Keerthy Suresh: ‘ആന്റണി ഇഷ്ടം പറഞ്ഞു തന്ന മോതിരം വിവാഹം വരെ ഊരിയിട്ടില്ല’; ലവ് സ്റ്റോറി വെളിപ്പെടുത്തി കീർത്തി സുരേഷ്
Keerthy Suresh Reveals Her Love Story: 15 വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ആണ് തങ്ങൾ വിവാഹിതരായതെന്നും, സിനിമ മേഖലയിൽ തന്നെ വളരെ ചുരുക്കം പേർക്ക് മാത്രമേ തന്റെയും ആന്റണിയുടെയും പ്രണയത്തെ കുറിച്ച് അറിയുമായിരുന്നുള്ളു എന്നും കീർത്തി സുരേഷ് പറഞ്ഞു.
തെന്നിന്ത്യൻ സൂപ്പർ താരം കീർത്തി സുരേഷും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലും അടുത്തിടെ ആണ് വിവാഹിതരായത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഗോവയിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ കീർത്തി പങ്കുവെച്ചതിന് പിന്നാലെ ഇവരുടെ ലവ് സ്റ്റോറി അറിയാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, താൻ ആന്റണിയെ ആദ്യമായി കണ്ടതെപ്പോഴാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കീർത്തി മനസ് തുറന്നത്.
15 വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ആണ് തങ്ങൾ വിവാഹിതരായതെന്നും, സിനിമ മേഖലയിൽ തന്നെ വളരെ ചുരുക്കം പേർക്ക് മാത്രമേ തന്റെയും ആന്റണിയുടെയും പ്രണയത്തെ കുറിച്ച് അറിയുമായിരുന്നുള്ളു എന്നും കീർത്തി സുരേഷ് പറഞ്ഞു. കല്യാണി പ്രിയദർശൻ, ഐശ്വര്യ ലക്ഷ്മി പോലുള്ള വളരെ കുറച്ച് പേർക്കേ പ്രണയവിവരം അറിയുമായിരുന്നുള്ളു. രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ തങ്ങൾ രണ്ടു പേരും വളരെ മിടുക്കരാണെന്ന് തോന്നുന്നു. ഒന്നര വർഷം മുൻപ് വിവാഹത്തെ കുറിച്ചുള്ള ആലോചനകൾ തുടങ്ങിയിരുന്നു എന്നും കീർത്തി വെളിപ്പെടുത്തി.
ആന്റണിയെ താൻ ആദ്യമായി കാണുന്നത് ഒരു റെസ്റ്റോറന്റിൽ വെച്ചാണെന്നും കുടുംബം കൂടെ ഉണ്ടായിരുന്നതിനാൽ അങ്ങോട്ട് പോയി സംസാരിക്കാൻ സാധിച്ചില്ലെന്നും നടി പറഞ്ഞു. അതിനാൽ ഒന്ന് കണ്ണടച്ച് പോവുക മാത്രമാണ് ചെയ്തത്. “പിന്നീട് ഒരിക്കൽ ധൈര്യമുണ്ടെങ്കിൽ എന്നോട് പ്രണയം തുറന്നു പറയാൻ ഞാൻ ആന്റണിയോട് ആവശ്യപ്പെട്ടു. അങ്ങനെ 2010-ലാണ് ആന്റണി എന്നോട് ആദ്യമായി പ്രണയം തുറന്നു പറഞ്ഞത്. 2016-ലാണ് കാര്യങ്ങൾ കുറച്ചുകൂടി സീരിയസ് ആകുന്നത്. അന്ന് ആന്റണി എനിക്കൊരു മോതിരം തന്നു. വിവാഹം കഴിയുന്നത് വരെ ഞാൻ ആ മോതിരം ഊരിയിട്ടില്ല. ഞാൻ അഭിനയിച്ച സിനിമകൾ ശ്രദ്ധിച്ചാൽ ആ മോതിരം കാണാൻ കഴിയും. വിവാഹം എന്നത് ഒരു സ്വപനം പോലെ ആയിരുന്നു. ഹൃദയം നിറഞ്ഞിരുന്നു. ഞങ്ങൾക്ക് ഏറെ വൈകാരിക നിമിഷമായിരുന്നു അത്” കീർത്തി പറയുന്നു.
ALSO READ: ആഹാ ഉണ്ണിക്ക് ഗുജറാത്തിയും വശമുണ്ടോ ? ഇവിടെ ഏത് ഭാഷയും പോകും; താരത്തിന്റെ അഭിമുഖം വൈറല്‍
“ഞാൻ 12-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചത്. ആന്റണി എന്നെക്കാളും ഏഴു വയസ് മുതിർന്നതാണ്. അന്ന് ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. കോവിഡ് സമയത്താണ് ഞങ്ങൾ ലിവിങ് ടുഗെതർ തുടങ്ങിയത്. എന്റെ കരിയറിനെ ഒരുപാട് പിന്തുണച്ചിട്ടുണ്ട് ആന്റണി. എന്നെ ലഭിച്ചതിൽ ഭാഗ്യവാൻ ആണെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കിലും, എന്നെ വിശ്വസിക്കൂ, അദ്ദേഹത്തെ ലഭിച്ചതിൽ ഞാൻ ആണ് ഭാഗ്യവതി” കീർത്തി സുരേഷ് കൂട്ടിച്ചേർത്തു .
അതേസമയം, ‘റിവോൾവർ റിത’ ഉൾപ്പടെ നിലവിൽ രണ്ടു സിനിമകളാണ് കീർത്തിയുടേതായി അണിയറയിൽ പുരോഗമിക്കുന്നത്. തമിഴ് ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്കായ ബേബി ജോൺ എന്ന ചിത്രമാണ് കീർത്തിയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.