Esther Anil: ‘നിങ്ങളെ ആരാധകരെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, കാരണം..’; കുറിപ്പുമായി എസ്തർ അനിൽ
Actress Esther Anil New Post From London: പൊതുവെ സമൂഹ മാധ്യമങ്ങളിൽ തന്നെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും തന്നെ പങ്കുവയ്ക്കാൻ ആഗ്രഹിക്കാത്ത ആളാണെങ്കിലും, ഇത് പങ്കുവെക്കുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് എസ്തറിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
‘ദൃശ്യം’ എന്ന സിനിമയിൽ മോഹൻലാലിൻറെ ഇളയ മകളായി എത്തി മലയാളി സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് എസ്തർ അനിൽ. യുകെയിലെ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിൽ ഡെവലപ്‌മെന്റൽ സ്റ്റഡീസിൽ ഉപരിപഠനം നടത്തുന്ന താരം, സ്കൂളിന് മുന്നിലുള്ള ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൊതുവെ സമൂഹ മാധ്യമങ്ങളിൽ തന്നെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും തന്നെ പങ്കുവയ്ക്കാൻ ആഗ്രഹിക്കാത്ത ആളാണെങ്കിലും, ഇത് പങ്കുവെക്കുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് എസ്തറിന്റെ കുറിപ്പ് ആരംഭിക്കുന്നത്. നാലുവയസിൽ സ്കൂൾ യൂണിഫോം അണിഞ്ഞു നിൽക്കുന്ന ചിത്രവും നടി ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
എസ്തറിന്റെ പോസ്റ്റിൽ നിന്ന്:
“സാധാരണയായി സോഷ്യൽ മീഡിയയിലൂടെ എല്ലാം തുറന്നുപറയുന്ന ആളല്ല ഞാൻ. പക്ഷെ ഇന്ന് ഇക്കാര്യം ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കാനാണ് ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നത്. ആളുകളെ അവരുടെതായ അനുമാനങ്ങൾ മെനയാൻ വിടുകയാണ് പതിവ്. ‘ഓ, നായികയാവാൻ വേണ്ടി ആ കൊച്ച് കിടന്ന് പെടുന്ന പാട് കണ്ടില്ലേ…’ എന്ന തരത്തിലുള്ള പല കമന്റുകളും വരാറുണ്ട്. എന്നാൽ ആ വാക്കുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന് എൻ്റെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിച്ചു. നിശബ്ദമായി വളരാനാണ് ഞാൻ ഇഷ്ടപ്പെട്ടത്.
സ്വന്തം തോളിൽ തട്ടി എന്നെ ഞാൻ തന്നെ ഒന്ന് അഭിനന്ദിക്കട്ടെ. ഒരു ചെറിയ നേട്ടമായിരിക്കാം ഇത്. വലിയ സ്വപ്നങ്ങളുള്ള ആ കൊച്ചു പെൺകുട്ടി… നിനക്ക് എന്താണ് വേണ്ടതെന്ന് നിനക്ക് തന്നെ അറിയാമായിരുന്നു. കഠിനമായ പരിശ്രമത്തിനൊടുവിൽ അത് നേടാൻ കഴിഞ്ഞു. എൻ്റെ ജീവിതത്തിൽ എന്നോടൊപ്പം ഉറച്ചു നിന്ന ആളുകൾക്ക്… അവർ ആരാണെന്ന് അവർക്കറിയാം. നിങ്ങളുടെ സ്നേഹം കൊണ്ട് എൻ്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. എന്റെ ചിറകുകൾ വിടാതിരുന്നപ്പോൾ നിങ്ങൾ എനിക്ക് ചിറകായിരുന്നില്ലെങ്കിൽ എന്റെ ജീവിതം എന്തായി തീർന്നേനെ?
സോഷ്യൽ മീഡിയയിലൂടെ എല്ലാവരുമായും ഇടപഴകുന്ന ഒരാളല്ല ഞാൻ. നിങ്ങളെ ആരാധകരെന്ന് വിളിക്കാനാകുമോ എന്ന് പോലും എനിക്കറിയില്ല, കാരണം എനിക്ക് ആരാധകരുണ്ടോ എന്ന് പോലും എനിക്കറിയില്ല. പക്ഷെ ഒരു കാര്യം എനിക്കറിയാം. നിങ്ങളിൽ ചിലരെങ്കിലും എന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും, എനിക്ക് ആശംസകൾ നേരുകയും ചെയ്തിട്ടുണ്ടെന്ന്. ഈ സ്നേഹത്തിന് എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി. ഈ സ്നേഹമെല്ലാം എന്നെങ്കിലും നിങ്ങൾക്ക് തിരിച്ചു തരാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. നാലുവയസുകാരിയായ പഴയ എനിക്കൊപ്പം കൈകോർക്കാം, പരാചയപ്പെടാനും പോരാടാനും പുതിയ ഉയരങ്ങളിലേക്ക് പറക്കാനുമായി.”
അതേസമയം, ഹാലിത ഷമീം സംവിധാനം ചെയ്ത ‘മിൻമിനി’ എന്ന തമിഴ് ചിത്രമാണ് എസ്തറിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. 2024 ഓഗസ്റ്റിൽ പുറത്തിറങ്ങിയ ചിത്രത്തിൽ എസ്തറിന് പുറമെ ഗൗരവ് കാലൈ, പ്രവീൺ കിഷോർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി.