5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mareena Michael Kurisingal: ‘പടം കഴിയുമ്പോ ശാരീരികമായും മാനസികമായും ഉപ​ദ്രവിച്ചില്ലെന്ന് എഴുതി വാങ്ങും; വലിയ മാറ്റമാണത്; മെറീന മൈക്കിൾ കുരിശിങ്കൽ

Actress Mareena Michael Kurisingal On WCC : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയുണ്ടെന്നും സിനിമ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ റിപ്പോർട്ടിനു കഴിയുമെന്നും മെറീന പറയുന്നു. പുതിയ സിനിമയുടെ വിശേഷങ്ങളും തന്റെ നിലപാടുകളും തുറന്നുപറയുകയാണ് ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ മെറീന.

Mareena Michael Kurisingal: ‘പടം കഴിയുമ്പോ ശാരീരികമായും മാനസികമായും ഉപ​ദ്രവിച്ചില്ലെന്ന് എഴുതി വാങ്ങും; വലിയ മാറ്റമാണത്; മെറീന മൈക്കിൾ കുരിശിങ്കൽ
മെറീന മൈക്കിൾ കുരിശിങ്കൽ (image credits: social media)
sarika-kp
Sarika KP | Published: 23 Oct 2024 18:26 PM

മോഡലിങ് രംഗത്തുനിന്നും സിനിമയിലേക്ക് ചുവടുവച്ച താരമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാള സിനിമയില്‍ നിറസാന്നിധ്യമായി മെറീന മാറി. ഹരം, അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്, ചങ്ക്സ്, ഇര, പെങ്ങളില, വികൃതി, കുമ്പാരീസ്, രണ്ട്, പത്മ, കുറുക്കന്‍… തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും എബി എന്ന സിനിമയിലെ നായികാ വേഷവും ചങ്ക്സിലെ ബുള്ളറ്റ് പറത്തുന്ന ടോംബോയ് കഥാപാത്രങ്ങളുമൊക്കെ ഇന്നും ആരാധകരിൽ നിറഞ്ഞുനിൽക്കുന്നു. മിക്ക സിനിമകളിലും ബോള്‍ഡായ സ്ത്രീകഥാപാത്രങ്ങള്‍ക്കെല്ലാം ഈ കോഴിക്കോടുകാരിയുടെ മുഖം ഇണങ്ങി. ഒടുവില്‍ റിലീസായ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിലും മെറീനയുടെ അഭിനയമികവ് എടുത്തുപറയേണ്ടതു തന്നെ. ഇതുവരെയുള്ള തന്റെ സിനിമ ജീവിതത്തിൽ താൻ സന്തോഷവതിയാണെന്നും ചെയ്ത കഥാപാത്രങ്ങളിൽ തൃപ്തികരമാണെന്നും താരം പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയുണ്ടെന്നും സിനിമ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ റിപ്പോർട്ടിനു കഴിയുമെന്നും മെറീന പറയുന്നു. പുതിയ സിനിമയുടെ വിശേഷങ്ങളും തന്റെ നിലപാടുകളും തുറന്നുപറയുകയാണ് ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ മെറീന.

മോഡലിങ്ങിൽ നിന്ന് അഭിനയ രംഗത്തേക്ക്

മോഡലിങ്ങിൽ നിന്ന് അഭിനയ രംഗത്തേക്കെത്തിയ യാത്ര വളരെ സന്തോഷം നൽകുന്നതായിരുന്നുവെന്നാണ് മെറീന പറയുന്നത്. ‘സിനിമയിൽ വന്നിട്ട് എട്ട് വർഷമേ ആയുള്ളു, മീഡിയ എന്ന മേഖലയിലേക്ക് വന്ന് ഏകദേശം 10 വർഷമാകുന്നു. അതിന്റെ ഒരു യാത്ര നോക്കുമ്പോൾ നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. കാരണം ഞാൻ വളരെ ചെറിയ മോഡലിങ് എന്ന സെക്ടറിൽ നിന്ന് തുടങ്ങിയതാണ്. ഇപ്പോൾ അവിടെ നിന്ന് ഒരു ഫിലിം ആർട്ടിസ്റ്റ് എന്ന രീതിയിൽ എത്തുമ്പോൾ അതിന്റെ ഒരു വ്യത്യാസം ഉണ്ടാകുമല്ലോ, അത് ഭയങ്കര സന്തോഷം തന്നെയാണ് ‘.

എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ

എട്ട് വർഷത്തെ സിനിമ ജീവിതത്തിൽ ഇന്നും ആളുകൾ ഓർത്തുവെക്കുന്ന കഥാപാത്രമാണ് എബി എന്ന ചിത്രത്തിലെ അനുമോൾ. ഇതിനു ശേഷം ഇത്രയും പ്രധാനപ്പെട്ട കഥാപാത്രം കിട്ടിയില്ലെന്നാണ് മെറീന പറയുന്നത്. ‘എബി എന്ന ചിത്രത്തിലെ അനുമോൾ എന്ന സ്ത്രി കഥാപാത്രത്തിനു ശേഷം പിന്നീട് അത്രയും പ്രധാനപ്പെട്ട റോളുകൾ വളരെ കുറവാണ് ചെയ്തിട്ടുള്ളത്. പലപ്പോഴും എബിയിലെ കഥാപാത്രത്തെപോലെ , നമ്മുക്ക് അത്യാവശ്യത്തിനു പെർഫോമൻസിന് അവസരമുള്ള സിനിമകൾ ചെയ്താൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. പിന്നെ എല്ലാത്തിനും സമയമുണ്ടല്ലോ, ഇപ്പോഴും വെയ്റ്റിംങാണ്’ .

മറീന മൈക്കിൾ കുരിശിങ്കൽ  (image credits: instgram-mereena micheal)

WCC-യിൽ നിന്ന് ആരും വിളിച്ച് അന്വേഷിച്ചിട്ടില്ല

തനിക്ക് ഒരു പ്രശ്നം നേരിട്ടപ്പോൾ ഡബ്യൂസിസിയില്‍ നിന്ന് ആരും വിളിച്ച് അന്വേഷിച്ചിട്ടില്ലെന്ന് മെറീന പറയുന്നു. ‘പ്രശ്നം ഉണ്ടായപ്പോൾ കൂടെ വർക്ക് ചെയ്യുന്നവർ സപ്പോർട്ട് ചെയ്തിട്ടുണ്ട്. അല്ലാതെ ഡബ്യൂസിസി പോലുള്ള സംഘടനയിൽ നിന്നൊന്നും വിളിച്ച് അന്വേഷിച്ചിട്ടൊന്നുമില്ല. പിന്നീട് പ്രശ്നം നടന്ന് കഴിഞ്ഞതിനു ശേഷം ഇവർ ഇടപ്പെട്ടില്ലെന്ന് പറഞ്ഞതിനു പിന്നാലെ ഒരു തവണ എന്തുപറ്റി പ്രശ്നമുണ്ടോ എന്ന് ചോദിച്ചിട്ട് അതിലെ ഒരു അം​ഗം മെസേജ് അയച്ച് ചോദിച്ചിരുന്നു. എന്നാലും വലിയ രീതിയിൽ പ്രതികരണമൊന്നും ഇതുവരെ കിട്ടിയിട്ടില്ല’.

എന്നെ ഉപദ്രവിക്കാൻ വന്നവർക്ക് തീരുമാനം ആക്കികൊണ്ടുത്തിട്ടുണ്ട്

സിനിമ മേഖലയിൽ തനിക്ക് വലിയ രീതിയിലുള്ള അതിക്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും ചെറിയ പ്രശ്നങ്ങൾക്ക് അപ്പോൾ തന്നെ തീരുമാനം ആക്കികൊണ്ടുത്തിട്ടുണ്ടെന്നും താരം പറയുന്നു. ‘ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷം സപ്പോർട്ടിങ്‌ ആർട്ടിസ്റ്റുമാർ പാരതിയുമായി എത്തിയത് അവർക്ക് പ്രശ്നമുള്ളതുകൊണ്ട് തന്നെ. അത് വളരെ നല്ല കാര്യമായിട്ട് തോന്നുന്നു. ബാക്കിയുള്ളവർ എന്തുകൊണ്ട് പറയുന്നില്ല, അവർക്ക് പ്രശ്നങ്ങളില്ലെ എന്ന് ചോദിച്ചാൽ എനിക്ക് പറയാനില്ല. അത് അവരാണ് പറയേണ്ടത്. എനിക്ക് ഇതുവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പിന്നെ ഉപദ്രവിക്കാൻ ഒക്കെ ശ്രമിച്ചവർക്ക് അപ്പോൾ തന്നെ തീരുമാനം ഞാൻ ആക്കികൊണ്ടുത്തിട്ടുണ്ട്. അല്ലെങ്കിൽ എന്റെ ഭാ​ഗത്ത് നിന്ന് അത്രയും നല്ല റിയാക്ഷനുള്ളതുകൊണ്ട് അവിടെ തന്നെ പ്രശ്നങ്ങൾ പരിഹാരിച്ചിട്ടുണ്ട്’.

പ്രൊഫഷൻ നല്ലതാണ് ആൾക്കാരാണ് പ്രശ്നം

സിനിമ എന്ന പ്രൊഫഷൻ നല്ലതാണെന്ന നിലപാടാണ് എന്നും മെറീനയ്ക്കുള്ളത്. എന്നാൽ അതിനുള്ളിലെ ചില ആളുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സിനിമയെ മൊത്തത്തിൽ ബാധിക്കുന്നുവെന്നും മെറീന പറയുന്നു. ‘എന്നും ഞാൻ പറയുന്ന കാര്യമാണ് അഭിനയം അല്ലെങ്കിൽ സിനിമ എന്നുപറയുന്നത് നല്ലൊരു പ്രൊഫഷൻ ആണ്. ഉയർന്ന പ്രതിഫലം, നല്ല ഫെയിം എല്ലാമുണ്ട്. പക്ഷേ ഇതിൽ നിൽക്കുന്ന സിസ്റ്റം അല്ലേങ്കിൽ ആളുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളു. പിന്നെ ആളുകൾ എന്നു പറയുന്നത് സാധാരണയാണ്. ഇത് വെറെ ഏത് പ്രൊഫഷൻ തിരഞ്ഞെടുത്താലും അവിടെയും ഇതേപോലുള്ള മോശപ്പെട്ട ആളുകൾ ഉണ്ടാകും. ഇതൊക്കെ നമ്മൾ അം​ഗീകരിച്ച് മുന്നോട്ട് പോകേണ്ടതാണ്. അല്ലാതെ മറ്റൊരു പ്രൊഫഷനെ പറ്റി ചിന്തിക്കുന്നില്ല. 17,18 വയസ്സിലൊക്കെ അങ്ങനെ ചിന്തിച്ചു കാണു, എന്നാൽ ഇപ്പോൾ അങ്ങനെ ഇല്ല. കാരണം എനിക്ക് അതിന്റെതായ പക്വത ഉണ്ട്. എല്ലായിടത്തും ഇതുപോലുള്ള ആൾക്കാരുണ്ടാകുമെന്ന് എനിക്ക് അറിയാം. അവർക്കെതിരെ പ്രതികരിച്ച് മുന്നോട്ട് പോകുക എന്ന് മാത്രമേയുള്ള. അല്ലാതെ പ്രൊഫഷനെ കുറ്റം പറയാനോ , പ്രൊഫഷൻ മാറാനോ ഒരു ചിന്തയോ തീരുമാനമോ ഇല്ല’.

mereena micheal

മറീന മൈക്കിൾ കുരിശിങ്കൽ  (image credits: instgram-mereena micheal)

ഹേമ കമ്മിറ്റിക്കു ശേഷം വന്ന മാറ്റങ്ങൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വളരെ പ്രതീക്ഷയുണ്ടെന്നും മാറ്റങ്ങൾ ഉണ്ടാകുമെന്നും മെറീന പറയുന്നു. ‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷകളുണ്ട്. റിപ്പോർട്ട് വന്നതിനു ശേഷം ഇവിടെ കുറെ പ്രശ്നങ്ങൾ ഉണ്ടായല്ലോ. അതിനെ പറ്റി സംസാരങ്ങളും ചർച്ചകളൊക്കെ ഒത്തിരി നടന്നല്ലോ. പക്ഷേ ശ്ര​ദ്ധിക്കേണ്ട ഒരു കാര്യം വളരെ പ്രധാനപ്പെട്ട കാര്യങ്ങളെ പറ്റിയൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. റിപ്പോർട്ട് വന്നതിനു ശേഷം ലൈംഗിക ചൂഷ്ണം മാത്രമേ നമ്മൾ ചർച്ച ചെയ്തിട്ടുള്ളുവെന്നാണ്. പക്ഷേ ഇത് മാത്രമല്ലല്ലോ, വേറെയും കുറെ പ്രശ്നങ്ങൾ ഉണ്ടല്ലോ . പക്ഷേ മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മാറ്റങ്ങൾ വരട്ടെയെന്നാണ് ആ​ഗ്രഹിക്കുന്നതും. എല്ലാത്തരത്തിലും, ഏതൊരും കമ്മ്യൂണിറ്റിയാണെങ്കിലും നല്ല രീതിയിൽ ജോലിയെടുക്കാൻ പറ്റുക എന്നത് മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. റിപ്പോർട്ട് വന്നതിനു ശേഷമുള്ള വ്യത്യാസങ്ങൾ നമ്മുക്ക് വരും വർഷങ്ങളിൽ മാത്രമേ പ്രകടമാകു. ഇതിനു ശേഷം ഞാൻ ചെയ്യുന്ന സിനിമയിൽ പടം മുഴുവൻ കഴിയുമ്പോഴേക്കും ശാരീരികമായും മാനസികമായും ഉപ​ദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞിട്ട് ഒരു പേപ്പർ നമ്മളിൽ നിന്ന് എഴുതി വാങ്ങിക്കുന്നുണ്ട്. ഇത് വലിയ മാറ്റം തന്നെയല്ലേ’.

പുതിയ പ്രോജക്റ്റ്

ബിബിൻ ജോർജ് നായകനായി എത്തുന്ന ചിത്രമായ ‘കൂടല്‍’ ആണ് താരത്തിന്റെ പുതിയ പ്രോജക്റ്റ്. ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്യാമ്പിംഗിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ‘നാല് നായികമാരിൽ ഒരാളാണ് ഞാൻ. പിന്നെ സനീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയർ എന്നൊരു മൂവി ചെയ്തു. മാളവിക മേനോൻ, ഞാൻ ,ഗൗരി നന്ദ, ലക്ഷ്മി നന്ദൻ , എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പിന്നെയുള്ള സിനിമ വരുണ്‍ ജി. പണിക്കരുടെ ഞാന്‍ കണ്ടതാ സാറേ… ഇന്ദ്രജിത്ത് ചേട്ടൻ നായകനാകുന്ന ഈ ചിത്രത്തില്‍ ഞാൻ നായികയായാണ് എത്തുന്നത്. പിന്നെ ചെയ്തത് കുട്ടികളുടെ ഒരു സിനിമയായ റിവോള്‍വര്‍ റിങ്കോ ആണ്’.

നമ്മുക്ക് വരാനുള്ളതാണെങ്കിൽ വരും

സ്വന്തം നിലപാട് എവിടെയും തുറന്നുപറയുന്ന നടിയാണ് മെറീന. ഇത് കരിയറിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനു താരത്തിന്റെ മറുപടി ഇങ്ങനെ: ‘സ്വന്തം നിലപാട് പറയുന്നതുകൊണ്ട് പ്രൊഫഷനെ ബാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ എന്റെ അറിവിൽ ഇല്ല. ബാധിച്ചിട്ടുണ്ടാകാം. ഞാൻ ഒരുപാട് സംസാരിക്കുന്നതുകൊണ്ടും കാര്യങ്ങൾ ഇങ്ങനെ പറയുന്നതുകൊണ്ടും കരിയറിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാകും. പക്ഷേ ഞാൻ അറിഞ്ഞുകൊണ്ടൊന്നും വന്നിട്ടില്ല. പിന്നെ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ എനിക്ക് കുഴപ്പമില്ല. കാരണം അടിസ്ഥാന ആവശ്യങ്ങളൊക്കെ ചോദിച്ചു വാങ്ങുമ്പോൾ അത് തരേണ്ട കാര്യങ്ങള്‍ ആണല്ലോ. അതുകൊണ്ട് ഒരു സിനിമ മാറിപോകുകയാണെങ്കിൽ വലിയ കുഴപ്പമായിട്ട് കാണുന്ന ഒരാളല്ല ഞാൻ. അങ്ങനെ പോകുന്ന വർക്കുകൾ പോക്കോട്ടെ എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ. പിന്നെ എനിക്ക് പ്രശ്നങ്ങളായിട്ട് തോന്നുന്ന കാര്യങ്ങളെകുറിച്ചും സംസാരിച്ചിട്ടുണ്ട്. പിന്നെ നമ്മുക്ക് വരാനുള്ളതാണെങ്കിൽ അത് വരുമെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ’.

mereena micheal

മറീന മൈക്കിൾ കുരിശിങ്കൽ  (image credits: instgram-mereena micheal)

അത്യാവശ്യം പണിയറിയാം

ഇതുവരെ ചെയ്ത വർക്കിൽ താൻ ഹാപ്പിയാണെന്നും സാറ്റിസ്ഫൈഡും ആണെന്നും മെറീന പറയുന്നു. ‘ഒരോ കാര്യങ്ങളും പഠിച്ച് പഠിച്ച് ബെറ്ററായി വരുന്ന ആൾക്കാരാണല്ലോ, നമ്മുക്ക് എത്ര നന്നായി ചെയ്യാൻ പറ്റുമെന്ന കാലിബർ ഒന്നും എനിക്ക് ഇതുവരെ അറിയില്ല. എനിക്ക് വരുന്ന വർക്കുകൾ‌ അത്യാവശ്യത്തിനു വൃത്തിക്കും മെനക്കും ചെയ്തു കൊടുക്കാൻ ശ്രമിക്കാറുണ്ട്. ഇതുവരെ ചെയ്തതിൽ ഞാൻ ഹാപ്പിയാണ്. സാറ്റിസ്ഫൈഡും ആണ്. ചില ക്യാരാക്ടർ പിന്നെ വ്യത്യാസമായി ചെയ്യാൻ തോന്നുമ്പോൾ ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും , പക്ഷേ ചെയ്യുമ്പോൾ അത് ത്രിലുണ്ടാകുമല്ലോ. പിന്നെ ഞാൻ എല്ലാം ത്രിലായി ചെയ്യുന്ന ഒരാളാണ്. നമ്മുടെ കഴിവ് എത്രത്തോളം ഉണ്ടെന്ന് മറ്റുള്ളവർ അല്ലെ പറഞ്ഞുതരേണ്ടത്. ഇപ്പോൾ ഞാൻ ഇങ്ങനെ പോകുന്നത് വർക്ക് ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ്. പിന്നെ എട്ട് പത്ത് വർഷമായില്ലെ കുറച്ച് പണിയറിയാമെന്ന് വിചാരിക്കുന്നു’.