Honey Rose: സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ബാബുരാജ്; ചോദ്യത്തിന് ഹണി റോസിന്റെ മറുപടി ഇങ്ങനെ
Honey Rose Reveals Her Beauty Secret: സമൂഹ മാധ്യമങ്ങളിൽ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചുള്ള ചോദ്യത്തിന് അതൊന്നും ശ്രദ്ധിക്കാറില്ലെന്നായിരുന്നു ഹണി റോസിന്റെ മറുപടി.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് നടി ഹണി റോസ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മറ്റും താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെയായി കുറച്ച് ട്രോളുകൾക്കും താരം ഇരയായിരുന്നു. അതിനിടെ, നടൻ ബാബുരാജ് ചോദിച്ച ചില ചോദ്യങ്ങൾക്കുള്ള നടിയുടെ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഭിനേതാക്കളുടെ സംഘടനായ അമ്മയുടെ യൂട്യൂബ് ചാനലിലൂടെയാണ് നടൻ ബാബുരാജിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ഹണി റോസ് എത്തിയത്.
നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ചും, വിവാഹകാര്യത്തെ കുറിച്ചും ബാബുരാജ് വീഡിയോയിൽ ചോദിക്കുന്നുണ്ട്. അതുപോലെ, ഒരു മാസം എത്ര ഉദ്ഘാടനങ്ങൾ ചെയ്യുമെന്ന ചോദ്യത്തിനും നടി വളരെ രസകരമായ മറുപടിയാണ് നൽകിയത്. സമൂഹ മാധ്യമങ്ങളിൽ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചുള്ള ചോദ്യത്തിന് അതൊന്നും ശ്രദ്ധിക്കാറില്ലെന്നായിരുന്നു നടിയുടെ പ്രതികരണം.
സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന ബാബുരാജിന്റെ ചോദ്യത്തിന്, നല്ല മനസിന്റെ പ്രതിഫലനമാണ് സൗന്ദര്യം എന്നായിരുന്നു നടിയുടെ മറുപടി. തുടർന്ന്, പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും ചോദിച്ച ചോദ്യങ്ങൾക്കും താരം മറുപടി കൊടുത്തു. നേരത്തെ തനിക്ക് ബോയ്‌ഫ്രണ്ട് ഉണ്ടായിരുന്നെന്നും, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും താരം പറഞ്ഞു. നല്ലൊരാളെ കണ്ടുമുട്ടുമ്പോൾ വിവാഹം ഉണ്ടാകുമെന്നും നടി അറിയിച്ചു.
‘നല്ലൊരാൾ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് എനിക്ക് ചേരുന്ന ഒരാൾ എന്നാണ്. പരിചയപ്പെട്ട് സംസാരിച്ച് കുറച്ച് കഴിയുമ്പോൾ ഒരു വൈബ് ഉണ്ടാകും. ഇന്നേവരെ അങ്ങനെ ഒരു വൈബ് ഉണ്ടായിട്ടില്ല. ആള് ഫ്രെയ്മിലേക്ക് വന്നിട്ടില്ല. വീട്ടുകാർ സ്വന്തമായി കണ്ടെത്തി തരുകയാണെങ്കിലും എനിക്ക് ഓക്കേയാണ്. നമ്മളുമായി യോജിച്ചു പോകുന്ന ഒരു മനുഷ്യനായിരുന്നാൽ മതി” ഹണി റോസ് വ്യക്തമാക്കി.
ഒരു മാസം എത്ര ഉദ്ഘാടനങ്ങൾ ചെയ്യുമെന്ന നടന്റെ ചോദ്യത്തിനും ഹണി റോസ് മറുപടി നൽകി. “കേരളത്തിൽ എല്ലാത്തരം ഷോപ്പുകളും അഭിനേതാക്കളെ വിളിച്ച് ഉദ്ഘാടനം ചെയ്യാറുണ്ട്. തെലുങ്കിൽ ജ്വല്ലറിയും, ടെക്സ്റ്റൈൽസും മാത്രമേയുള്ളു. റെസ്റ്റോറന്റുകളും മറ്റും ചുരുക്കുമെ ചെയ്യാറുള്ളൂ. മരുന്നുകട ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യാൻ അന്വേഷണമുണ്ടായിരുന്നു. പെട്രോൾ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാൻ വിളിക്കുന്നത് എന്തിനാണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല” ഹണി റോസ് പറയുന്നു.
അതേസമയം, സമൂഹ മാധ്യമത്തിലെ നെഗറ്റീവ് കമന്റുകളെ കുറിച്ചുള്ള ചോദ്യത്തിനും താരം പ്രതികരിച്ചു. “നെഗറ്റീവ് കമന്റ്സ് കൊണ്ട് എനിക്ക് മോശമൊന്നും സംഭവിച്ചിട്ടില്ല. നമ്മൾ സ്വസ്ഥമായും സമാധാനത്തോടെയും പോകുന്നു. പറയുന്നവർ പറയട്ടെ. അവരുടെ തല, അവരുടെ ചിന്തകൾ. അവർ അയ്യോ അങ്ങനെ പറഞ്ഞല്ലോ, ഇങ്ങനെ പറഞ്ഞല്ലോയെന്ന് ചിന്തിക്കാൻ പോയാൽ നമുക്കൊരു മനസമാധാനവും കിട്ടില്ല. ഒന്നും ചെയ്യാൻ പറ്റില്ല. ലൈഫ് വല്ലാതെ ഡാർക്കായി പോവും. കമന്റുകളൊന്നും ശ്രദ്ധിക്കാറില്ല” നടി പറഞ്ഞു.