Sivakarthikeyan: ‘മൂന്ന് സിസേറിയൻ കഴിഞ്ഞതാണ്, അത് വെച്ച് നോക്കുമ്പോൾ എന്റെ വേദനകൾ ഒന്നുമല്ല’; ഭാര്യയെ കുറിച്ച് ശിവകാർത്തികേയൻ
Sivakarthikeyan About Her Wife Aarthi: പത്ത് വർഷമായി, പ്രത്യേകിച്ച് കഴിഞ്ഞ ആറേഴ് വർഷങ്ങൾ ഞാൻ നേരിട്ട എല്ലാ വെല്ലുവിളികളെയും എതിരിടാൻ എനിക്ക് ധൈര്യം തന്നത് ആരാധിയാണെന്നും ശിവകാർത്തികേയൻ പറഞ്ഞു.
റിയാലിറ്റി ഷോകളിൽ അവതാരകനായി ആരംഭിച്ച് ഇന്ന് മുൻനിര നായകന്മാരിൽ ഒരാളായി മാറിയ നടനാണ് ശിവകാർത്തികേയൻ. തന്റെ സിനിമകളിലൂടെയും അഭിനയ മികവിലൂടെയും ഇതോടകം താരം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. നടി അല്ലെങ്കിലും ശിവകാർത്തികേയനെ അറിയുന്നവർക്കെല്ലാം ഭാര്യ ആരതിയെയും അറിയാം. നടൻ പങ്കെടുക്കുന്ന പരിപാടികളിലെല്ലാം നിറ സാന്നിധ്യമായി ആരതിയും ഉണ്ടാകാറുണ്ട്. സിനിമകളുടെ ഓഡിയോ ലോഞ്ച് മുതലായ പരിപാടികൾക്കായാലും, അവാർഡ് ദാന ചടങ്ങുകളിലായാലും ഭാര്യയുമൊത്താണ് ശിവകർത്തികേയർ എത്താറുള്ളത്.
ശിവകാർത്തികേയൻ ഏതൊരു സ്റ്റേജിൽ കയറി സംസാരിക്കുമ്പോഴും ഒരിക്കലെങ്കിലും ഭാര്യയുടെ പേര് പരാമർശിക്കുന്നത് പതിവാണ്. താരത്തിന്റെ ആരാധകർക്ക് അത് കേൾക്കാൻ ഒരുപാട് താല്പര്യവുമാണ്. അടുത്തിടെ നടന്ന ഒരു അവാർഡ് നിശയിൽ വെച്ച് ഭാര്യ നൽകുന്ന പിന്തുണയെ കുറിച്ചും, അനുഭവിക്കുന്ന കഷ്ടപ്പാടുകളെ പറ്റിയുമെല്ലാം താരം സംസാരിച്ചിരുന്നു. ഈ വീഡിയോയായാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശിവകാർത്തികേയൻ സിനിമ ജീവിതം ആരംഭിച്ച് പത്ത് വർഷം തികഞ്ഞത് പ്രമാണിച്ച് അദ്ദേഹത്തെ ആദരിക്കാനായി സ്റ്റേജിലേക്ക് വിളിച്ച സാഹചര്യത്തിലാണ്, തന്റെ ജീവിതത്തിലെ ഭാര്യയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്.
ALSO READ: ഹൻസികയ്ക്ക് എന്താണുപറ്റിയത്, എന്തിനാണ് എംആർഐ സ്കാൻ ചെയ്തത്?
“എന്റെ സിനിമാ ജീവിതം ആരംഭിച്ചിട്ട് പത്ത് വർഷമായി. ഇപ്പോഴും എനിക്ക് ഒരുപാട് സമ്മർദ്ദം ഉണ്ട്. ഞാൻ മുന്നേ അഭിനയം അവസാനിപ്പിച്ച് പോകുമായിരുന്നു. എന്നാൽ, നിങ്ങൾക്ക് സിനിമ ഇഷ്ടമാണ്, ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു എന്നെ പ്രോത്സാഹിപ്പിച്ചത് എന്റെ ഭാര്യയാണ്. ഈ നിമിഷം വരെയും എന്റെ ഏറ്റവും വലിയ പിന്തുണ ഇവരാണ്. എന്റെ ജീവിതം ഒരുപാട് ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് തോന്നുമ്പോഴെല്ലാം ഞാൻ എന്റെ ഭാര്യയെ കുറിച്ചാണ് ആദ്യം ആലോചിക്കാറുള്ളത്. കാരണം, അടുത്തിടെയാണ് എനിക്ക് മൂന്നാമത്തെ മകൻ ജനിച്ചത്. മൂന്നും സിസേറിയൻ ആയിരുന്നു. ആ വേദനയെല്ലാം സഹിച്ച്, എന്റെയും മൂന്ന് മക്കളുടെയും കാര്യങ്ങൾ നല്ലപോലെ നോക്കി നടത്തുന്നതും ഇവരാണ്.
ഞാൻ ഡിപ്രഷനിലേക്ക് കടക്കുമെന്ന് വിചാരിച്ച സമയം പോലുമുണ്ട്. അപ്പോഴും ഞാൻ ചിന്തിച്ചത്, ഭാര്യ അനുഭവിച്ച കഷ്ടതകളും ബുദ്ധിമുട്ടുകളും വെച്ച് നോക്കുമ്പോൾ ഇതൊക്കെ ഒരു പ്രശ്നമാണോയെന്നാണ്. പത്ത് വർഷമായി, പ്രത്യേകിച്ച് കഴിഞ്ഞ ആറേഴ് വർഷങ്ങൾ ഞാൻ നേരിട്ട എല്ലാ വെല്ലുവിളികളെയും എതിരിടാൻ എനിക്ക് ധൈര്യം തന്നത് ആരതിയാണ്. ഈ അവാർഡ് ഞാൻ സ്വീകരിക്കുമ്പോൾ എന്റെ ഭാര്യ ഈ വേദിയിൽ എന്നോടൊപ്പം വേണമെന്ന് ഞാൻ ആഗ്രഹിച്ചു.” ശിവകാർത്തികേയൻ പറഞ്ഞു.
അതേസമയം, ‘അമരൻ’ ആണ് ശിവകർത്തികേയന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി ചെയ്ത ചിത്രം തീയറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. സായ് പല്ലവിയാണ് നായിക വേഷത്തിൽ എത്തിയത്. സിനിമ റിലീസായി 15 ദിവസം പിന്നിടുമ്പോൾ, ആഗോളതലത്തിൽ ചിത്രം നേടിയത് 170 കോടി രൂപയാണ്.