Krishna Prabha: സബ്‌സിഡി വഴി “ഓരോ വീട്ടിൽ ഓരോ ബോട്ട്” : വെള്ളക്കെട്ടിനെതിരെ കൃഷ്ണ പ്രഭ
കൊച്ചിയിലെ ഇത്തരം അവസ്ഥക്ക് കാരണമാണ് ഭരണകർത്താക്കളുടെ പിടിപ്പുകേടാണെന്ന് നേരത്തെ മുതൽ ആക്ഷേപം ഉയർന്നിരുന്നു
കൊച്ചി: കനത്ത മഴയിൽ കൊച്ചിയിൽ ഇത്തവണയും അതി രൂക്ഷമായ വെള്ളക്കെട്ടാണ് ആളുകൾക്ക് നേരിടേണ്ടി വന്നത്. ഇടപ്പള്ളിയിലടക്കം വെള്ളം കയറിയത് വലിയ പ്രതിസന്ധിക്ക് കാരണമായി.
കൊച്ചിയിലെ ഇത്തരം അവസ്ഥക്ക് കാരണമാണ് ഭരണകർത്താക്കളുടെ പിടിപ്പുകേടാണെന്ന് നേരത്തെ മുതൽ ആക്ഷേപം ഉയർന്നിരുന്നു. മുൻപ് കൊച്ചി കേന്ദ്രീകരിച്ച് നടന്നിരുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പോലുള്ള പദ്ധതികൾ പിന്നീട് പിന്തുടരാതിരുന്നത് വിമർശനങ്ങൾക്ക് വഴി വെക്കുന്നുണ്ട്.
ഇത്തവണയും വെള്ളത്തിൽ മുങ്ങിയ കൊച്ചിയിലെ അവസ്ഥയിൽ പൊറുതിമുട്ടി അവസ്ഥ പങ്ക് വെച്ചിരിക്കുകയാണ് നടിയും നർത്തകിയുമായ കൃഷ്ണ പ്രഭ.
കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണമെന്നും സബ്‌സിഡി വഴി “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി നടപ്പിലാക്കണമെന്നും താരം തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കൃഷ്ണ പ്രഭയുടെ പോസ്റ്റിങ്ങനെ
ബഹുമാനപ്പെട്ട അധികാരികളോട്,
കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!
മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി ഉടനെ ആരംഭിക്കണം.. വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്
അതി ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം കൊച്ചി അടക്കമുള്ള സ്ഥലങ്ങളിൽ പെയ്തത്. അഴുക്കു ചാലുകൾ വൃത്തിയാക്കാഞ്ഞതും, ഓടകളിൽ വേസ്റ്റ് അടിഞ്ഞതും വെള്ളക്കെട്ടുകളുടെ നീളം കൂട്ടിയപ്പോൾ പലയിടത്തും വെള്ളം ഒഴുകാൻ സ്ഥലമില്ലാതിരുന്നതും പ്രശ്നം രൂക്ഷമാക്കി