Sai Pallavi: ‘ശരീരം കാണാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’; സായ് പല്ലവി
താൻ വിചാരിച്ച രീതിയിൽ ആയിരുന്നില്ല പ്രേക്ഷകർ ആ വീഡിയോ ഏറ്റെടുത്തത്. അതോടെ ചെറു വസ്ത്രങ്ങൾ സിനിമയിൽ ധരിക്കരുതെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേർന്നു.
‘പ്രേമം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ജനശ്രദ്ധ നേടിയ താരമാണ് സായ് പല്ലവി. 2015-ൽ നിവിൻ പോളിയുടെ നായികയായി തുടക്കം കുറിച്ച താരം പിന്നീട് തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ മികച്ച നടിമാരിൽ ഒരാളായി മാറി. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല നർത്തകിയെന്ന നിലയിലും താരം പ്രശംസ നേടി. ‘അമരൻ’ ആണ് സായ് പല്ലവിയുടെ പുതുതായി ഇറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ താരം, തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“അന്ന് എന്നെ അൽഫോൺസ് പുത്രൻ വിളിച്ചു. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. തട്ടിപ്പ് കോളാണെന്നാണ് ആദ്യം കരുതിയത്. സിനിമയിൽ നിന്നും ഒരാൾ എന്നെ വിളിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. കോൾ വരുന്ന സമയത്ത് ജോർജിയയിൽ മെഡിക്കൽ വിദ്യാർഥിയായിരുന്നു ഞാൻ. കോൾ ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു.
സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു ടാംഗോ നൃത്തപ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാലത്, താൻ വിചാരിച്ച രീതിയിൽ ആയിരുന്നില്ല പ്രേക്ഷകർ ഏറ്റെടുത്തത്. അതോടെ ചെറു വസ്ത്രങ്ങൾ സിനിമയിൽ ധരിക്കരുതെന്ന തിരിച്ചറിവിലേക്ക് എത്തി. തന്റെ രൂപത്തേക്കാൾ, കഴിവിന് പ്രാധാന്യം ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്” സായ് പല്ലവി പറഞ്ഞു.
ALSO READ: മുപ്പത്തിനാലാം വയസ്സിലും അനുശ്രീ അവിവാഹിതയായി തുടരുന്നതിന്റെ കാരണം ഇതോ?
“ജനങ്ങൾ എന്നെ ഗ്ലാമറിനായി കാണരുതെന്ന് ഞാൻ ആഗ്രഹിച്ചു. പ്രേക്ഷകർ കഴിവിന്റെ പേരിൽ വേണം എന്നെ കാണാൻ. ശരീരം കാണാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത്തരം കണ്ണുകൾ എന്നിലേക്ക് വരുന്നതും ഞാൻ ആഗ്രഹിക്കുന്നില്ല” താരം കൂട്ടിച്ചേർത്തു.
ഗ്ലാമർ വേഷങ്ങൾ വേണ്ടെന്ന് വെച്ചതിന്റെ പേരിൽ കരിയറിൽ വീഴ്ച ഉണ്ടായോ എന്ന ചോദ്യത്തിന്, ലഭിക്കുന്ന വേഷങ്ങളിൽ സന്തുഷ്ടയാണെന്നായിരുന്നു താരത്തിന്റെ മറുപടി. പ്രത്യേക ഗ്ലാമർ ആവശ്യപ്പെടുന്ന വേഷം നഷ്ടപ്പെടുന്നതിൽ ഒരു സുഖമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നല്ല കഥാപാത്രങ്ങൾ ചെയ്യുന്നത് സിനിമയിൽ കൂടുതൽ കാലം നിലനിൽക്കാൻ സഹായിക്കുമെന്നാണ് താൻ കരുതുന്നതെന്നും നടി വ്യക്തമാക്കി. സായ് പല്ലവി നായികയായെത്തുന്ന പുതിയ ചിത്രം ‘അമരൻ’ ഒക്ടോബർ 31-ന് ദീപാവലി റിലീസായി പുറത്തിറങ്ങും.