Prayaga Martin: അനാവശ്യമായി മാധ്യമങ്ങൾ തൻ്റെ പേര് ഉപയോഗിക്കുന്നു, ശക്തമായി പ്രതികരിക്കും; നടി പ്രയാഗ മാർട്ടിൻ
Actress Prayaga Martin Viral Post: അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി ബന്ധപ്പെടുത്തി തൻ്റെ പേര് ചില മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. തൻ്റെ വ്യക്തി ജീവിതത്തെ അപമാനിക്കുന്ന തരത്തിൽ വ്യാജ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് പ്രയാഗ പറയുന്നത്.

മാധ്യമങ്ങൾക്കെതിരെ നടി പ്രയാഗ മാർട്ടിൻ (Prayaga Martin) രംഗത്ത്. ആനാവശ്യമായി ചില മാധ്യമങ്ങൾ നടിയുടെ പേര് ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് സമൂഹ മാധ്യമത്തിലൂടെ കുറിപ്പുമായി പ്രയാഗ എത്തിയിരിക്കുന്നത്. അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി ബന്ധപ്പെടുത്തി തൻ്റെ പേര് ചില മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങൾ, അശ്രദ്ധയാലോ, അറിവോടെയോ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും പ്രയാഗ പറഞ്ഞു.
“അസത്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കാണുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്. വസ്‌തുതാപരമല്ലാത്ത അടിസ്ഥാനമില്ലാത്തതും തികച്ചും അപകീർത്തികരവുമായ വ്യാജ വിവരണങ്ങൾ ഉത്തരവാദിത്തമില്ലാതെ പ്രചരിക്കുന്നത് ശരിയായ രീതിയല്ല. ഇത്തരം കാര്യങ്ങൾ അനുവദിച്ച് നൽകുന്നത് മാന്യത നഷ്ടപ്പെടുന്നതും ആശങ്കാജനകവുമായ കാര്യമാണ്.
ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. സത്യമല്ലാത്ത വിവരങ്ങൾ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പ് നൽകിയിട്ട് വീണ്ടും തുടരുന്നതും ഇനി എനിക്ക് കാണാതിരിക്കാൻ കഴിയില്ല. എൻ്റെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും, മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവക്ക് പ്രാധാന്യം നൽകിയാണ് ഞാൻ പ്രവർത്തിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ, കൂടുതൽ വിവേകത്തോടെയും, ഉത്തരവാദിത്വത്തോടെയും ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്ന് ഞാൻ സമൂഹത്തോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്. എന്റെ പ്രിയപ്പെട്ട പൊതുജനങ്ങളുടെയും, സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും നിലനിൽക്കുന്ന സ്നേഹത്തിനും, വിശ്വാസത്തിനും, പിന്തുണയ്ക്കും ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. ഇനിയും ഞാൻ മുന്നോട്ട് പോവുക തന്നെ ചെയ്യും” എന്നാണ് പ്രയാഗ മാർട്ടിൻ് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞത്.
സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടുന്ന നടിയാണ് പ്രയാഗ. തൻ്റെ വേറിട്ട വസ്ത്രധാരണമാണ് നടിയെ ഏറെ ശ്രദ്ധേയമാക്കിയിട്ടുള്ളത്. നാടൻ പെൺകുട്ടിയായും മോഡേണായും മലയാളികളുടെ പ്രിയ താരം കൂടിയാണ് പ്രയാഗ. തെന്നിന്ത്യൻ സിനിമയിലൂടെ കരിയർ ആരംഭിച്ച പ്രയാഗ പിന്നീട് മലയാളത്തിൻ്റെ സ്വന്തം നായികയായി എത്തുകയായിരുന്നു. തൻ്റെ വ്യക്തി ജീവിതത്തെ അപമാനിക്കുന്ന തരത്തിൽ വ്യാജ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് പ്രയാഗ പറയുന്നത്.
View this post on Instagram