Rashmika Mandanna: ‘പുഷ്പയുടെ ആദ്യ പകുതി വിസ്മയിപ്പിച്ചു, രണ്ടാം പകുതി അതുക്കും മേലെ’; ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ചിത്രങ്ങളുമായി രശ്‌മിക മന്ദന
Pushpa 2 Movie Updates: പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രത്തിന്റെ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം കൈവരിച്ചിരുന്നു. അതിനാൽ ഒരു ടോട്ടൽ ആക്ഷൻ പാക്ക്ഡ് ദൃശ്യ വിസ്മയം തന്നെ പ്രേക്ഷകർക്ക് രണ്ടാം ഭാഗത്തിൽ നിന്നും പ്രതീക്ഷിക്കാം.
സിനിമ പ്രേമികൾ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2 ദ റൂൾ’. അല്ലു അർജുൻ നായകനായെത്തുന്ന ചിത്രം പുറത്തിറങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. ഡിസംബർ അഞ്ചിന് തീയറ്ററുകൾ കീഴടക്കാൻ എത്തുന്ന ചിത്രത്തിന്റെ കർട്ടൻ റൈസറായെത്തുന്ന ട്രെയ്ലർ ഈ മാസം 17 ന് വൈകീട്ട് 6.30 നാണ് പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം പകുതിയുടെ ഡബ്ബിങ് ആരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് രശ്‌മിക മന്ദന. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്.
“പുഷ്പ 2 ഷൂട്ട് ഏകദേശം പൂർത്തിയായി കഴിഞ്ഞു. ആദ്യ പകുതിയുടെ ഡബ്ബിങ് തീർന്നു. നിലവിൽ ഞാൻ രണ്ടാം പകുതി ഡബ്ബിങ് ചെയ്തുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ആദ്യ പകുതി അത്യന്തം വിസ്മയിപ്പിക്കുന്നതാണ്. എന്നാൽ രണ്ടാം പകുതി അതിനും മേലെയാണ്. വർണ്ണിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നിങ്ങൾക്ക് കിട്ടാൻ പോകുന്നത് ഒരു അത്ഭുതകരമായ അനുഭവമായിരിക്കും. എനിക്ക് കാത്തിരിക്കാൻ ആകുന്നില്ല” രശ്‌മിക കുറിച്ചു. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുമുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.
ആഗോളതലത്തിൽ വലിയ വിജയം കൈവരിച്ച ചിത്രമാണ് ‘പുഷ്പ: ദി റൈസ്;. അതുകൊണ്ട് തന്നെ, ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന ‘പുഷ്പ 2 ദ റൂൾ’ തീയറ്ററുകൾ കീഴടക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകാനാണ് ഇവർ ലക്ഷ്യമിടുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രത്തിന്റെ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം കൈവരിച്ചിരുന്നു. അതിനാൽ ഒരു ടോട്ടൽ ആക്ഷൻ പാക്ക്ഡ് ദൃശ്യ വിസ്മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
ഇ ഫോർ എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. സിനിമ റിലീസ് ആവുന്നതിന് ഒരു മാസം മുമ്പ് തന്നെ കേരളത്തിലെ ഫാൻസ് ഷോ ടിക്കറ്റുകൾ എല്ലാം വിറ്റുതീർന്നു. ഡിസംബർ അഞ്ച് മുതൽ ‘പുഷ്പ ദ റൂൾ’ കേരളത്തിലെ തീയറ്ററുകളിൽ 24 മണിക്കൂറും പ്രദർശനത്തിനെത്തുമെന്ന് ഇഫോർ എന്റർടൈൻമെൻറ്സിന്റെ ഉടമ മുകേഷ് ആർ മേത്ത നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, ലോകമെങ്ങും ചിത്രത്തിന്റെ ഫാൻസ് ഷോകൾക്കുള്ള ടിക്കറ്റുകൾ വളരെ വേഗത്തിലാണ് വിട്ടുപോയികൊണ്ടിരിക്കുന്നത്.
ALSO READ: എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് ? ചിരിപ്പിച്ചും പേടിപ്പിച്ചും ഹലോ മമ്മി ട്രെയിലർ
ട്രേഡ് അണലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന ഡാറ്റകൾ പ്രകാരം ചിത്രം ഇതോടകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞു. സുകുമാറിന്റെ സംവിധാനത്തിൽ ഇറങ്ങിയ ആദ്യ ഭാഗം ‘പുഷ്പ ദ റൈസ്’ രണ്ടു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി എത്തുന്ന ചിത്രം സകല റെക്കോർഡുകളും തകർക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
സുകുമാർ ബന്ദ്റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിങ്സ് എന്നിവരുടെ ബാനറിൽ നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി എന്നിവർ ചേർന്നാണ്. ‘പുഷ്പ ദ റൂളി’ൽ അല്ലു അർജുൻ, രശ്‌മിക മന്ദന എന്നിവർക്ക് പുറമെ ഫഹദ് ഫാസിൽ, സുനിൽ, ജഗപതി നാണു, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ദേവി ശ്രീ പ്രസാദിന്റെ സംഗീതവും, മിറെസ്ലോ ക്യൂബ ബ്രോസെക്കിന്റെ ദൃശ്യാവിഷ്കാരവും കൂടിയാകുമ്പോൾ പ്രേക്ഷകർക്ക് തികച്ചും പുതിയൊരു കാഴ്ച വിസ്മയം തന്നെ ചിത്രം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റുകളാണ് വരാനിരിക്കുന്നതെന്ന് കണ്ടുതന്നെ അറിയണം.
കഥ, തിരക്കഥ, സംവിധാനം – സുകുമാർ ബന്ദ്റെഡ്‌ഡി, നിർമ്മാണം – നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഓ – ചെറി, സംഗീതം – ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ – മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ – എസ് രാമകൃഷ്ണ, മോണിക്ക നിഗോത്രേ, ഗാനരചയിതാവ് – ചന്ദ്ര ബോസ്, ബാനറുകൾ – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്‌സ്, മാർക്കറ്റിംഗ് ഹെഡ് – ശരത്‌ചന്ദ്ര നായിഡു, പിആർഒ – ഏലൂർ ശ്രീനു. മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിങ് – ഫാസ്റ്റ് ഷോ.