Mukesh: മുകേഷ് എംഎല്‍എയ്‌ക്കെതിരെയും കേസ്; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി
Case Against Mukesh: നടിക്കെതിരെ ലൈംഗിക ചൂഷണം നടന്ന പ്രദേശങ്ങളിലെ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗം, ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
കൊച്ചി: നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷ് എംഎല്‍എയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എറണാകുളം സ്വദേശിയായ നടിയുടെ വീട്ടിലെത്തി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആലുവയിലെ ഫ്‌ളാറ്റില്‍ 12 മണിക്കൂര്‍ സമയമെടുത്താണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ മൊഴിപകര്‍പ്പ് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
നടിക്കെതിരെ ലൈംഗിക ചൂഷണം നടന്ന പ്രദേശങ്ങളിലെ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗം, ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
അതേസമയം, ജയസൂര്യക്കെതിരെ നടി നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കന്‍ന്റോണ്‍മെന്റ് പോലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയേറ്റില്‍ വെച്ച് നടന്ന സിനിമ ഷൂട്ടിങിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് ആരോപണം. ഐപിസി 354, 354എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളെ കൂടാതെയാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
നടി തനിക്ക് സിനിമ മേഖലയില്‍ നിന്നുണ്ടായ ദുരനുഭവത്തില്‍ 7 പരാതികളാണ് പോലീസിന് നല്‍കിയിരുന്നത്. നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസായിരുന്നു ജയസൂര്യയുടേത്. ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തേക്കും. ഇവര്‍ക്കെതിരായുള്ള നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന പ്രദേശത്തെ സ്റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.
മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ജയസൂര്യ, കോണ്‍ഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരന്‍, കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് നടിയുടെ പരാതികള്‍. മുകേഷിനെതിരെ പാലക്കാടും കേസ് രജിസ്റ്റര്‍ ചെയ്‌തേക്കാം മണിയന്‍പിള്ള രാജു, ഇടവേള ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊച്ചിയിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത.
നിലവില്‍ നടി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്നത് ആയതിനാല്‍ സാഹചര്യ തെളിവുകള്‍ ശേഖരിക്കേണ്ടതാണ് അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളിയായിട്ടുള്ളത്. നടിയുടെ കൈവശമുള്ള തെളിവുകളും അന്വേഷണത്തിന് ശക്തിപകരും.
അതേസമയം, നടന്‍ സിദ്ദിഖിനെതിരെ നല്‍കിയ പരാതിയില്‍ നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള പോലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പോലീസ് ഇതിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ ഇന്ന് പരിഗണിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗുരുതരമായ ആരോപണങ്ങളാണ് നടന്‍ സിദ്ദിഖിനെതിരെ നടി ഉന്നയിച്ചിരിക്കുന്നത്. ക്രൂര ബലാത്സംഗം നടന്നെന്ന് യുവതി അന്വേഷണ സംഘത്തിന് മുമ്പില്‍ മൊഴി നല്‍കി. 2016ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ലൈംഗിക പീഡനം നടന്നത്. അന്നേദിവസം നടന്‍ താമസിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ഹോട്ടലിന് നിര്‍ദ്ദേശം നല്‍കി. കേസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ രേഖകളാണ് ഇവ.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിള തീയറ്ററില്‍ സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടതെന്നും, തുടര്‍ന്ന് സിനിമ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. പരാതിയില്‍ പറയുന്ന സമയത്ത് നടന്‍ തലസ്ഥാനത്തെത്തിയിട്ടുണ്ടോ എന്നടക്കമുള്ള രേഖകള്‍ അന്വേഷണ സംഘം ശേഖരിക്കും. സര്‍ക്കാര്‍ പ്രത്യേക അന്വേഷണത്തിനായി രൂപീകരിച്ച സംഘത്തിലെ ഡിഐജി അജിത ബീഗമാണ് കേസന്വേഷിക്കുക. ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന ഓരോ കേസും പ്രത്യേക സംഘത്തിന് കൈമാറുമ്പോള്‍ ഡിജിപി പ്രത്യേകം ഉത്തരവുകളിറക്കും. നടിയുടേത് ഗൂഢാലോചനയാണെന്ന് സിദ്ദിഖിന്റെ പരാതിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.
അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിയുമായെത്തിയത്. സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവാവ് മൊഴി നല്‍കിയത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വെച്ച് രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: Hema Committee Report: യുവനടിയുടെ പരാതി; ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കോഴിക്കോട് നടന്ന സിനിമ ഷൂട്ടിങ്ങിനിടെയിലായിരുന്നു രഞ്ജിത്തിനെ ആദ്യമായി പരിചയപ്പെടുന്നതെന്ന് യുവാവ് പറയുന്നു. ഇതിനു പിന്നാലെ അവസരം ചോദിച്ച് ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ മെസേജ് അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ഇതിന് പിന്നാലെ ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ പറഞ്ഞു. ഇതു പ്രകാരം രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ നിര്‍ദ്ദേശിച്ചു. ഇവിടെയെത്തിയ തന്നെ മദ്യം കുടിക്കാന്‍ നിര്‍ബന്ധിച്ചെന്നും പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് പറയുന്നു.