Actress Bhama : ‘സ്ത്രീധനം കൊടുത്ത് വിവാഹം കഴിക്കരുതെന്നാണ് ഉദ്ദേശിച്ചത്’; വൈറൽ പോസ്റ്റിൽ വിശദീകരണവുമായി നടി ഭാമ
Actress Bhama Marriage : ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ച സ്റ്റോറിയിൽ വിശദീകരണവുമായി നടി ഭാമ. സ്ത്രീകൾ വിവാഹം കഴിക്കരുതെന്ന തരത്തിൽ സ്ത്രീധനത്തെപ്പറ്റി പങ്കുവച്ച സ്റ്റോറി വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് നടിയുടെ വിശദീകരണം.
വിവാഹത്തെപ്പറ്റി കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിൽ വിശദീകരണവുമായി നടി ഭാമ. സ്ത്രീധനം കൊടുത്ത് വിവാഹം കഴിക്കരുതെന്നാണ് പോസ്റ്റിലൂടെ താൻ ഉദ്ദേശിച്ചത് എന്ന് ഭാമ പറഞ്ഞു. എഴുതിയതിൻ്റെ ആശയം മനസിലാവുമെന്ന് കരുതുന്നു എന്നും തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഭാമ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ‘വിവാഹം നമ്മൾ സ്ത്രീകൾക്ക് വേണോ?’ എന്ന ചോദ്യത്തോടെ ഭാമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’- എന്നായിരുന്നു കഴിഞ്ഞ ദിവസം ഭാമയുടെ ഇൻസ്റ്റ സ്റ്റോറി. ഇതേച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയുണ്ടായി. വിവാഹമേ വേണ്ട എന്ന് പറഞ്ഞതിന് ചിലർ ഭാമയെ വിമർശിച്ചപ്പോൾ മറ്റ് ചിലർ വിവാഹജീവിതത്തിലെ മോശം അനുഭവങ്ങൾ കൊണ്ടാവാം നടി ഇത്തരത്തിൽ കുറിച്ചതെന്ന് അഭിപ്രായപ്പെട്ടു. ഇതിനുപിന്നാലെയാണ് ഭാമയുടെ പുതിയ അപ്ഡേറ്റ്.
‘ഇന്നലെ ഞാനിട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം, അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ശ്രമിച്ചത്. അങ്ങനെ സ്ത്രീകള്‍ വിവാഹം ചെയ്യരുതേ എന്നാണ്. വിവാഹശേഷമാണെങ്കില്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസിലാകുമെന്ന് കരുതുന്നു. നന്ദി… എല്ലാവര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.- ഇൻസ്റ്റയിൽ ഭാമ കുറിച്ചു.
2020ലാണ് ഭാമയും അരുൺ ജഗദീഷും തമ്മിൽ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. കുറച്ചുകാലം മുൻപ് ഇരുവരും വേര്‍പിരിഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. താനിപ്പോൾ ഒറ്റക്കാണ് കഴിയുന്നതെന്നും മകൾ ഗൗരിയുടെ സിംഗിൾ മദറാണെന്നും ഭാമ പലതവണ പറയുകയും ചെയ്തിരുന്നു. ഇതൊക്കെ ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന് വാർത്തകൾക്ക് ശക്തിപകർന്നു. ഇരുവരും വിവാഹമോചനത്തെപ്പറ്റി തുറന്നുപറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസത്തെ പോസ്റ്റോടെ സോഷ്യൽ മീഡിയ ഇത് ഉറപ്പിക്കുകയും ചെയ്തു.
2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിൽ നായികയായി സിനിമാ അരങ്ങേറ്റം കുറിച്ച ഭാമ ഇവർ വിവാഹിതരായാൽ, സെവൻസ്, ഹസ്ബൻഡ്സ് ഇൻ ഗോവ തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിച്ചു. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.