Navya Nair: സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നവ്യ നായര്‍
Actress Navya Nair Catches a Lorry: വീട്ടിലെ ഓണാഘോഷം കഴിഞ്ഞ് തങ്ങള്‍ കുടുംബം ഒന്നിച്ച് മുതുകുളത്തെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് കാറില്‍ പോവുകയായിരുന്നു. നവ്യ, അമ്മ വീണ, സഹോദരന്‍ രാഹുല്‍, മകന്‍ സായി കൃഷ്ണ പിന്നെ താനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്ന് നവ്യയുടെ പിതാവ് പറഞ്ഞു.
ആലപ്പുഴ: ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികന് തുണയായി നവ്യ നായരും (Navya Nair) കുടുംബവും. ആലപ്പുഴയിലെ പട്ടണക്കാട് തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് പോകും വഴിയാണ് അപകടം കണ്ടതെന്നും ലോറി പിന്തുടര്‍ന്ന് നിര്‍ത്തിക്കുകയായിരുന്നുവെന്നും നവ്യയുടെ പിതാവ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. പരിക്കേറ്റ രമേശനെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി നവ്യയുടെ പിതാവ് പറഞ്ഞു.
എല്ലാവരും ചെയ്യേണ്ട കാര്യമാണ് താനും ചെയ്തുള്ളു. റോഡില്‍ അപകടം കണ്ടാല്‍ പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും നവ്യ മനോരമയോട് പ്രതികരിച്ചു.
വീട്ടിലെ ഓണാഘോഷം കഴിഞ്ഞ് തങ്ങള്‍ കുടുംബം ഒന്നിച്ച് മുതുകുളത്തെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് കാറില്‍ പോവുകയായിരുന്നു. നവ്യ, അമ്മ വീണ, സഹോദരന്‍ രാഹുല്‍, മകന്‍ സായി കൃഷ്ണ പിന്നെ താനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്ന് നവ്യയുടെ പിതാവ് പറഞ്ഞു. രാഹുലായിരുന്നു കാറോടിച്ചിരുന്നത്. പട്ടണക്കാട്ടെത്തിയപ്പോള്‍ ദേശീയപാത നവീകരണത്തിനായി തൂണുകളുമായി ഒരു ഹരിയാന രജിസ്‌ട്രേഷന്‍ ട്രെയിലര്‍ വരുന്നുണ്ട്. ഈ വാഹനം ഒരു സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടു.
ഇന്ത്യന്‍ കോഫീ ഹൗസിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ഓണാവധിയായതിനാല്‍ തന്നെ റോഡില്‍ തിരക്ക് കുറവായിരുന്നു. അമിതവേഗതയിലെത്തിയ ട്രെയിലറിന്റെ പിന്‍ഭാഗമാണ് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചതെന്നാണ് സംശയം. വാഹനം ഇടിച്ചയുടന്‍ യാത്രക്കാരന്‍ നിലത്തുവീണു. എന്നാല്‍ ഇയാളെ ഇടിച്ചത് അറിയാതെയാണോ ട്രെയിലര്‍ മുന്നോട്ടുപോയതെന്ന് അറിയില്ല, ട്രെയിലറിനെ വെറുതെ വിടരുതെന്ന് നവ്യയും മറ്റുള്ളവരും പറഞ്ഞു. കാറിന് വേഗം കൂട്ടി ഹോണടിച്ച് ട്രെയിലറിനെ ഓവര്‍ടേക്ക് ചെയ്ത് മുമ്പില്‍ നിര്‍ത്തി.
അപ്പോഴേക്ക് നവ്യ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അപകട വിവരം പറഞ്ഞിരുന്നു. ഹൈവേ പോലീസും പട്ടണക്കാട് എഎസ്‌ഐ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. യാത്രക്കാരനെ ഉടന്‍ തന്നെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലോറിയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്നും പിതാവ് പറഞ്ഞു.
Also Read: Onam Box Office Collection: ഒരു വിവാദവും തൊട്ടില്ല; കോടികൾ വാരി വിതറുന്നു, ഓണം തൂക്കിയ ചിത്രങ്ങള്‍
കണ്‍മുമ്പില്‍ ഒരു അപകടം നടന്നിട്ടും അത് കണ്ടില്ലെന്ന് നടിച്ച് പോകുന്നത് യാത്രക്കാരന്റെ ജീവിതം എന്താക്കുമെന്നും നവ്യയുടെ പിതാവ് ചോദിച്ചു. ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനമായതിനാല്‍ കണ്ടുകിട്ടാന്‍ തന്നെ പിന്നീട് പ്രയാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വരുന്നവഴിയില്‍ വാഹനമിടിച്ച് പരിക്കേറ്റ് റോഡില്‍ കിടന്നയാളെ നവ്യ രക്ഷപ്പെടുത്തിയിരുന്നു. ഇയാളെ ആശുപത്രിയിലെത്തിക്കാനും നവ്യ മുന്‍കയ്യെടുത്തിരുന്നു.