസ്റ്റിന് താഴെ കമൻ്റ് ചെയ്തു. എന്നാൽ ‘കുറ്റപ്പെടുത്തുന്നവർക്ക് കുറ്റപ്പെടുത്താം… പക്ഷെ അവഗണിക്കപ്പെടുന്നവർക്കേ അതിന്റെ വേദന അറിയൂ’ എന്ന കമൻ്റ് തൻ്റെ സ്വന്തം പോസ്റ്റിന് താഴെ രേഖപ്പെടുത്തികൊണ്ട് ഷീലു എബ്രഹാം മറുപടിയും നൽകി. ടൊവീനോ തോമസ് നായകനായി എത്തിയ അജയൻ്റെ രണ്ടാം മോഷണം (എആർഎം), പെപ്പെയുടെ കൊണ്ടൽ, ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം , റഹ്മാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാഡ് ബോയ്സ് എന്നീ ചിത്രങ്ങളാണ് ഓണം റിലീസുകളിലെ പ്രമുഖ സിനിമകൾ.