മുകേഷ് പുറത്ത്, സിനിമ നയ രൂപീകരണ സമിതിയിൽ ബി ഉണ്ണി കൃഷ്ണൻ തുടരും | Actor turned Politician M Mukesh Mla Removed from Cinema Conclave Policy Making Committee Malayalam news - Malayalam Tv9

Cinema Conclave: മുകേഷ് പുറത്ത്, സിനിമ നയ രൂപീകരണ സമിതിയിൽ ബി ഉണ്ണി കൃഷ്ണൻ തുടരും

Published: 

05 Sep 2024 18:37 PM

Cinema Conclave: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ലെെം​ഗികാരോപണവുമായി നടി രം​ഗത്തെത്തിയത്. പിന്നാലെ മുകേഷിനെ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും ഡബ്യൂസിസിയും രം​ഗത്തെത്തിയിരുന്നു.

Cinema Conclave: മുകേഷ് പുറത്ത്, സിനിമ നയ രൂപീകരണ സമിതിയിൽ ബി ഉണ്ണി കൃഷ്ണൻ തുടരും

Credit Mukesh Facebook page

Follow Us On

തിരുവനന്തപുരം: സിനിമാ നയം കരട് രൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ എം മുകേഷിനെ ഒഴിവാക്കി. ലെെം​ഗികാരോപണ കേസിൽ പ്രതിയായ എംഎൽഎയെ സിപിഎം നിർദേശപ്രകാരമാണ് സമിതിയിൽ നിന്ന് ഒഴിവാക്കിയത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള മറ്റ് 9 പേരും സമിതിയിൽ തുടരും.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ലെെം​ഗികാരോപണവുമായി നടി രം​ഗത്തെത്തിയത്. യുവതിയുടെ പരാതിയിന്മേൽ മുകേഷിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ മുകേഷിനെ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും ഡബ്യൂസിസിയും രം​ഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങൾ കനത്തോടെ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.

അതേസമയം, ഫെഫ്ക ജനറൽസെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സമിതിയിൽ തുടരും. നേരത്തെ ഉണ്ണികൃഷ്ണനെ സമിതിയിൽ നിന്ന് മാറ്റണമെന്ന് സംവിധായകരായ വിനയനും ആഷിക് അബുവും രം​ഗത്തെത്തിയിരുന്നു. ഈ ആവശ്യമാണ് സർക്കാർ തള്ളിക്കളഞ്ഞിരിക്കുന്നത്. നവംബർ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് സർക്കാർ നീക്കം. വിദേശ ഡെലിഗേറ്റുകളടക്കം 350 പേരെ പങ്കെടുപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. അഞ്ച് ദിവസം വരെ കോൺക്ലേവ് നീണ്ടു നിന്നേക്കാം.

ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോർപ്പറേഷനും സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എം കരുണിനാണ് കോൺക്ലേവിന്റെ നടത്തിപ്പ് ചുമതല. നവംബർ 23,24,25 ദിവസങ്ങളിൽ കോൺക്ലേവ് നടക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. സിനിമമേഖലയ്ക്ക് വേണ്ടി നയം രൂപീകരിച്ച മറ്റ് സംസ്ഥാനങ്ങളുമായി വിഷയം ചർച്ച ചെയ്തതിന് ശേഷമാകും കരട് നയം രൂപീകരിക്കുക. കരട് നയം സിനിമ കോൺക്ലേവിലും ചർച്ചചെയ്യും.

സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുമ്പ് സിനിമാ മേഖലയിലെ പ്രമുഖരായ എല്ലാവരെയും ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്താനാണ് സർക്കാരിന്റെ ശ്രമം. നാലര കൊല്ലമായി ഹേമ കമ്മിറ്റി റിപ്പോർട്ട് കയ്യിൽ ഉണ്ടായിരുന്നിട്ടും എന്ത് നടപടിയെടുത്തെന്ന ചോദ്യത്തിനുള്ള സർക്കാരിന്റെ മറുപടിയാണ് സിനിമ കോൺക്ലേവ്. എന്നാൽ കോൺക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണോ സർക്കാരിന്റെ കോൺക്ലേവെന്നാണ് ഡബ്യൂസിസിയുടെ പരിഹാസം. പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് അഭിനേതാക്കളുടെ സംഘടനയും. എന്നാൽ ഭാവി സിനിമനയത്തിന് കോൺക്ലേവ് അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.

നയ രൂപീകരണത്തിന് മുന്നോടിയായി സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി സർക്കാർ കൺസൾട്ടൻസിയെ നിയമിച്ചിരുന്നു. ഇതിനായി ഒരു കോടി രൂപയാണ് സർക്കാർ നീക്കിവച്ചിട്ടുള്ളത്.

അതേസമയം, ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി നടൻ പ്രേംകുമാർ ചുമതലയേറ്റെടുത്തു‌. ലെെം​ഗികപീഡന ആരോപണത്തെ തുടർന്ന് രാജിവച്ച രഞ്ജിത്തിനെയും സിനിമ കോൺക്ലേവിനെയും ന്യായീകരിച്ചുകൊണ്ടാണ് ചുമതലയേറ്റത്. സിനിമ കോൺക്ലേവ് നടത്തുമെന്നും ബഹിഷ്കരിക്കുമെന്ന് പറഞ്ഞവരുടേത് തീവ്രനിലപാടെന്നുമായിരുന്നു പരിഹാസം.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version