Siddique: സിദ്ധിഖിന് ജാമ്യം; അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
Siddique: ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
ന്യൂഡൽഹി: ലെെംഗികാരോപണ കേസിൽ നടൻ സിദ്ധിഖിന് ആശ്വാസം. ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് നടന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരിക്കുന്നത്. വിചാരണ കോടതി മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. പരാതി നൽകാൻ കാലതാമസം എന്തിനായിരുന്നുവെന്ന സിദ്ധിഖിന്റെ വാദം കോടതി പരിഗണിച്ചു. സിദ്ധിഖിന്റെ മകനും നടനുമായി ഷഹീനും കോടതിയിൽ എത്തിയിരുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നതെന്ന് സർക്കാരും അതിജീവിതയും കോടതിയെ അറിയിച്ചു. പരാതി നല്‍കാന്‍ കാലതാമസം വന്നതില്‍ അതിജീവിത സത്യവാങ്മൂലം നല്‍കണമെന്നും, സംസ്ഥാന സർക്കാർ എട്ട് വർഷമായി എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യവും കോടതി ഉന്നയിച്ചു. കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെയും സുപ്രീംകോടതി ശാസിച്ചു. ഇവർക്ക് കേസുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി. സിനിമ മേഖലയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും കേസ് പരിഗണിക്കും. അതിനാൽ നടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർബന്ധിതനായേക്കും.
ഹൈക്കോടതി പ്രതിയുടെ ഭാഗം കേൾക്കാതെയാണ് ബലാത്സംഗ കേസിൽ ജാമ്യം നിഷേധിച്ചതെന്ന് നടന്റെ അഭിഭാഷകൻ വാദിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം അന്വേഷണവുമായി സഹകരിക്കും. പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ലെന്നും മലയാള സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമായാണ് പരാതിയെന്നും സിദ്ധിഖ് കോടതിയെ അറിയിച്ചു.
ഹാർവെ വെയ്ൻസ്റ്റീൻ കേസുമായി സിദ്ധിഖിനെതിരായ കേസിനെ അതിജീവിതയുടെ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. നടനെതിരെ യുവതി നൽകിയ പരാതിയിൽ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ കോടതിയില്‍ വാദിച്ചു. കുറ്റകൃത്യം ഗുരുതരമാണ്. പരാതിക്കാരിയുടെ മൊഴികൾ ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. 62-ാം കേസായിട്ടാണ് 13-ാം നമ്പർ കോടതിയിൽ ഹർജി പരിഗണനയ്ക്ക് എത്തിയത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി. സംസ്ഥാനത്തിന് വേണ്ടി മുൻ സോളിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ഓൺലൈനായും ഹാജരായി.
യുവനടിയുടെ പരാതിയിൽ മ്യൂസിയം പൊലീസായിരുന്നു കേസെടുത്തിരുന്നത്. ഇവർക്ക് കേസുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി. യുവനടിയുടെ പരാതിയിൽ ജാമ്യത്തിനായി സിദ്ധിഖ് ഹെെക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ആവശ്യം തള്ളി. ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ പോയ സിദ്ധിഖിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും അതിന് സാധിച്ചില്ല. 2016-ൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചിരുന്നെന്നാണ് പരാതി.