Mimi Chakraborty: കൊൽക്കത്ത ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു പോസ്റ്റിട്ടു; നടി മിമി ചക്രബർത്തിക്ക് ബലാത്സംഗ ഭീഷണി
തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി സന്ദേശം ലഭിച്ചെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
നടിയും മുൻ തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രബർത്തിക്കുന്നേരെ ബലാത്സംഗ ഭീഷണി. കൊൽക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച് പോസ്റ്റിട്ടതിനു പിന്നാലെയാണ് ബലാത്സംഗഭീഷണി ലഭിച്ചിരിക്കുന്നത്. തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി സന്ദേശം ലഭിച്ചെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.പോസ്റ്റിൽ കൊൽക്കത്ത പോലീസിനെ താരം ടാഗ് ചെയ്തിട്ടുമുണ്ട്.
എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നതിങ്ങനെ: ഒപ്പം നിൽക്കുന്നുവെന്ന് പറഞ്ഞ് ആൾക്കൂട്ടത്തിനിടയിൽ മുഖംമൂടി ധരിച്ച്, വിഷം വമിപ്പിക്കുന്ന പുരുഷന്മാർ ബലാത്സംഗ ഭീഷണികൾ സാധാരണമാക്കുന്നിടത്താണ് തങ്ങൾ സ്ത്രീകൾക്ക് നീതി ആവശ്യപ്പെടുന്നത്. എന്തുതരത്തിലുള്ള ശിക്ഷണവും വിദ്യാഭ്യാസവുമാണ് ഇതനുവദിക്കുന്നതെന്നും അവർ ചോദിച്ചു. ഇതിനൊപ്പം രണ്ട് സ്ക്രീൻഷോട്ടുകളും അവർ ചേർത്തിട്ടുണ്ട്.
അതേസമയം കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ ഓഗസ്റ്റ് 14-ന് നടന്ന പ്രതിഷേധ പരിപാടിയിൽ മിമി പങ്കെടുത്തിരുന്നു. ഇവർക്കൊപ്പം റിദ്ധി സെൻ, അരിന്ദം സിൽ, മധുമിത സർക്കാർ എന്നിവരും പ്രതിഷേധത്തിനുണ്ടായിരുന്നു.ഇരയായ ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ മിമി പലകുറി പ്രത്യക്ഷപ്പെട്ടിരുന്നു.
AND WE ARE DEMANDING JUSTICE FOR WOMEN RIGHT????
These are just few of them.
Where rape threats has been normalised by venomous men masking themselves in the crowd saying they stand by women.What upbringing nd education permits this????@DCCyberKP pic.twitter.com/lsU1dUOuIs— Mimi chakraborty (@mimichakraborty) August 20, 2024
ആഗസ്റ്റ് 9 നാണ് 31 വയസുകാരിയായ പിജി ട്രെയിനി ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമോ ആത്മഹത്യയോ എന്നതായിരുന്നു ആദ്യ സംശയം. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കൊലപാതകം മാത്രമല്ല, ബലാത്സംഗവും തെളിഞ്ഞു. യുവതിയുടെ കൈകളിലും മുഖത്തും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു. സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തമൊഴുകിയ തെളിവ് ലഭിച്ചു. യുവതിയുടെ കണ്ണടയിലെ ഗ്ലാസ് പൊട്ടി കണ്ണുകളിലേക്ക് കഷ്ണങ്ങൾ തുളച്ചു കയറിയിരുന്നു എന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.ഇതിനു പിന്നാലെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറിയത്.
ബലാത്സംഗക്കൊലയ്ക്ക് പിന്നാലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സുപ്രീംകോടതി നിർദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജൂനിയർ, സീനിയർ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർദേശങ്ങള്‍ തയാറാക്കാൻ 10 പേരടങ്ങുന്ന ദേശീയ ദൗത്യ സേനയെ രൂപീകരിച്ചു. മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോർട്ടും രണ്ട് മാസത്തിനുള്ളില്‍ പൂർണറിപ്പോർട്ടും സമർപ്പിക്കണം. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കാനാണ് സിബിഐക്ക് കോടതി നല്‍കിയിരിക്കുന്ന നിർദേശം. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.