Mohanlal: ‘ഒരു രൂപ വാങ്ങാതെയാണ് മോഹൻലാൽ സാർ കണ്ണപ്പ ചെയ്തത്; കാരണം ഇത്’; വെളിപ്പെടുത്തി വിഷ്ണു മഞ്ചു
Mohanlal Remuneration For Kannappa Movie : അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമയിൽ അഭിനയിക്കേണ്ട കാര്യമില്ലെന്നും എന്നാൽ തന്റെ പിതാവായ നടൻ മോഹൻ ബാബുവുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ലാൽ സാർ എത്തിയതെന്നും താരം പറഞ്ഞു.

മോഹൻലാൽ
തെന്നിന്ത്യൻ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് തെലുങ്ക് ചിത്രം കണ്ണപ്പ. വിഷ്‍ണു മഞ്ചു നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാലും നിർണായക വേഷത്തിൽ എത്തുന്നുണ്ട്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ‘കിരാത’ എന്ന അതിഥി കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏപ്രിൽ 25 ന് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോഴിതാ നടൻ വിഷ്ണു മഞ്ചു വാർത്ത സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രത്തിൽ നടൻ മോഹൻലാലിന്റെ പ്രതിഫലം എത്ര എന്ന ചോദ്യത്തിന് വിഷ്‍ണു മഞ്ചു നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. പ്രതിഫലം സ്വീകരിക്കാതെയാണ് താരം അഭിനയിച്ചതെന്നാണ് വിഷ്ണു മഞ്ചു പറയുന്നത്. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമയിൽ അഭിനയിക്കേണ്ട കാര്യമില്ലെന്നും എന്നാൽ തന്റെ പിതാവായ നടൻ മോഹൻ ബാബുവുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ലാൽ സാർ എത്തിയതെന്നും താരം പറഞ്ഞു.
ലാൽ സാറിന്റെ കോസ്റ്റ്യൂം തങ്ങൾ സ്കെച്ച് ചെയ്ത് അയച്ചുകൊടുത്തെന്നും എന്നാൽ അത് അദ്ദേഹം ഇംപ്രവൈസ് ചെയ്തെന്നും വിഷ്ണു പറയുന്നു. ഇതുവരെ അദ്ദേഹം ഒരു രൂപ പോലും വാങ്ങിയില്ലെന്നും തന്റെ അച്ഛനോടുള്ള സ്നേഹവും സൗഹൃദവും കൊണ്ടാണ് മോഹൻലാൽ ആ കഥാപാത്രം ചെയ്തതെന്നും വിഷ്ണു പറഞ്ഞു. ന്യൂസിലാൻഡിൽ ഷൂട്ട് ചെയ്യേണ്ട കാര്യം പറഞ്ഞപ്പോൾ എപ്പോഴാണ് താൻ അവിടെ വരേണ്ടതെന്നും താൻ ടിക്കറ്റ് എടുത്തുകൊള്ളാം എന്ന് വരെ അദ്ദേഹം പറഞ്ഞുവെന്നും താരം പറയുന്നു. അതേസമയം ചിത്രത്തിൽ നടൻ പ്രഭാസും നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. പ്രഭാസും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളതെന്നും വിഷ്ണു മഞ്ചു പറഞ്ഞു.
മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്‍ണു മഞ്ചു ആണ് പ്രധാന കഥാപാത്രത്തിൽ എത്തുന്നത്. യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥയാണ് ചിത്രം പറയുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ.
മോഹൻലാലിനെ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അർപിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.