Manju Warrier: ‘നിങ്ങളുടെയൊക്കെ സ്നേഹം ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല’; മഞ്ജു വാര്യര്‍
നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം എനിക്കോ മലയാള സിനിമയ്‌ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, മഞ്ജുവാര്യര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതും പിന്നാലെ വന്ന തുറന്നു പറച്ചിലുകളും മോളിവുഡിനെ അടിമുടി മാറ്റി മറിച്ചു കഴിഞ്ഞു. പലരും ഇതിനോടകം വിഷത്തിൽ പ്രതികരണവുമായി എത്തി. ചിലർ ഇപ്പോഴും മൗനം പാലിക്കുകയാണ്. ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. വിവാദത്തില്‍ ആദ്യമായാണ് മഞ്ജു പരസ്യപ്രതികരണം നടത്തുന്നത്.
മലയാള സിനിമ കടന്നുപോകുന്നത് സങ്കടമുള്ള ഘട്ടത്തിലൂടെയാണെന്നും എന്നാൽ എല്ലാം കലങ്ങിത്തെളിയെട്ടെയെന്നും മഞ്ജു പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ആയിരുന്നു നടിയുടെ പ്രതികരണം.
‘ഞാനും ടൊവിനോയുമൊക്കെ ഇന്നിവിടെ വന്നു നില്‍ക്കാന്‍ കാരണം മലയാളം സിനിമയാണ്. വാര്‍ത്തകളിലൂടെ നിങ്ങള്‍ കാണുന്നുണ്ടാവും ചെറിയൊരു സങ്കടം ഉള്ള ഘട്ടത്തിലൂടെയാണ് മലയാളം സിനിമ കടന്നുപോകുന്നത്. അതെല്ലാം കലങ്ങി തെളിയട്ടെ. കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെ. നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം എനിക്കോ മലയാള സിനിമയ്‌ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല’, മഞ്ജുവാര്യര്‍ പറഞ്ഞു.
അതേസമയം ഈ സമയത്ത് തന്നെ താരത്തിനെതിരെ പരാതിയുമായി നടി ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ സുരക്ഷയൊരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു മഞ്ജുവിനും നിര്‍മ്മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെ നടി വക്കീല്‍ നോട്ടീസ് അയച്ചത്. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഫൂട്ടേജ്’ സിനിമയിലെ സംഘര്‍ഷ രംഗം ചിത്രീകരിക്കുന്നതിനിടെ കാലിന് ഗുരുതര പരിക്കേറ്റെന്നായിരുന്നു നടി നോട്ടീസിലൂടെ ഉന്നയിച്ചത്. തമിഴിലും മഞ്ജുവിന്‍റെ സിനിമ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. വിടുതലൈ പാർട്ട് 2 ആണ് ആചിത്രം വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്.