Actress Attack Case: നടിയെ ആക്രമിച്ച കേസ്: ഏഴ് വർഷം നീണ്ട വിചാരണ നടപടികൾ പൂർത്തിയായി, അന്തിമവാദം മേയ് 21ന്
Actress Attack Case 7 Year Long Trial Proceedings Completed: 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് മലയാള സിനിമയിലെ പ്രമുഖ നടി ലൈംഗികാതിക്രമത്തിന് ഇരയായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ ആയിരുന്നു അതിക്രമം നടന്നത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയായി. ഇതുവരെയുള്ള വാദത്തിൽ ആവശ്യമെങ്കിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തത തേടും. ഇതിനായി കേസ് വീണ്ടും മെയ് 21ന് പരിഗണിക്കും. ശേഷം വിചാരണക്കോടതി കേസ് വിധി പറയാൻ മാറ്റും. ഏഴ് വർഷവും ഒരു മാസവും നീണ്ട വിചാരണ നടപടികളാണ് ഒടുവിൽ പൂർത്തിയായിരിക്കുന്നത്. കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ഉൾപ്പടെയുള്ള പ്രതിഭാഗം വാദം പൂർത്തിയായി.
നേരത്തെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. അതിന് മുമ്പ് സിംഗിൾ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാൽ, സിംഗിൾ ബെഞ്ച് ഹർജി നിരസിച്ചതോടെയാണ് ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്. 2019ലാണ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് മലയാള സിനിമയിലെ പ്രമുഖ നടി ലൈംഗികാതിക്രമത്തിന് ഇരയായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ ആയിരുന്നു അതിക്രമം നടന്നത്. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. അന്ന് മുതൽ ആരംഭിച്ച അതിജീവനയുടെ നിയമപോരാട്ടങ്ങളാണ് ഇപ്പോൾ ഏഴാം വർഷത്തിൽ എത്തിനിൽക്കുന്നത്.
മലയാള സിനിമാ താരങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. രണ്ട് മണിക്കൂറോളം ഉപദ്രവിച്ച ശേഷം നടിയെ സംവിധായകനും നടനുമായ ലാലിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നെ നടിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പൾസർ സുനി, ദിലീപ് എന്നിവർ ഉൾപ്പടെ കേസിൽ ഒമ്പത് പ്രതികളാണ് ഉള്ളത്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണും മെമ്മറി കാർഡും കോടതിയിൽ ഹരാജരാക്കിയിരുന്നു. തുടർന്ന് കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് കേന്ദ്രീകരിച്ചായി അന്വേഷണം. കാക്കനാട് സബ് ജയിലിൽ കഴിയുന്നതിനിടെ പൾസർ സുനി സഹതടവുകാരനോട് കുറ്റകൃത്യം നടത്തിയതിനെ കുറിച്ച് പറഞ്ഞതാണ് കേസിൽ നിർണായകമായത്.
പിന്നാലെ പൾസർ സുനി ദിലീപിന് എഴുതിയ കത്തും പുറത്തുവന്നു. ഇതോടെ ദിലീപിനെയും സുഹൃത്തും നടനും സംവിധായകനുമായ നാദിർഷയെയും പോലീസ് 13 മണിക്കൂർ ചോദ്യം ചെയ്തു. തുടർന്ന് ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരോട് കാവ്യ മാധവനുമായുള്ള നടന്റെ ബന്ധം അറിയിച്ചതാണ് ആക്രമണത്തിന് ഇരയായ നടിയോട് വൈരാഗ്യം തോന്നാനുള്ള കാരണമെന്ന് പോലീസ് പറഞ്ഞു.
തുടർന്ന്, 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. അന്ന് അന്വേഷണ സംഘം 650 പേജുള്ള കുറ്റപത്രമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. 12 പേരെ പ്രതിചേർത്തിരുന്നു. കേസിൽ ദിലീപ് എട്ടാം പ്രതിയായി. മഞ്ജു വാര്യർ കേസിൽ പ്രധാന സാക്ഷിയായി. 2018 മാർച്ചിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസിലെ വിചാരണ നടപടികൾ ആരംഭിച്ചത്.