Unnikkannan: ‘അണ്ണനെ കാണാന്‍ പറ്റിയില്ല, ഭയങ്കര ചൂടും വെയിലും’; വിജയ്‌യുടെ പാര്‍ട്ടി സമ്മേളന സ്ഥലത്ത് ഉണ്ണിക്കണ്ണന്റെ മിഠായി വിതരണം
Vijay Fan Unnikkannan's Latest Video: അടുത്ത പടത്തിലെങ്കിലും അണ്ണന്റെ പുറകില്‍ നിന്നാല്‍ മതി. ഡയലോഗ് ഒന്നും വേണ്ട. അതിന് എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്ത് തരാമോ? ഇതൊക്കെ കാണുന്ന സിനിമാ താരങ്ങളൊന്നും സങ്കടപ്പെടേണ്ട, നിങ്ങളുടെ കൂടെയെല്ലാം എനിക്ക് അഭിനയിക്കണം.
നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി മലയാളി ആരാധകന്‍ ഉണ്ണിക്കണ്ണന്‍. സമ്മേളന നഗരിയിലെത്തി ഉണ്ണിക്കണ്ണന്‍ മിഠായി വിതരണം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സമ്മേളനം നടക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഉണ്ണിക്കണ്ണന്‍ വിക്രവാണ്ടിയിലെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള വിജയ് ആരാധകനാണ് താനെന്നാണ് ഉണ്ണിക്കണ്ണന്‍ അവിടെയുള്ളവരോട് സ്വയം പരിചയപ്പെടുത്തുന്നത്. ഇത് കേട്ടത്തോടെ പലരും കയ്യടിച്ച് ഉണ്ണിക്കണ്ണനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
കഴുത്തിലും കയ്യിലുമെല്ലാം വിജയ്‌യുടെ ഫോട്ടോ തൂക്കിയിട്ടാണ് ഉണ്ണിക്കണ്ണന്‍ നടന്നത്. എന്നാല്‍ വിജയിയെ നേരിട്ട് കാണാതെ മടങ്ങി പോരേണ്ടി വന്നിരിക്കുകയാണ് ഉണ്ണിക്കണ്ണന്. കനത്ത ചൂടാണ് ഉണ്ണിക്കണ്ണനെ ചതിച്ചത്.
‘ഞാന്‍ തനിച്ചാണ് വന്നത്. ഞാന്‍ ഈ മുടിയും താടിയും വെച്ചിരിക്കുന്നത് വൈറലാകാനല്ല. പകരം എനിക്ക് വിജയ് സാറിനെ ഒന്ന് കാണണം. അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോള്‍ കാണാന്‍ പോയിരുന്നു, അന്ന് ഒരു മിന്നായം പോലെയാണ് കണ്ടത്. ഇപ്പോള്‍ എല്ലാവരും എന്നെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ്. ഞാനെന്ത് തെറ്റാണ് ചെയ്തത്. കാശുള്ളവര്‍ക്ക് മാത്രമേ ഇതൊക്കെ പറ്റൂ. എന്നെപ്പോലെ ഒരാള്‍ക്ക് എങ്ങനെ പറ്റാനാണ്. വിജയ് അണ്ണനെ ഒന്ന് കാണാന്‍ പറ്റിയാല്‍ മതി.
ഉണ്ണിക്കണ്ണന്‍ പങ്കുവെച്ച വീഡിയോ
അടുത്ത പടത്തിലെങ്കിലും അണ്ണന്റെ പുറകില്‍ നിന്നാല്‍ മതി. ഡയലോഗ് ഒന്നും വേണ്ട. അതിന് എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്ത് തരാമോ? ഇതൊക്കെ കാണുന്ന സിനിമാ താരങ്ങളൊന്നും സങ്കടപ്പെടേണ്ട, നിങ്ങളുടെ കൂടെയെല്ലാം എനിക്ക് അഭിനയിക്കണം.
സമ്മേളനത്തിന് ഞാന്‍ നില്‍ക്കുന്നില്ല. ഭയങ്കര ചൂടും വെയിലുമാണ്, തലവേദന എടുക്കുന്നു. നേരം വൈകിയാല്‍ തിരിച്ച് വണ്ടി കിട്ടില്ല. പത്ത് കിലോമീറ്ററോളം നടന്നു. വയ്യാത്തത് കൊണ്ടാണ് തിരിച്ച് വരുന്നത്. എല്ലാവരും എന്നെ സപ്പോര്‍ട്ട് ചെയ്യുക,’ ഉണ്ണിക്കണ്ണന്‍ വീഡിയോയില്‍ പറയുന്നു.
ഉണ്ണിക്കണ്ണന്‍ പങ്കുവെച്ച വീഡിയോ
നടന്‍ വിജയ്‌യോടുള്ള കടുത്ത ആരാധനയാണ് ഉണ്ണിക്കണ്ണനെ വൈറലാക്കിയത്. വിജയ്‌യെ കാണുന്നത് വരെ വെട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഇയാള്‍ മുടിയും താടിയും വളര്‍ത്തുന്നുണ്ട്. കൂടാതെ വിജയ്‌യെ കാണാനായി അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നതും വൈറലായിരുന്നു. പാലക്കാട് മംഗലം ഡാം സ്വദേശിയാണ് ഉണ്ണിക്കണ്ണന്.