Thangalaan 2: ‘തങ്കലാൻ’ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നടന്‍ വിക്രം
Thangalaan 2 Announcement: ചിയാൻ വിക്രം നായകനായ പാ രഞ്ജിത്ത് ചിത്രം 'തങ്കലാൻ' രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ചിത്രം പെട്ടെന്ന് തന്നെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് നടൻ അറിയിച്ചു.
വിക്രം നായകനായ ‘തങ്കലാൻ’ തിയേറ്ററിൽ വിജയകരമായി മുന്നേറുകയാണ്. പ്രേക്ഷരുടെ ഇടയിൽ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ‘തങ്കലാൻ’ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ചിയാൻ വിക്രം ആണ് ആരാധകരെ ആവേശത്തിലാക്കിയ പ്രഖ്യാപനം നടത്തിയത്. ഹൈദരാബാദിൽ വെച്ച് നടന്ന നന്ദി സമ്മേളനത്തിൽ വച്ചായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 15നായിരുന്നു ‘തങ്കലാൻ’ റിലീസ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിച്ചതെങ്കിലും സിനിമയിലെ നായകൻറെ പ്രകടനത്തെ എല്ലാവരും പ്രശംസിച്ചു.
“രഞ്ജിത്ത് എന്നോട് ഇക്കാര്യം ഇവിടെ പറയാൻ ആവശ്യപ്പെട്ടു. തങ്കലാനെ നിങ്ങൾ ഇഷ്ടപ്പെട്ടത് കണ്ടപ്പോൾ, ഞങ്ങൾ എല്ലാവരും ചേർന്നൊന്ന് ചർച്ച ചെയ്തു. രണ്ടാം ഭാഗം പെട്ടെന്ന് തന്നെ ചെയ്യണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” വിക്രം പറഞ്ഞു. ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം പങ്കുവയ്ക്കാനായി നടത്തിയ നന്ദി സമ്മേളനം ഹൈദരാബാദിൽ വെച്ച് നടന്നു. സമ്മേളനത്തിൽ ചിത്രത്തിന്റെ സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പടെ താരങ്ങൾ എല്ലാവരും പങ്കെടുത്തു. സാസിൽക്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ആദ്യ ദിനം 13.30 കോടി രൂപയാണ് ചിത്രം നേടിയത്.
ALSO READ: ഭീതിപ്പെടുത്തുന്ന കാടിൻ്റെ പശ്ചാത്തലം, ഓണത്തിന് ആസിഫ് എത്തുന്നു; ‘കിഷ്കിന്ധാ കാണ്ഡം’ ടീസർ പുറത്ത്
സ്വർണഖനനത്തിനായി ബ്രിട്ടീഷുകാർ ഒരു ഗ്രാമത്തിലേക്ക് വരുന്നതും, അതെ തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയാണ് ഇതിലെ മറ്റൊരു നിർണ്ണായക കഥാപാത്രമായി എത്തിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് തങ്കലാൻ കേരളത്തിൽ വിതരണം ചെയ്യുന്നത്.
ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കിഷോർ കുമാർ ആണ് ഛായാഗ്രഹണം. സെൽവ ആർ കെ ആണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റണ്ണർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പിആർഒ- ശബരി.