Reshma Sebastian: ‘ക്യാപ്റ്റൻ അൻഷുമാൻ്റെ ഭാര്യ ഞാനല്ല’; സ്മൃതി സിങ്ങെന്ന് തെറ്റിദ്ധരിച്ച് തൻ്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു, പരാതിയുമായി നടിയും മോഡലുമായ രേഷ്മ
Reshma Sebastian: കുറച്ചുദിവസങ്ങളായി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമങ്ങളിൽ സെെബർ ആക്രമണം രൂക്ഷമാകുകയാണ്. അതിനിടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ ഡൽഹി പോലീസ് കേസുമെടുത്തിരുന്നു.
ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിൻ്റെ (Captain Anshuman Singh’s wife Smriti Singh) ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്ന് തെറ്റിദ്ധരിച്ച് തന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി നടിയും മോഡലുമായ രേഷ്മ സെബാസ്റ്റ്യൻ (Reshma Sebastian) രംഗത്ത്. തൻ്റെ ചിത്രം ഉപയോഗിച്ച് സ്മൃതി സിങ്ങിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രേഷ്മ പറഞ്ഞു. തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിൻ്റെ പ്രതികരണം.
രക്തസാക്ഷിയായ മകനെ ഓർത്ത് അമ്മ വിഷമിക്കുമ്പോൾ ഭാര്യ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്നതുൾപ്പടെയുള്ള കമന്റുകളാണ് രേഷ്മയുടെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രചരിക്കുന്നത്. ഇതിനെതിരെയാണ് രേഷ്മ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘ഇത് ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇൻസ്റ്റഗ്രാം അക്കൗണ്ടോ അല്ല. പ്രൊഫൈൽ വിശദാംശങ്ങളും ബയോയും വായിക്കുക. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി വിട്ടുനിൽക്കണം. എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് സ്മൃതി സിങ്ങിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഞങ്ങൾ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇത്തരം പോസ്റ്റുകൾ കണ്ടെത്തുകയാണെങ്കിൽ ദയവായി തങ്ങളെ അറിയിക്കണം’, രേഷ്മ സെബാസ്റ്റ്യൻ കുറിച്ചു.
കുറച്ചുദിവസങ്ങളായി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമങ്ങളിൽ സെെബർ ആക്രമണം രൂക്ഷമാകുകയാണ്. അതിനിടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ ഡൽഹി പോലീസ് കേസുമെടുത്തിരുന്നു. ദേശീയ വനിതാ കമ്മിഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഇതിനിടയിലാണ് രേഷ്മയുടെ ചിത്രങ്ങളും സ്മൃതിയുടേതെന്ന പേരിൽ പ്രചരിക്കുന്നത്. പ്രശസ്ത മോഡൽ കൂടിയായ രേഷ്മ ചാർളി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
2023 ജൂലായ് 19ന് സിയാച്ചിൻ മഞ്ഞുമലയിൽ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റൽ മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്. 2023 ജൂലായ് 22ന് എല്ലാ ഔദ്യോഗികബഹുമതികളോടെയും ഉത്തർപ്രദേശിലെ ഭഗൽപുരിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.