Keerthy Suresh Marriage: 15 വർഷത്തെ പ്രണയം പൂവണിഞ്ഞു; നടി കീർത്തി സുരേഷ് വിവാഹിതയായി
Actress Keerthy Suresh Marries Antony Thattil: വിവാഹത്തിന്റെ ഫോട്ടോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കീർത്തി സുരേഷ് തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി ഫോട്ടോസ് പുറത്തുവിട്ടത്.
നടി കീർത്തി സുരേഷ് വിവാഹിതയായി. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ആന്റണി തട്ടിലാണ് വരൻ. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കീർത്തി സുരേഷ് തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി ചിത്രങ്ങൾ പങ്കുവെച്ചത്.
പരമ്പരാഗത രീതിയിൽ തമിഴ് സ്റ്റൈലിൽ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ടുസാരിയും, ജിമിക്കി കമ്മലും, ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും, നെറ്റിച്ചൂട്ടിയുമെല്ലാം ധരിച്ച് അതീവ സുന്ദരിയായി ഒരുങ്ങിയ കീർത്തിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്.
15 വർഷത്തിലേറെയായുള്ള പ്രണയത്തിനൊടുവിൽ ആണ് വിവാഹം. ഇരുവരും ഒന്നിച്ചുള്ള ദീപാവലി ചിത്രം പങ്കുവെച്ചുകൊണ്ട് കീർത്തി തന്നെയായിരുന്നു ഇക്കാര്യം നവംബര് 27ന് തന്റെ സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. തുടർന്ന്, തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയ കീർത്തി മാധ്യമങ്ങളെ കാണുകയും, ഗോവയിൽ വെച്ചാണ് വിവാഹമെന്നും വെളിപ്പെടുത്തിയിരുന്നു.
ALSO READ: ‘എന്നും ആന്റണിയും കീർത്തിയും, മനോഹരമായ 15 വർഷങ്ങൾ’: വിവാഹ വാർത്ത സ്ഥിരീകരിച്ച് നടി കീർത്തി സുരേഷ്
ദുബായ് ബേസ് ചെയ്തുള്ള ബിസിനസുകാരനാണ് ആന്റണി തട്ടിൽ. അദ്ദേഹത്തിന് കൊച്ചിയിൽ ഉൾപ്പടെ സ്വന്തമായി റിസോർട്ടുകളുണ്ട്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ് ആന്റണി.
നിർമാതാവ് സുരേഷിന്റെയും നടി മേനകയുടെയും ഇളയ മകളാണ് കീർത്തി. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയാണ കീർത്തി അഭിനയ രംഗത്തേക്ക് ചുവടുവച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു ‘മഹാനടി’ എന്ന ചിത്രത്തിലൂടെ താരം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.
അതേസമയം, ‘റിവോൾവർ റിത’ ഉൾപ്പടെ രണ്ട് തമിഴ് ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ പുരോഗമിക്കുന്നത്. വരുൺ ധവാൻ നായകനായ ‘ബേബി ജോൺ’ എന്ന ബോളിവുഡ് ചിത്രത്തിലും കീർത്തി ആണ് നായിക വേഷത്തിൽ എത്തുന്നത്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് പുറത്തിറങ്ങും.