Bhavana: ‘അഭിനയത്തിലേക്ക് തിരിച്ചു വരണം എന്ന് ആലോചിച്ചിരുന്നില്ല; വരാന്‍ കാരണം ആ നടന്‍’; ഭാവന
Bhavana Menon About Her Journey Back to Films: സംഭവത്തിനു ശേഷം അഭിനയത്തിലേക്ക് വരണം എന്ന് ആപ്പോൾ ആലോചിച്ചിരുന്നില്ല. ഇനിയൊന്നും വേണ്ട എന്ന ചിന്താഗതിയായിരുന്നു. പക്ഷേ വീണ്ടും തിരിച്ചുവരാൻ കാരണം പൃഥ്വിരാജും ആദം ജോണ്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആണെന്ന് ഭാവന പറയുന്നു

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി ഭാവന. ചുരിങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ അന്യഭാഷയിലും ഭാവന തിളങ്ങിയിട്ടുണ്ട്. എന്നാൽ താരത്തിനു സംഭവിച്ച അനുഭവവും അതിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങളും വലിയ ചർച്ചയായിരുന്നു. ഇത് താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയ വെല്ലുവിളികൾക്ക് കാരണമായി. എന്നാൽ എല്ലാ പ്രതിസന്ധികളെയും വളരെ കരുത്തോടെ അതിജീവിക്കാൻ താരത്തിനു സാധിച്ചു. താരത്തിന്റെ അതിജീവന കഥ എല്ലാ നടിമാർക്കും മാതൃകാപരം എന്ന രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ സംഭവത്തിനു ശേഷം എങ്ങനെ സിനിമയിലേക്ക് തിരിച്ചെത്തി എന്നും അന്ന് എന്ത് ധൈര്യത്തിലാണ് പരാതി നല്‍കിയത് എന്നും തുറന്നുപറയുകയാണ് താരം. ബിഹൈന്റ്വുഡ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
അത് ധൈര്യം ആണോ എന്ന് ചോദിച്ചാൽ തനിക്ക് അറിയില്ലെന്നും ഒന്നും പ്ലാന്‍ ചെയ്തതല്ലെന്നും സ്വാഭാവികമായി സംഭവിച്ചതാണെന്നുമാണ് താരം പറയുന്നത്. നമ്മള്‍ നടന്ന് പോകുമ്പോള്‍ ഒരു കുഴിയില്‍ വീണാല്‍, അവിടെ നിന്ന് എഴുന്നേറ്റ്, പരിക്ക് പറ്റിയെങ്കില്‍ ഡോക്ടറെ കാണില്ലെ അതേപോലെയാണ് താനും ചെയ്തത്. താൻ തെറ്റ് ചെയ്തിട്ടില്ല,പിന്നെ എന്തിന് ഭയപ്പെടണം. അന്ന് പറയാതെ പീന്നീട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. തെറ്റ് താൻ ചെയ്തില്ലെന്ന് ഉറപ്പുണ്ട്, അതുകൊണ്ട് ആ ധൈര്യത്തിലാണ് മുന്നോട്ട് വന്നത് എന്നാണ് നടി പറയുന്നത്.
Also Read: ‘എനിക്കായി പ്രാര്‍ത്ഥിക്കണം, ഏത് നേരത്ത് എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല’
സംഭവത്തിനു ശേഷം അഭിനയത്തിലേക്ക് വരണം എന്ന് ആപ്പോൾ ആലോചിച്ചിരുന്നില്ല. ഇനിയൊന്നും വേണ്ട എന്ന ചിന്താഗതിയായിരുന്നു. പക്ഷേ വീണ്ടും തിരിച്ചുവരാൻ കാരണം പൃഥ്വിരാജും ആദം ജോണ്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആണെന്ന് ഭാവന പറയുന്നു. ആ സംഭവത്തിനു മുൻപെ താൻ ആദം ജോണ്‍ എന്ന് സിനിമ കമ്മിറ്റ് ചെയ്തിരുന്നു. സ്‌കോട്ട്‌ലാന്റിലാണ് ഷൂട്ട്, 15 ദിവസത്തെ ഷെഡ്യൂള്‍ ഉണ്ട്. പക്ഷേ പിന്നീട്, ഈ ഒരു മാനസികാവസ്ഥയില്‍ സ്‌കോട്ട്‌ലാന്റില്‍ പോകാനും ഷൂട്ടിങില്‍ പങ്കെടുക്കാനുമൊന്നും താൻ തയ്യാറായിരുന്നില്ല. ഇതുകൊണ്ട് തനിക്ക് ബ്രേക്ക് വേണമെന്നും, മറ്റൊരാളെ പകരം നോക്കാനും താൻ ടീമിനോട് പറഞ്ഞു.
പക്ഷേ പൃഥ്വിരാജും ചിത്രത്തിന്റെ സംവിധായകനും പ്രൊഡ്യൂസറും അടക്കം മറ്റു ടീമും നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. താന്‍ ഉണ്ടെങ്കില്‍ മാത്രമേ ചിത്രം ചെയ്യുന്നുള്ളൂവെന്ന് അവർ പറഞ്ഞു. താൻ തിരിച്ചുവരുമ്പോൾ ചെയ്യാമെന്ന് പറഞ്ഞ് അവർ തനിക്ക് വേണ്ടി കാത്തിരുന്നു. അപ്പോള്‍ പിന്നെ തിരിച്ചുവരാതെ തരമില്ലായിരുന്നു. അങ്ങനെയാണ് വീണ്ടും സിനിമയിലേക്ക് എത്തിയത് എന്നാണ് താരം പറയുന്നത്.